ന്യൂഡൽഹി: രാത്രിയിൽ വീട്ടിലെത്തിയ ഭീകരരെ ധീരതയോടെ നേരിട്ട ജമ്മുകശ്മീർ ബാലന് ശൗര്യചക്ര സമ്മാനിച്ച് രാജ്യത്തിന്റെ ആദരം. സൈന്യത്തിനും അർധസൈനിക വിഭാഗങ്ങൾക്കും നൽകുന്ന ശൗര്യചക്ര, ഷോപ്പിയാൻ സ്വദേശി ഇർഫാൻ റംസാൻ ഷെയ്ക്ക് എന്ന പതിനാറുകാരൻ ഏറ്റുവാങ്ങിയപ്പോൾ അത് അത്യപൂർവ കാഴ്ചയായി. ചൊവ്വാഴ്ച രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രണ്ടു കീർത്തിചക്ര, 15 ശൗര്യചക്ര, 13 പരമവിശിഷ്ടസേവാ മെഡൽ, രണ്ട് ഉത്തംയുദ്ധ് സേവാ മെഡൽ, 26 അതിവിശിഷ്ടസേവാ മെഡൽ എന്നിവ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. ഇത്തവണ കീർത്തിചക്ര, രണ്ടു ശൗര്യചക്ര എന്നിവ മരണാനന്തര ബഹുമതിയാണ്. സാധാരണക്കാർക്ക് അപൂർവമായാണ് ശൗര്യചക്ര നൽകാറ്. 2017 ഒക്ടോബർ 16-ന് രാത്രി വീട്ടിൽ അതിക്രമിച്ചുകടന്ന ഭീകരരെ എതിരിടാൻ കാട്ടിയ അസാമാന്യ ധീരതയ്ക്കാണ് ഇർഫാന് അംഗീകാരം. ശബ്ദംകേട്ട് വാതിൽ തുറന്ന ഇർഫാൻ കണ്ടത്, ആയുധധാരികളായ മൂന്നു ഭീകരരെ. ഇർഫാന്റെ പിതാവും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി(പി.ഡി.പി.)യുടെ കീഴിൽ ഗ്രാമമുഖ്യനുമായ മുഹമ്മദ് റംസാനെ തേടിയാണ് അവരെത്തിയത്. ഇതിനിടെ പുറത്തേക്കുവന്ന പിതാവിനെ ഭീകരർ മർദിച്ചു. വീട്ടുകാരുടെ ജീവൻ അപകടത്തിലാവുമെന്ന് തിരിച്ചറിഞ്ഞ ഇർഫാൻ അവരെ കടന്നാക്രമിച്ചു. പ്രകോപിതരായി ഭീകരർ നടത്തിയ വെടിവെപ്പിൽ പിതാവിന് ഗുരുതരമായി പരിക്കേറ്റു. എന്നിട്ടും ധൈര്യം കൈവിടാതെ ഇർഫാൻ പോരാട്ടം തുടർന്നു. ഇതിനിടെ, ഭീകരരിൽ ഒരാൾക്ക് വെടിയേറ്റു. ഇതുകണ്ട് മറ്റു രണ്ടുപേർ അയാളെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇർഫാന്റെ പിതാവ് പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു. ചെറുപ്രായത്തിൽതന്നെ അസാമാന്യധീരതയും പക്വതയുമാണ് ഇർഫാൻ റംസാൻ ഷെയ്ക്ക് പ്രകടിപ്പിച്ചതെന്ന് മെഡലിനൊപ്പമുള്ള ഫലകത്തിൽ പറയുന്നു. ഐ.പി.എസ്. ഓഫീസറാകണമെന്നാണ് ഇപ്പോൾ പത്താംക്ലാസുകാരനായ ഇർഫാന്റെ ആഗ്രഹം. Content Highlights:Shaurya Chakra, rfan Ramzan Sheikh, Jammu & Kashmir
from mathrubhumi.latestnews.rssfeed https://ift.tt/2TQ3aeD
via
IFTTT
No comments:
Post a Comment