വാഴക്കനെ സൂക്ഷിക്കണമെന്ന് സ്വരാജ്, സ്വരാജിനെ സൂക്ഷിക്കണമെന്ന് പറയില്ലെന്ന് വാഴക്കന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

വാഴക്കനെ സൂക്ഷിക്കണമെന്ന് സ്വരാജ്, സ്വരാജിനെ സൂക്ഷിക്കണമെന്ന് പറയില്ലെന്ന് വാഴക്കന്‍

കൊച്ചി: ഫെയ്സ്ബുക്കിൽ കൊമ്പുകോർത്ത് എം സ്വരാജ് എം എൽ എയും കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കനും. ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക എന്ന തലക്കെട്ടിലായിരുന്നു സ്വരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. കോൺഗ്രസ് നേതാവാണെങ്കിലും കാണുന്നവരെയെല്ലാം പിടിച്ച് ബി ജെ പിയിൽ ചേർക്കുന്ന ജോലിയിലാണ് ജോസഫ് വാഴയ്ക്കൻ ഏർപ്പെട്ടിരിക്കുന്നതെന്നായിരുന്നു സ്വരാജിന്റെ വിമർശനം. എന്നാൽ, സ്വരാജിനെ സൂക്ഷിക്കണം എന്ന് ഞാൻ പറയില്ല എന്ന തലക്കെട്ടിലായിരുന്നു വാഴയ്ക്കന്റെ മറുപടി. ഈ പാർലമെന്റ് തിരഞ്ഞെടുപ്പോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് തുടച്ചു നീക്കപ്പെടുന്ന സിപിഎം എന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി സംസാരിക്കാൻ കഴിയുന്ന അവസാന തലമുറയിലെ അംഗത്തിന് അനാവശ്യ ശ്രദ്ധ കൊടുക്കണം എന്ന് തോന്നുന്നില്ലെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ വാഴയ്ക്കൻ തിരിച്ചടിക്കുകയും ചെയ്തു. എം സ്വരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം ശ്രീ.ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക. എം.സ്വരാജ്. കോൺഗ്രസ് നേതാവ് ശ്രീ.ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കണം. കോൺഗ്രസ് നേതാവാണെങ്കിലും കാണുന്നവരെയെല്ലാം പിടിച്ച് ബി ജെ പിയിൽ ചേർക്കുന്ന ജോലിയിലാണ് അദ്ദേഹം ഇപ്പോഴേർപ്പെട്ടിട്ടുള്ളത്.! ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം എന്നെ ബി ജെ പിയിൽ ചേർത്തു കളഞ്ഞു...! രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ തോൽക്കുമെന്ന് ഞാനൊരു ചാനൽ ചർച്ചയിൽ പറഞ്ഞതാണ് ശ്രീ.ജോസഫ് വാഴയ്ക്കനെ ചൊടിപ്പിച്ചത്. LDF നെതിരെ മത്സരിച്ചാലും ശ്രീ.രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചോളാമെന്ന് ഞാൻ പറയാത്തതിൽ അദ്ദേഹത്തിന് വിഷമം! ഒരു കാര്യം തീർത്തു പറയട്ടെ , ബിജെപി പ്രസക്തമല്ലാത്ത കേരളത്തിൽ LDF നെതിരെ മത്സരിക്കാൻ കോൺഗ്രസ് പ്രസിഡന്റ് വരുന്നുണ്ടെങ്കിൽ തോൽപിക്കുമെന്നത് ഒരു LDF പ്രവർത്തകന്റെ അഭിപ്രായമാണ്. അതിന് നിങ്ങളെന്നെ BJP അല്ല, അൽ - ഖ്വയ്ദ ആക്കിയാലും വിരോധമില്ല . സ്വന്തം സഹപ്രവർത്തകരിൽ എത്ര പേർ ബി ജെ പിയിൽ ചേർന്നെന്ന് അറിയാൻ ഒരോ ദിവസവും രാവിലെ പത്രം നോക്കേണ്ടി വരുന്ന നേതാവാണ് ശ്രീ.ജോസഫ് വാഴയ്ക്കൻ. അദ്ദേഹത്തിന് ഇക്കാര്യത്തിൽ കൂടുതൽ മറുപടി പറയുന്നില്ല . പിന്നെ, രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഒരാൾ അഭിപ്രായപ്പെട്ടാൽ അതെങ്ങനെയാണ് മഹാപാതകമാവുന്നത്?