കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിലെ പ്രതിയെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് ഇല്യാസ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് വെള്ളയിൽ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മീൻ പിടിക്കാൻ കടലിൽ പോയ ഇല്യാസിനെ രാത്രി പത്തുമണിക്കുശേഷം കാണാതായി. ബന്ധുക്കൾ വെള്ളയിൽ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാറാട് കേസിൽ 33-ാം പ്രതിയാണ്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മാറാട് പ്രവേശിക്കുന്നതിൽ കോടതി വിലക്കേർപ്പെടുത്തിയതിനാൽ പണിക്കർ റോഡിലാണ് താമസിച്ചിരുന്നത്. പാറക്കല്ല് ഉടുമുണ്ടിൽ കെട്ടി കഴുത്തിൽ കുരുക്കിയിട്ട നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ കല്ലുകുരുക്കി കടലിൽ ചാടിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് വെള്ളയിൽ എസ്.ഐ. അലോഷ്യസ് അലക്സാണ്ടർ പറഞ്ഞു. 23 കിലോഗ്രാം ഭാരമുള്ള കല്ലാണ് കെട്ടിയിരുന്നത്. മാറാട് കേസിൽ സി.ബി.ഐ. അന്വേഷണം തുടങ്ങിയതു മുതൽ ഇല്യാസ് വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാനാകൂ എന്നും ഇവർ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽകോളേജ് മോർച്ചറിയിൽ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തു. കിണറ്റിങ്ങലകത്ത് മുഹമ്മദ് കോയയുടെ മകനാണ്. ഭാര്യ: സെറീന. മക്കൾ: ഷാക്കിർ, ഷാമിൽ, റിസ. content highlights:marad case, ilyas
from mathrubhumi.latestnews.rssfeed https://ift.tt/2W2DibS
via
IFTTT
No comments:
Post a Comment