ബെംഗളൂരു: കർണാടകത്തിൽ വിമതപക്ഷത്തായിരുന്ന കോൺഗ്രസ് എം.എൽ.എ. ഭീമ നായിക് തിരിച്ചെത്തിയതും റിസോർട്ടിൽ കഴിയുന്നവരിൽനിന്ന് രാജിപ്രഖ്യാപനമുണ്ടാകാത്തതും ഭരണപക്ഷത്തെ കോൺഗ്രസ്-ജെ.ഡി.എസ്. ക്യാമ്പിൽ ആത്മവിശ്വാസം ഉയർത്തി. സഖ്യസർക്കാരിനെ നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുപാർട്ടികളും. നേരത്തേ രാജിഭീഷണി മുഴക്കിയിരുന്ന വിമത എം.എൽ.എ. കാമ്പള്ളി ഗണേശ് അതിൽനിന്ന് പിന്മാറി. രണ്ട് മൊബൈൽ ഫോണുകളിൽ ഒന്ന് സ്വിച്ച് ഓഫ് ആയതിനാലാണ് കോൺഗ്രസ് നേതാക്കളെ ബന്ധപ്പെടാൻ കഴിയാതിരുന്നുതെന്ന് തിരിച്ചെത്തിയ ഭീമ നായിക് എം.എൽ.എ. പറഞ്ഞു. വിമതപക്ഷത്തുള്ള മറ്റ് എം.എൽ.എ.മാർ രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. മുംബൈയിലെ ഹോട്ടലിൽ കഴിയുന്ന രമേശ് ജാർക്കിഹോളി അടക്കമുള്ള എം.എൽ.എ.മാർക്ക് മന്ത്രിസ്ഥാനം നൽകി അനുനയിപ്പിക്കാനാണ് നീക്കം നടക്കുന്നത്. പാർട്ടിയിലെ വിഭാഗീയത ഒഴിവാക്കുന്നതിനായി സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് നാല് മന്ത്രിമാർ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ബി.ജെ.പി. 'ഓപ്പറേഷൻ താമര'യെന്നപേരിൽ നടപ്പാക്കുന്ന കുതിരക്കച്ചവടം പരാജയപ്പെട്ടതായി കോൺഗ്രസും ദളും കുറ്റപ്പെടുത്തി. സഖ്യസർക്കാരിന് പിന്തുണ പിൻവലിച്ചുവെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്വതന്ത്ര എം.എൽ.എ. എച്ച്. നാഗേഷ്, കർണാടക പ്രജ്ഞാവന്ത ജനതാപക്ഷ എം.എൽ.എ. ആർ. ശങ്കർ എന്നിവരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കം സജീവമാണ്. ഇവർക്കും പദവികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാർട്ടിയുടെ ചുമതലയുള്ള കെ.സി. വേണുഗോപാൽ കോൺഗ്രസ് നേതാക്കളുമായി ചർച്ചനടത്തി. സഖ്യസർക്കാരിന് പ്രതിസന്ധിയില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മാധ്യമങ്ങളും ബി.ജെ.പി.യുമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ സുരക്ഷിതമാണെന്നും കോൺഗ്രസ് എം.എൽ.എ.മാർ രാജിവെക്കില്ലെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും പറഞ്ഞു. വിമതപക്ഷത്തുള്ള രമേശ് ജാർക്കിഹോളി, ബി. നാഗേന്ദ്ര, പ്രതാപ് സിങ് ഗൗഡ, ഉമേഷ് യാദവ് എന്നിവരെ അനുനയിപ്പിക്കാൻ മന്ത്രിമാരായ ഡി.കെ. ശിവകുമാർ, എം.ബി. പാട്ടീൽ എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. ഇതോടൊപ്പം ബി.ജെ.പി. സാമാജികരെ പാട്ടിലാക്കാനുള്ള നീക്കവും ഭരണപക്ഷം നടത്തുന്നുണ്ട്. ബി.എസ്. യെദ്യൂരപ്പ ഹരിയാണയിലെ ഹോട്ടലിൽ കഴിയുന്ന ബി.ജെ.പി. എം.എൽ.എ.മാരുടെ യോഗം വിളിച്ച് തന്ത്രങ്ങൾ ചർച്ചചെയ്തു. അതിനിടെ, രാജ്യത്തെ പ്രമുഖ ലിംഗായത്ത് മഠമായ സിദ്ധഗംഗ മഠാധിപതി ശിവകുമാരസ്വാമിയുടെ ആരോഗ്യനില മോശമായത് ബി.ജെ.പി.യുടെ നീക്കത്തിന് തിരിച്ചടിയായി. യെദ്യൂരപ്പയും മുതിർന്ന നേതാവ് വി. സോമണ്ണയും ബെംഗളൂരുവിലേക്ക് മടങ്ങാൻ തീരുമാനിച്ചതായാണ് വിവരം. content highlights: karnataka congress mla, bjp, operation lotous
from mathrubhumi.latestnews.rssfeed http://bit.ly/2QTBBuj
via
IFTTT
No comments:
Post a Comment