തിരുവനന്തപുരം/ന്യൂഡൽഹി: ശബരിമല യുവതീപ്രവേശ വിഷയത്തിൽ സംസ്ഥാനത്ത് വ്യാപക അക്രമം നടക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി. ഗവർണർ ഇതുസംബന്ധിച്ച് ശനിയാഴ്ച തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ ഫോണിൽ വിവരം ധരിപ്പിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ക്രമസമാധാനനില സംബന്ധിച്ച് ഗവർണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സർക്കാർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും ഗവർണർ കേന്ദ്രത്തിന് രേഖാമൂലം വിശദമായ മറുപടി നൽകുക. കേരളത്തിൽ വിവിധഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങളിൽ ആശങ്കയുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ശനിയാഴ്ച പറഞ്ഞു. എത്രയുംവേഗം സമാധാനം പുനഃസ്ഥാപിക്കപ്പെടണം. അതേസമയം, അക്രമത്തെ അപലപിക്കാൻ അദ്ദേഹം തയ്യാറായില്ല. ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വസതിയിൽനടന്ന വിരുന്നിനിടെ വാർത്താലേഖകരോട് സംസാരിക്കവേയാണ് രാജ്നാഥ് സിങ്, കേന്ദ്രം റിപ്പോർട്ട് തേടിയകാര്യം അറിയിച്ചത്. വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി തയ്യാറായില്ല. സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തെക്കുറിച്ച് കേന്ദ്രത്തിനുമുന്നിൽ അത്തരമൊരു ആവശ്യമുള്ളതായി അറിയില്ലെന്ന്്് അദ്ദേഹം പറഞ്ഞു. യുവതീപ്രവേശത്തെത്തുടർന്ന് നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാരിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. ദേശീയ വക്താവ് ശനിയാഴ്ച വാർത്താസമ്മേളനം നടത്തി. ഇതിനുപിന്നാലെയാണ് കേന്ദ്രം റിപ്പോർട്ട് തേടിയകാര്യം രാജ്നാഥ് സിങ് വെളിപ്പെടുത്തിയത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഗവർണർ, മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരുന്നു. സർക്കാർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും ഗവർണർ കേന്ദ്രത്തിന് മറുപടി നൽകുക. ചെന്നൈയിലേക്കുപോയ ഗവർണർ ജസ്റ്റിസ് പി. സദാശിവം ഞായറാഴ്ച തിരികെയെത്തും. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് കൈമാറുമെന്നാണ് സൂചന. പൊതു-സ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടത്തിന്റെ വിവരങ്ങൾ അടക്കമുള്ള റിപ്പോർട്ടാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനും റവന്യൂവകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് പോലീസ് തയ്യാറാക്കിയെങ്കിലും സമഗ്രമായിരുന്നില്ല. കെ.എസ്.ആർ.ടി.സി.ക്കുണ്ടായ നാശനഷ്ടംപോലും ഇതിലുണ്ടായില്ല. തുടർന്നാണ് വിശദറിപ്പോർട്ട് തയ്യാറാക്കാൻ നിർദേശിച്ചത്. കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് ബി.ജെ.പി.യും സംഘപരിവാറും നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ നൽകാനാണ് സർക്കാർ പോലീസിനു നിർദേശം നൽകിയിട്ടുള്ളത്. ഇത്തരത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് തേടലും ക്രമസമാധാന വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പും ഉപദേശനിർദേശങ്ങൾ നൽകലും സാധാരണയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. content highlights:central government seeks report on law and order in kerala
from mathrubhumi.latestnews.rssfeed http://bit.ly/2VwTYJf
via
IFTTT
No comments:
Post a Comment