പ്രിയ വാഴയ്ക്കൻ, ജനാധിപത്യത്തിൽ ജയം മാത്രമല്ലല്ലോ തോൽവിയുമില്ലേ?. ജനാധിപത്യത്തിൽ തോൽവിയെന്നത് അത്ര മോശം കാര്യമാണോ ? താങ്കളെന്തിനാണ് കോപാകുലനാവുന്നത്? ആര് ജയിക്കണമെന്ന് ജനങ്ങളല്ലേ തീരുമാനിക്കുന്നത്. ഏത് കൊലകൊമ്പൻ നേതാവിനെയും തോൽപിക്കാനുള്ള ശക്തി ജനങ്ങൾക്കുണ്ടെന്ന് നമ്മളെല്ലാം മനസിലാക്കേണ്ടതാണ്. തോൽവിയെന്ന് കേൾക്കുമ്പോഴെ നിലതെറ്റിപ്പോകരുത് . രാഹുൽ ഗാന്ധി തോൽക്കില്ലെന്ന് അങ്ങ് വാശി പിടിക്കുമ്പോൾ സാക്ഷാൽ ഇന്ദിരാഗാന്ധിയെ വരെ തോൽപിച്ച ചരിത്രം ജനങ്ങൾക്കുണ്ടെന്ന് മറക്കരുത്. ജനാധിപത്യത്തിൽ ഏതെങ്കിലും വ്യക്തിയോ കുടുംബമോ അല്ല പരമാധികാരികളെന്ന് ജനങ്ങൾ പലവട്ടം തെളിയിച്ചിട്ടുള്ളതാണ് . നേമത്ത് ബി ജെ പി യ്ക്ക് ഒരു എം എൽ എ ഉണ്ടെന്ന് ചുളുവിൽ പറഞ്ഞു പോകുമ്പോൾ അവിടെ ബി ജെ പി ജയിച്ചതെങ്ങനെയെന്ന് ശ്രീ.ജോസഫ് വാഴയ്ക്കൻ ദയവായി മറന്നു പോവരുത്. മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ നേമത്തെ വോട്ടിന്റെ കണക്ക് താഴെ കൊടുക്കുന്നു. എങ്ങനെയാണ് കേരളത്തിൽ ബിജെപി ജയിച്ചതെന്ന് കണക്കുകൾ സ്വയം വിശദീകരിച്ചു കൊള്ളും. കേരളത്തിൽ ബിജെപിയ്ക്ക് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ജയിക്കണമെങ്കിൽ കോൺഗ്രസ് മനസുവെക്കണം. കോൺഗ്രസിന്റെ കുളത്തിലേ ബി ജെ പിയുടെ താമരയിവിടെ വളരൂ. ബി ജെ പി ജയിക്കാത്ത കേരളത്തിൽ , നിലവിൽ ബിജെപി നേരിട്ട് മത്സരിക്കുക പോലും ചെയ്യാത്ത വയനാട്ടിൽ ശ്രീ.രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കിൽ അത് ബി ജെ പി യെ തോൽപിക്കാനാണെന്ന് ശ്രീ.ജോസഫ് വാഴയ്ക്കന് വാദിക്കാം , പക്ഷേ കേരളമത് വിശ്വസിക്കണമെന്ന് വാശി പിടിക്കരുത്. സ്വരാജിനുള്ള വാഴയ്ക്കന്റെ മറുപടി ഇങ്ങനെ സ്വരാജിനെ സൂക്ഷിക്കണം എന്ന് ഞാൻ പറയില്ല. കാരണം ഈ പാർലമെന്റ് തിരഞ്ഞെടുപ്പോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് തുടച്ചു നീക്കപ്പെടുന്ന സിപിഎം എന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി സംസാരിക്കാൻ കഴിയുന്ന അവസാന തലമുറയിലെ അംഗത്തിന് അനാവശ്യ ശ്രദ്ധ കൊടുക്കണം എന്ന് തോന്നുന്നില്ല. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നു എന്ന വാർത്ത വന്നതോടെ ഉണ്ടായിരുന്ന കനൽ കൂടി കെട്ടടങ്ങുന്നു എന്ന വെപ്രാളത്തിൽ ബിജെപിയേക്കാൾ കൂടുതൽ ആവേശത്തോടെ രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന സ്വരാജടക്കമുള്ള സിപിഎം നേതാക്കൾ മുന്നോട്ടു വക്കുന്ന രാഷ്ട്രീയം എന്താണെന്ന് ഇന്നും വ്യക്തമാക്കുന്നില്ല. കോൺഗ്രസിനെ ആർ എസ് എസ് ബന്ധം ആരോപിച്ചു മൂലക്കിരുത്താൻ നോക്കുന്ന സിപിഎം നേതാക്കൾ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ സംഘപരിവാറുമായി ഭായി ഭായി ബന്ധം പുലർത്തിയത് സ്വന്തം വിപ്ലവ സഖാക്കൾ ആണെന്നത് മറക്കണ്ട. 1977 ൽ കൂത്തുപറമ്പിൽ ആർ എസ് എസ് വോട്ട് വാങ്ങി ജയിച്ച പിണറായി വിജയന്റെ അരുമ ശിഷ്യനല്ലേ ശ്രീ സ്വരാജ്. 