തിരുവനന്തപുരം: കർഷകരുടെ എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചതടക്കമുള്ള കാർഷിക പാക്കേജ് നടപ്പാക്കാൻ ഉത്തരവിറക്കാത്തതിന് ചീഫ് സെക്രട്ടറി ടോം ജോസിന് മന്ത്രിസഭയുടെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുംമുൻപ് ഉത്തരവിറക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ എഴുതിനൽകിയിട്ടും അത് പാലിക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ കടുത്തഭാഷയിൽ വിമർശിച്ചു. ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ വിശദീകരണം അപ്പാടെ തള്ളിയ മന്ത്രിസഭായോഗം മൊറട്ടോറിയം അടക്കമുള്ള കർഷക പാക്കേജ് നടപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചു. 'മാതൃഭൂമി' വാർത്തയെത്തുടർന്ന് ചീഫ് സെക്രട്ടറിക്കെതിരേ പരസ്യ നിലപാടെടുത്ത കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ് ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവന്നത്. ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരേ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. കാർഷിക കടാശ്വാസത്തിന്റെ പരിധി ഉയർത്തുന്നതടക്കം കൃഷിവകുപ്പ് ഇറക്കിയ നിർദേശങ്ങൾ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും തുടർനടപടി വേണ്ടെന്നും ചീഫ് സെക്രട്ടറിയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇത് തള്ളിയ റവന്യൂമന്ത്രി കമ്മിഷന്റെ അനുമതിയോടെ തുടർനടപടി വേഗത്തിലാക്കാൻ ഫയലിൽ കുറിച്ചു. ഈ നിർദേശത്തിൽ നടപടി സ്വീകരിക്കാതിരുന്നതെന്തെന്ന് മുഖ്യമന്ത്രി ചോദിച്ചു. കാർഷികവായ്പകൾക്ക് ഒക്ടോബർ വരെ മൊറട്ടോറിയം നിലവിലുണ്ടെന്നും അതിനാൽത്തന്നെ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. ഇതേ വിശദീകരണമാണ് കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് നൽകിയിരുന്നതും. എന്നാൽ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനാകില്ലെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുടെ മറുപടി തള്ളി. ഇതോടെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ചീഫ് സെക്രട്ടറിക്കെതിരേ രംഗത്തെത്തി. സൂര്യനെ പാഴ്മുറംകൊണ്ട് മറയ്ക്കുന്നതുപോലെയായിപ്പോയി ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ഇറക്കിയ വിശദീകരണക്കുറിപ്പെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. ഇടുക്കി, വയനാട് ജില്ലകളിലെ കർഷക ആത്മഹത്യയുടെ പശ്ചാത്തലത്തിൽ, കർഷകർ എടുത്ത എല്ലാവായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കുന്നതടക്കം പ്രത്യേക പാക്കേജ് നടപ്പാക്കാനായിരുന്നു സർക്കാർ തീരുമാനം. പൊതുമേഖലാ, വാണിജ്യ ബാങ്കുകളിൽനിന്നുള്ള വായ്പകൾക്കും മോറട്ടോറിയം ബാധകമാക്കി. ഇതിന്റെയൊന്നും പ്രയോജനം കൃഷിക്കാർക്കുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈയടി നേടാമായിരുന്ന തീരുമാനം വൈകിപ്പിച്ച് പ്രതിപക്ഷത്തിന് ആയുധം നൽകിയെന്ന് ചില മന്ത്രിമാരും അഭിപ്രായപ്പെട്ടു. മാർച്ച് അഞ്ചിലെ മന്ത്രിസഭാ യോഗം എന്തിനായിരുന്നു? (ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി) * മാർച്ച് ആറിനു ചേരേണ്ടിയിരുന്ന മന്ത്രിസഭാ യോഗം എന്തിനാണ് ഒരു ദിവസം നേരത്തേ ചേർന്നതെന്ന് ചീഫ് സെക്രട്ടറിക്ക് അറിയാമോ? തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനുമുമ്പ് കർഷക പാക്കേജ് തീരുമാനിച്ച് ഉത്തരവിറക്കാനായിരുന്നു അത്. * സർക്കാർ കാണിച്ച ആത്മാർഥതയും തിടുക്കവും ഉത്തരവിറക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടിയില്ല. മന്ത്രിസഭായോഗം തീരുമാനിക്കുന്ന കാര്യങ്ങൾ എത്ര സമയത്തിനകം ഉത്തരവായി ഇറക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് വല്ല നിശ്ചയവുമുണ്ടോ? കേരളത്തിൽ ഒട്ടേറെ കർഷകർ ആത്മഹത്യചെയ്ത സംഭവത്തിൽ സർക്കാർ എടുത്ത തീരുമാനത്തിലും അതു നടപ്പാക്കണമെന്ന മന്ത്രിയുടെ നിർദേശത്തിലും എന്തിനാണ് കാലതാമസം വരുത്തിയത്? Content Highlights:moratorium controversy; chief minister and ministers criticizes chief secretary
from mathrubhumi.latestnews.rssfeed https://ift.tt/2UMRAx2
via
IFTTT
No comments:
Post a Comment