ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിനെ സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ അണ്ണ ഹസാരെ. രണ്ടുദിവസമെടുത്ത് അവ പഠിച്ചശേഷം പ്രത്യേക വാർത്താ സമ്മേളനം വിളിച്ച് വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. കാർഷികപ്രശ്നങ്ങൾ സംബന്ധിച്ച് ഉന്നയിച്ച ആവശ്യങ്ങളിൽ നടപടിയുണ്ടാവാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നും ഹസാരെ പറഞ്ഞു. റഫാൽ ഇടപാട് സംബന്ധിച്ച രേഖകളുടെ ഉറവിടം വെളിപ്പെടുത്താൻ ഹസാരെ തയ്യാറായില്ല. കരാറുണ്ടാക്കുന്നതിന് ഒരുമാസംമുമ്പ് രൂപവത്കരിച്ച കമ്പനിയെ എങ്ങനെ ഇടപാടിൽ പങ്കാളിയാക്കി എന്നത് മനസ്സിലാകുന്നില്ലെന്ന് ഹസാരെ പറഞ്ഞു. ലോക്പാൽ നിയമം നടപ്പാക്കിയിരുന്നെങ്കിൽ റഫാൽ അഴിമതി ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 30 മുതൽ സ്വദേശമായ മഹാരാഷ്ട്രയിലെ റലേഗാവ് സിന്ധിയിലാണ് നിരാഹാര സമരം നടത്തുകയെന്ന് ഹസാരെ പറഞ്ഞു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരും. കർഷകർക്ക് പെൻഷൻ, വിളകളുടെ മിനിമം താങ്ങുവില ഉറപ്പാക്കൽ, കാർഷികവായ്പ എഴുതിത്തള്ളൽ എന്നിവ നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഒന്നും നടപ്പായില്ല. വൻകിട വ്യവസായികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അവരുടെ കോടിക്കണക്കിനു രൂപയുടെ വായ്പകൾ എഴുതിത്തള്ളുന്നു. അതിനാൽ, ഇനിയും വ്യാജ ഉറപ്പുകൾക്കായി കാത്തിരിക്കാനാവില്ല. ജീവനുള്ളിടത്തോളംകാലം നിരാഹാരം നടത്താനാണ് തീരുമാനം -ഹസാരെ പറഞ്ഞു. സമരത്തിന് രാഷ്ട്രീയ കിസാൻ മഹാപഞ്ചായത്ത് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള കർഷകർ സമരത്തിൽ പങ്കാളികളാകുമെന്ന് നേതാക്കൾ പറഞ്ഞു. മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങി 15 സംസ്ഥാനങ്ങളിലെ കർഷകസംഘടനകൾ ഹസാരെയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. Content Highlights:Papers on Rafale deal, Anna Hazare, Lokpal and Lokayuktas Act
from mathrubhumi.latestnews.rssfeed http://bit.ly/2R7vSBz
via
IFTTT
No comments:
Post a Comment