1977 ൽ പാലക്കാട് നിന്നും പാർലമെന്റിലേക്ക് മത്സരിച്ച സിപിഎം സ്ഥാനാർത്ഥി റ്റി ശിവദാസമേനോന്റെ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത എൽ കെ അദ്വാനിയുടെ പ്രസംഗം കേട്ട് കയ്യടിച്ച സഖാക്കളുടെ പിൻതലമുറക്കാരൻ തന്നെയല്ലേ സ്വരാജ്. തിരുവനന്തപുരം പാർലമെന്റ് ഇലക്ഷനിൽ നാല് നിയോജക മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്ത് പോയ എൽഡിഎഫ്, ബിജെപി സ്ഥാനാർഥിയായ ഒ രാജഗോപാൽ തിരുവനന്തപുരം എംപിയായി കാണുവാൻ വേണ്ടിയാണോ വോട്ട് മറിച്ചത് ? കോൺഗ്രസ് ബിജെപിക്കെതിരായ ഏക ദേശീയ ബദലാണെന്നും തങ്ങളെ കൊണ്ട് ദേശീയ തലത്തിൽ വലിയ കാര്യമൊന്നുമില്ലെന്നും സ്വയം തിരിച്ചറിയുന്ന സഖാക്കൾ ഇന്ത്യയുടെ ഏക പ്രതീക്ഷയായ കോൺഗ്രസിനെ വിമർശിച്ചും രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പണിയെടുക്കുന്ന സിപിഎം സംഘത്തിൽ നിങ്ങളുമുണ്ടല്ലോ. സ്വരാജിന്റെ മറുപടിയിൽ അൽ ക്വയ്ദ എന്ന് വിളിച്ചാലും കുഴപ്പമില്ലെന്ന് കണ്ടു. അൽ ക്വയ്ദയും താലിബാനും തോറ്റു പോകുന്ന രീതിയിൽ വിചാരണ ചെയ്തും, ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്നും അപരിഷ്കൃത സമൂഹത്തെ പോലും ലജ്ജിപ്പിക്കുന്ന രീതിയിൽ മൃതദേഹത്തെ പോലും വികൃതമാക്കി, 51 ഉം, 37 ഉം 64 ഉം, 15 ഉം വെട്ട് വെട്ടി മനുഷ്യജീവനുകളെ കൊന്നൊടുക്കുന്ന സിപിഎം എന്ന സംഘടനയെ അൽ ക്വയ്ദയെന്നല്ല, താലിബാനും കടന്നു ഐ എസ് എന്ന് വിശേഷിപ്പിച്ചാലും അധികമാകില്ല എന്ന് ഈ തിരഞ്ഞെടുപ്പോട് കൂടി പൊതുസമൂഹം തെളിയിക്കും. രാഹുൽ ഗാന്ധി ജയിക്കുമെന്ന് ശ്രീ സ്വരാജ് പറയേണ്ട കാര്യമില്ല. രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ തോൽപ്പിക്കാനായി കച്ചകെട്ടി ഇറങ്ങുമ്പോൾ രാഹുൽ ഗാന്ധിക്കെതിരെ സാക്ഷാൽ പിണറായി വിജയൻ മത്സരിക്കുന്നതല്ലേ ഹീറോയിസം. ഈ തിരഞ്ഞെടുപ്പോടെ സിപിഎമ്മിന്റെ അവസ്ഥ ബംഗാളിലെയും ത്രിപുരയിലെയും പോലെയാകുമ്പോൾ കോൺഗ്രസ് നേതാക്കളെ വിമർശിച്ചു പൊളിറ്റിക്കൽ സ്പേസിൽ പിടിച്ചു നിൽക്കുന്ന സ്വരാജിനോട് അവസാനമായി പറയട്ടെ. താങ്കൾ ആവേശപൂർവം പ്രവർത്തിക്കുന്ന സിപിഎം എന്ന സംഘടന രൂപീകരിച്ചതിൽ ഇന്ന് ജീവിച്ചിരിക്കുന്ന സ്ഥാപക നേതാവായ വി എസ് അച്യുതാനന്ദന് ക്യാപിറ്റൽ പണീഷ്മെന്റ് നൽകണമെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. അങ്ങനെയുള്ള നിങ്ങളിൽ നിന്നും രാഹുൽ ഗാന്ധിക്ക് അനുകൂലമായി ഒരു മംഗളപത്രം പ്രതീക്ഷിക്കേണ്ടതില്ലല്ലോ... content highlights:m swaraj mla and joseph vazhackan facebook post


from mathrubhumi.latestnews.rssfeed https://ift.tt/2CyQiyz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages