സഞ്ജുവിന്റെ സെഞ്ചുറി പാഴായി; രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

സഞ്ജുവിന്റെ സെഞ്ചുറി പാഴായി; രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ്

ഹൈദരാബാദ്: ഐ.പി.എല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് അഞ്ചു വിക്കറ്റിന്റെ ജയം. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രാജസ്ഥാന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനായി തകർത്തടിച്ചാണ് ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോവും തുടങ്ങിയത്. വാർണറായിരുന്നു കൂട്ടത്തിൽ അപകടകാരി. ഓപ്പണിങ് വിക്കറ്റിൽ 110 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 37 പന്തിൽ രണ്ടു സിക്സും ഒമ്പത് ബൗണ്ടറിയുമടക്കം 69 റൺസെടുത്ത വാർണറാണ് ആദ്യം പുറത്തായത്. പിന്നാലെ ഏഴു റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ബെയർസ്റ്റോവും മടങ്ങി. 28 പന്തിൽ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം ബെയർസ്റ്റോവ് 45 റൺസെടുത്തു. വിജയ് ശങ്കർ വെറും 15 പന്തുകളിൽ നിന്ന് മൂന്നു സിക്സിന്റെ അകമ്പടിയോടെ 35 റൺസെടുത്ത് പുറത്തായി. ശങ്കറും ക്യാപ്റ്റൻ കെയ്ൻ വില്യംസണും ചേർന്ന് മൂന്നാം വിക്കറ്റിൽ 47 റൺസ് സ്കോർബോർഡിലേക്ക് ചേർത്തു. പിന്നീട് ഹൈദരാബാദിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (14), വിജയ് ശങ്കർ, മനീസ് പാണ്ഡെ (1) എന്നിവർ അടുത്തടുത്ത് പുറത്തായതോടെ അവർ പതറി. എന്നാൽ 12 പന്തിൽ നിന്ന് 16 റൺസെടുത്ത യൂസഫ് പത്താനും എട്ടു പന്തിൽ 15 റൺസെടുത്ത റാഷിദ് ഖാനും ചേർന്ന് ഹൈദരാബാദിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ജോഫ്ര അർച്ചറുടെ 19-ാം ഓവറിലെ അവസാന പന്ത് സിക്സറടിച്ച് റാഷിദ് ഹൈദരാബാദിന്റെ വിജയ റൺ കുറിച്ചു. നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ശ്രേയസ് ഗോപാൽ രാജസ്ഥാനായി ബൗളിങ്ങിൽ തിളങ്ങി. സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു വി സാംസന്റെ മികവിലാണ് രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തത്. ഐ.പി.എൽ 12-ാം സീസണിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഐ.പി.എല്ലിൽ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതോടെ രണ്ട് ഐ.പി.എൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ വീരേന്ദർ സെവാഗിനും മുരളി വിജയിക്കുമൊപ്പം സഞ്ജുവും ഇടംപിടിച്ചു. നാലു സെഞ്ചുറികൾ നേടിയ വിരാട് കോലിയാണ് ഈ പട്ടികയിൽ ഒന്നാമത്. തകർത്തടിച്ച സഞ്ജു 55 പന്തിൽ നിന്ന് നാലു സിക്സും 10 ബൗണ്ടറിയുമടക്കം 102 റൺസുമായി പുറത്താകാതെ നിന്നു. ഭുവനേശ്വർ കുമാർ എറിഞ്ഞ 18-ാം ഓവറിൽ ഒരു സിക്സും നാലു ബൗണ്ടറിയുമടക്കം 24 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. സഞ്ജുവിന്റെ സെഞ്ചുറി ഇന്നിങ്സ് കാണാം അർധ സെഞ്ചുറിയുമായി സഞ്ജുവിന് ഉറച്ച പിന്തുണ നൽകിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ പ്രകടനവും നിർണായകമായി. 49 പന്തുകൾ നേരിട്ട രഹാനെ മൂന്നു സിക്സും നാലു ബൗണ്ടറിയുമടക്കം 70 റൺസെടുത്തു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് കഴിഞ്ഞ മത്സരത്തിലെ താരമായ ജോസ് ബട്ട്ലറെ 15 റൺസിൽ തന്നെ നഷ്ടമായി. എട്ടു പന്തിൽ നിന്ന് അഞ്ചു റൺസ് മാത്രമായിരുന്നു ബട്ട്ലറുടെ സമ്പാദ്യം. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച രഹാനെ - സഞ്ജു സഖ്യമാണ് രാജസ്ഥാൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. രണ്ടാം വിക്കറ്റിൽ 119 റൺസാണ് ഇരുവരും ചേർത്തത്. സൺറൈസേഴ്സ് നിരയിൽ ഭുവനേശ്വർ കുമാറാണ് ഏറ്റവും കൂടുതൽ തല്ലു വാങ്ങിയത്. നാല് ഓവറിൽ 55 റൺസാണ് വിട്ടുകൊടുത്തത്. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാൻ മികച്ച പ്രകടനം പുറത്തെടുത്തു. Content Highlights:IPL 2019 Rajasthan Royals vs Sunrisers Hyderabad


from mathrubhumi.latestnews.rssfeed https://ift.tt/2UeeLUb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages