തിരുവനന്തപുരം:'ദയവുചെയ്ത് നിങ്ങൾ ക്യാമറയിൽ പകർത്തുന്ന എന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയിൽ ഒരിക്കലും പോസ്റ്റ് ചെയ്യരുത്' -സ്വതന്ത്ര സോഫ്റ്റ്വേർ ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. റിച്ചാർഡ് എം. സ്റ്റാൾമാൻ ടെക്നോപാർക്കിൽ പ്രഭാഷണം തുടങ്ങിയത് ഈ മുന്നറിയിപ്പോടെയാണ്. 'സ്വതന്ത്ര സോഫ്റ്റ്വേർ അപകടങ്ങളും ചുമതലകളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടെക്നോപാർക്കിലെ ഐ.ടി. ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെയും സ്പേസിന്റെയും ഫ്രീ സോഫ്റ്റ്വേർ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സർക്കാരിനുകീഴിലുള്ള സ്വതന്ത്ര സോഫ്റ്റ്വേർ സ്ഥാപനമായ ഐസിഫോസിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. സ്മാർട്ട് ഫോണിലാണ് തന്റെയൊപ്പമുള്ള ചിത്രങ്ങളെടുക്കുന്നതെങ്കിൽ അതിൽ ജിയോ ലൊക്കേഷൻ സംവിധാനം ഓഫ് ചെയ്യണമെന്നും സ്റ്റാൾമാൻ അഭ്യർഥിച്ചു. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവ ലോകത്തെ ഏറ്റവും ശക്തമായ കേന്ദ്രീകൃത നിരീക്ഷണസംവിധാനത്തിന്റെ ഭാഗങ്ങളാണ്. തലയുടെ പിൻഭാഗം പതിഞ്ഞ ചിത്രം ഉപയോഗിച്ചുപോലും ഒരാളെ തിരിച്ചറിയാൻ ഇതിനുകഴിയും. അതുകൊണ്ട് ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ രണ്ടുവട്ടം ആലോചിക്കണം. നിങ്ങളെവിടെയൊക്കെ പോകുന്നു, എന്തൊക്കെ ചെയ്യുന്നു എന്നെല്ലാം ട്രാക്ക് ചെയ്യപ്പെടും. ഉപയോക്താവിന്റെ ഡേറ്റ ഉപയോഗിച്ച് ചാരപ്രവൃത്തി നടത്തുന്ന ഉബർ, നെറ്റ്ഫ്ളിക്സ്, സ്പോട്ടിഫൈ പോലെയുള്ള ഒരു ആപ്ലിക്കേഷനും താൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. മറ്റെവിടുന്നെങ്കിലും വാങ്ങിയ ഒരു ഇ-ബുക്ക് ആമസോണിന്റെ ഇ-റീഡറായ കിൻഡിൽ ഉപയോഗിച്ച് വായിച്ചാൽപ്പോലും അതിന്റെ തലക്കെട്ടും വായിച്ചുതീർന്ന പേജ് നമ്പരും ഹൈലൈറ്റ് ചെയ്ത ഭാഗവും ആമസോൺ സെർവറുകളിൽ എത്തുന്നുണ്ട്. ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ റിച്ചാർഡ് സ്റ്റാൾമാൻ പ്രഭാഷണം നടത്തുന്നു സഞ്ചരിക്കുന്ന വ്യക്തിയെ പിന്തുടരാൻ സാങ്കേതികവിദ്യയോളം പോന്ന മറ്റൊരു മാർഗമില്ല. സർക്കാരിനെതിരേ നിലപാടുള്ള നിങ്ങൾ ഭാവിയിൽ ഒരു ഡ്രൈവർരഹിത കാറിൽക്കയറി വിമാനത്താവളത്തിലേക്കുപോകാൻ ആവശ്യപ്പെടുമ്പോൾ, അത് നിങ്ങളെ കൊണ്ടുപോകുന്നത് പോലീസിന്റെ രഹസ്യ താവളത്തിലേക്ക് ആണെങ്കിൽ എന്തുചെയ്യും? ചൈന പോലെയുള്ള രാജ്യങ്ങൾ നാളെ നടപ്പാക്കുന്നത് ഇത്തരം വിദ്യകളായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ പരിശോധനാ സംവിധാനമായ, അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി ഏജൻസിക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ അറിയാൻ സൗകര്യം നൽകിയ മൈക്രോസോഫ്റ്റിന്റെ നടപടിയെ അദ്ദേഹം വിമർശിച്ചു. ഒരു രാജ്യത്തിന്റെ സൈന്യം, വൈദ്യുതി, തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ വിൻഡോസ് ഉപയോഗിക്കുന്നത് അപകടകരമാണ്. അങ്ങനെ ഉപയോഗിക്കുന്ന രാജ്യങ്ങളെ ഏതുസമയത്തും മൈക്രോസോഫ്റ്റിനോ അമേരിക്കൻ ഭരണകൂടത്തിനോ ആക്രമിക്കാൻ കഴിയും. കേരളത്തിൽ ഇപ്പോൾ സ്കൂളുകളിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്വേർ ഉപയോഗിക്കുന്നു. അത് നല്ലതാണ്. അതോടൊപ്പം തേർഡ് പാർട്ടി സേവനത്തിനുപകരം പൊതു ഉടമസ്ഥതയിൽ സർക്കാർ ഡേറ്റാ സെന്ററുകൾ കൈകാര്യം ചെയ്യണം. ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള 1000 സൗജന്യ ആപ്ലിക്കേഷനുകളിൽ 90 ശതമാനവും ചാരപ്പണി നടത്തുന്നവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. Content Highlights:think twise while posting an image on social media says richard stallman
from mathrubhumi.latestnews.rssfeed http://bit.ly/2sxyVJ6
via
IFTTT
No comments:
Post a Comment