ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അബ്ദുൾ റാഷിദ് ഗാസി പുൽവാമയിലെ വനമേഖലയിലുണ്ടെന്ന് റിപ്പോർട്ട്. അബ്ദുൾ റാഷിദ് ഗാസിയെ പിന്തുടരുന്ന അന്വേഷണസംഘത്തിനാണ് ഇയാൾ ഒളിച്ചു താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചത്. ഇതോടെ ജയ്ഷെ മുഹമ്മദ് ഭീകരവാദിയായ ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അബ്ദുൾ റാഷിദ് ഗാസിയ്ക്ക് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ നേരിട്ട് നിർദേശങ്ങൾ നൽകിയിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കശ്മീരിലെ വിവിധപ്രദേശങ്ങളിൽനിന്ന് ആളുകളെ സ്വാധീനിച്ച ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്താൻ നേരത്തെ പദ്ധതിയിട്ടിരുന്നു. ഇതുസംബന്ധിച്ച് ഒരു മാസം മുൻപ് ഇന്റലിജിൻസിന് വിവരം ലഭിക്കുകയും ചെയ്തു. ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഭീകരവാദികൾ സൈന്യത്തിന് നേരെയാകും ആക്രമണം നടത്തുകയെന്നും വിവരമുണ്ടായിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ കൃത്യമായി വിലയിരുത്തുന്നതിൽ ഉദ്യോഗസ്ഥരും ഇന്റലിജൻസും പരാജയപ്പെട്ടുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ, പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തു. ചാവേറാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ പുൽവാമ, അവന്തിപ്പോറ എന്നിവിടങ്ങളിൽനിന്നാണ് പോലീസ് പിടികൂടിയത്. പുൽവാമ ഭീകരാക്രമണത്തിനുവേണ്ട സ്ഫോടകവസ്തുക്കൾ സംഘടിപ്പിച്ച് നൽകിയെന്ന് കരുതുന്ന പ്രദേശവാസിക്ക് വേണ്ടിയും പോലീസ് അന്വേഷണം തുടരുകയാണ്. Content Highlights:pulwama attack; abdul rashid ghazi traced by investigation team
from mathrubhumi.latestnews.rssfeed http://bit.ly/2BCl9tS
via
IFTTT
No comments:
Post a Comment