ഭീകരാക്രമണത്തിനു പിന്നില്‍ ഐ.എസ്.ഐ? - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

ഭീകരാക്രമണത്തിനു പിന്നില്‍ ഐ.എസ്.ഐ?

വാഷിങ്ടൺ/കാബൂൾ: ജമ്മുകശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനുപിന്നിൽ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ പങ്ക് സംശയിച്ച് അമേരിക്കൻ വിദഗ്ധർ. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം.) ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഐ.എസ്.ഐ.യുടെ അറിവോടെയാകും ഭീകരാക്രമണമെന്ന വിലയിരുത്തലിൽ വിദഗ്ധരെത്തിയത്. ഐ.എസ്.ഐ.യുടെ ആശീർവാദത്തോടെ രൂപംകൊണ്ട സംഘടനയാണ് പാകിസ്താൻ ആസ്ഥാനമായിപ്രവർത്തിക്കുന്ന ജെ.ഇ.എം. ജമ്മുകശ്മീരിൽ ലഷ്‌കറെ തൊയ്ബയുടെ കാലിടറിയതോടെ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജെ.ഇ.എമ്മിനെയാണ് ഭീകരാക്രമണങ്ങൾക്ക് ഐ.എസ്.ഐ. ആശ്രയിക്കുന്നതെന്നാണ് രഹസ്യാന്വേഷണകേന്ദ്രങ്ങൾ പറയുന്നത്. അതിനാൽത്തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്വം അവർ സ്വയം ഏറ്റത് ഐ.എസ്.ഐ.ക്കുനേരെയാണ് വിരൽചൂണ്ടുന്നത്. പാകിസ്താൻ പ്രധാനമന്ത്രിപദത്തിൽ ആറുമാസം തികച്ച ഇമ്രാൻഖാൻ നേരിടുന്ന ഗൗരവമേറിയ ആദ്യ വെല്ലുവിളിയാണ് പുൽവാമയിലെ ആക്രമണം. ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടും സേനയെ ഉപയോഗിച്ച് ശക്തമായി തിരിച്ചടിച്ചിട്ടും പാകിസ്താൻകേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരർ കശ്മീരിൽ ഇപ്പോഴും സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് പുൽവാമയിലെ നരഹത്യയെന്ന് യു.എസ്. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ദേശീയ സുരക്ഷാസമിതിയംഗമായിരുന്ന അനീഷ് ഗോയൽ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തിടുക്കത്തിലേറ്റതോടെ കശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് തുടരുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ജെ.ഇ.എം. നൽകുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ആളിക്കത്തിക്കാനും ഇതിടയാക്കും. കശ്മീരിൽ ഇപ്പോഴും സജീവമായിരിക്കുന്ന ഭീകരസംഘടനകൾക്കെതിരേ ശക്തമായ നടപടിയെടുക്കാൻ അത് ഇന്ത്യയ്ക്കുമേൽ സമ്മർദമേറ്റുമെന്നും അദ്ദേഹം പറയുന്നു. പാക് മണ്ണിൽ കാലൂന്നിപ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരേ ശക്തമായ നടപടിയെടുക്കാൻ പാകിസ്താനെ പ്രേരിപ്പിക്കുന്നതിൽ അമേരിക്കയ്ക്കോ അന്താരാഷ്ട്ര സമൂഹത്തിനോ കാര്യമായി ഒന്നുംചെയ്യാൻ കഴിഞ്ഞിട്ടില്ല. ജെ.ഇ.എമ്മിന്റെ തലവൻ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ആണ്ടുകളുടെ പഴക്കമുണ്ട്.ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയോടുള്ള ഇന്ത്യയുടെ ആവശ്യത്തെ അതിലെ സ്ഥിരാംഗമായ ചൈന ശക്തമായി എതിർക്കുകയാണ്. ആ എതിർപ്പ് തുടരുമെന്നാണ് പുൽവാമ സംഭവത്തിനുശേഷവും ചൈന വ്യക്തമാക്കിയിരിക്കുന്നത്. ഇത് യു.എസ്. ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പരാജയമാണ്. ഈ ഭീകരസംഘടനകൾക്കെതിരേ പാകിസ്താൻ നടപടിയെടുക്കാത്ത സാഹചര്യത്തിൽ അന്താരാഷ്ട്രസമൂഹത്തിന് എന്തുചെയ്യാൻ കഴിയുമെന്നതാണ് ഇനിയുള്ള ചോദ്യമെന്ന് യു.എസിലെ കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസിലെ അലിസ അയേഴ്‌സ് പറയുന്നു. പാകിസ്താനെതിരേ ഉടനടി ഗൗരവപ്പെട്ട നടപടിയെടുക്കുന്നതിന് തടസ്സമായി നിൽക്കുന്നത് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനമാണ്. വെള്ളിയാഴ്ച പാകിസ്താനിലെത്തുന്ന അദ്ദേഹം അടുത്തദിവസങ്ങളിൽ ഇന്ത്യയിലുമെത്തുന്നുണ്ട്. പുൽവാമയുടെ നിഴൽമൂടിയതാവും ഈ സന്ദർശനമെന്ന് യു.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിലെ മൊയീസ് യൂസുഫ് വിലയിരുത്തുന്നു. ഇരുരാജ്യങ്ങളുടെയും സുഹൃത്താണ് സൗദി അറേബ്യ. ഈ വിലയിരുത്തലുകൾക്കിടെയാണ് പുൽവാമയിലെ ആക്രമണത്തിനുപിന്നിൽ പാകിസ്താൻതന്നെ എന്ന വാദവുമായി അഫ്ഗാനിസ്താനെത്തിയത്. അഫ്ഗാനിസ്താനിൽ ചെയ്യുന്ന അതേപോലെ പാകിസ്താൻ പുൽവാമയിലും ചെയ്തുവെന്നാണ് അവിടത്തെ ആഭ്യന്തരമന്ത്രിയുടെ ചുമതലവഹിക്കുന്ന അമ്രുള്ള സലേയുടെ വാക്കുകൾ. കശ്മീരിലെ വിഘടനവാദികളുമായി പാകിസ്താൻസർക്കാർതന്നെ നേരിട്ട് ഇടപെടാൻ ശ്രമിച്ചതിനുപിന്നാലെയാണ് ഈ ആക്രമണം. പാകിസ്താൻ വിദേശകാര്യമന്ത്രി വിഘടനവാദിനേതാക്കളുമായി ഫോണിൽ സംസാരിച്ചതിന് ഇന്ത്യ താക്കീത്‌ ചെയ്തിരുന്നു. പാകിസ്താനിലെ വിഘടനവാദി സഖ്യമായ ജോയന്റ് റെസിസ്റ്റൻസ് ലീഗിന് ഐ.എസ്.ഐ. പണം കൊടുക്കുന്നുവെന്ന വാർത്തകളും അടുത്തിടെയാണ് പുറത്തുവന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2tpdD0U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages