കൃഷ്ണഗിരി (വയനാട്): കേരളവും ഗുജറാത്തും തമ്മിലുള്ള രഞ്ജി ട്രോഫി ക്വാർട്ടറിന്റെ രണ്ടാം ദിനം ആരാധകരുടെ ഹൃദയം കീഴടക്കി സഞ്ജു വി സാംസൺ. വിരലിനേറ്റ പരിക്ക് വകവെയ്ക്കാതെ ഗ്രൗണ്ടിലിറങ്ങിയാണ് സഞ്ജു ആരാധകരുടെ കൈയടി നേടിയത്. കേരളത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റും പോയതോടെ സഞ്ജു ക്രീസിലെത്തുകയായിരുന്നു. ഒമ്പതാമനായി സന്ദീപ് വാര്യർ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സ് അവസാനിച്ചുവെന്ന് കരുതിയതാണ്. രണ്ടാം ഇന്നിങ്സിൽ സഞ്ജു കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ക്രീസിലുള്ള ജലജ് സക്സേനയ്ക്ക് കൂട്ടായി സഞ്ജു കളിക്കാനിറങ്ങുകയായിരുന്നു. സഞ്ജുവിന്റെ ധീരമായ ഈ തീരുമാനത്തെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് കാണികൾ സ്വീകരിച്ചത്. സഞ്ജുവിനെ കൂട്ടുപിടിച്ച് ജലജ് എട്ടു റൺസ് കൂടി സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. എട്ടു പന്ത് ഇടങ്കൈ കൊണ്ട് ബാറ്റുവീശി ബ്ലോക്ക് ചെയ്ത സഞ്ജുവിനെ ഒമ്പതാം പന്തിൽ അക്സർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുരുക്കി. ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ വലതു കൈവിരലിന് പരിക്കേറ്റത്. 17 റൺസെടുത്ത് നിൽക്കെ ചിന്തൻ ഗജയുടെ പന്ത് സഞ്ജുവിന്റെ വലതു കൈയിലെ വിരലിൽ കൊള്ളുകയായിരുന്നു. വേദന സഹിക്കാനാകാതെ താരം അപ്പോൾ തന്നെ ക്രീസ് വിട്ടു. തുടർന്ന് പരിശോധനയ്ക്ക് ശേഷം നാലാഴ്ച്ചത്തെ വിശ്രമമാണ് സഞ്ജുവിന് ഡോക്ടർമാർ നിർദേശിച്ചത്. Content Highlights:RanjiTrophy SanjuSamson
from mathrubhumi.latestnews.rssfeed http://bit.ly/2RTgQUm
via
IFTTT
No comments:
Post a Comment