നരേഷ് ഗോയൽ: തുടക്കം ടിക്കറ്റ് ഏജന്റായി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

നരേഷ് ഗോയൽ: തുടക്കം ടിക്കറ്റ് ഏജന്റായി

മുംബൈ: ടിക്കറ്റ് ഏജന്റിൽനിന്ന് ഇന്ത്യയിലെ വലിയ വ്യോമയാന കമ്പനി മേധാവിയിലേക്ക്. ജെറ്റ് എയർവേസിന്റെ തലപ്പത്തുനിന്ന് സ്ഥാനമൊഴിയുന്ന നരേഷ് ഗോയലിന്റെ വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു. ഗോയൽ കുട്ടിയായിരിക്കുമ്പോൾതന്നെ അച്ഛൻ മരിച്ചു. ആറാംതരം വരെ സർക്കാർ സ്കൂളിൽ വിദ്യാഭ്യാസം. കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു കുടുംബം. ഗോയലിന്റെ 11-ാം വയസ്സിൽ വീട് ലേലത്തിൽ വിറ്റു. ശേഷം ബന്ധുവീട്ടിലായിരുന്നു താമസം. തുടർന്ന് പട്യാലയിലെ സർക്കാർ ബിക്രം കോളേജിൽനിന്ന് കൊമേഴ്സിൽ ബിരുദം നേടി. 300 രൂപ മാസശമ്പളത്തോടെ അമ്മാവന്റെ ട്രാവൽ ഏജൻസിയിൽ കാഷ്യറായാണ് തൊഴിൽ ജീവിതം ആരംഭിച്ചത്. ബിരുദം നേടിയ ശേഷം ലെബനീസ് ഇന്റർനാഷണൽ എയർലൈൻസിൽ ടിക്കറ്റിങ് ഏജന്റായി. പിന്നീട് വിവിധ വിദേശ വിമാനക്കമ്പനികളുമായി ചേർന്നു പ്രവർത്തിച്ച് പ്രവൃത്തി പരിചയം നേടി. ഇന്ത്യ ആഗോളീകരണത്തിലേക്ക് കുതിച്ച കാലത്താണ് ഗോയൽ വ്യോമയാന സ്വപ്നങ്ങൾ നെയ്യുന്നത്. 1992-ൽ ബ്രിട്ടിഷ് കമ്പനിയായ ടെയിൽ വിൻഡ്സിന്റെ (ഐസിൽ ഓഫ് മാൻ) സാമ്പത്തികസഹായത്തോടെ ജെറ്റ് എയർവേസ് സ്ഥാപിച്ചു. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഗൾഫ് എയർ, കുവൈറ്റ് എയർ എന്നിവയുമായി കൈകോർത്ത് എയർ ഇന്ത്യയ്ക്ക് പിന്നിലായി ജെറ്റ് എയർവേസ് വളർന്നു. കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവ വ്യോമയാന മേഖലയിൽ പുതിയ മത്സരങ്ങൾ സൃഷ്ടിച്ചു. ഇതിനിടയിൽ വിജയ്മല്യയുടെ കിങ് ഫിഷറും മത്സരത്തിൽ സജീവമായി. 69-കാരനായ ഗോയലും ഭാര്യ അനിതയും ജെറ്റ് എയർവേസിൽനിന്നു രാജി സമർപ്പിക്കുമ്പോൾ ഇവർ വളർത്തിക്കൊണ്ടു വന്ന കമ്പനിയെത്തി നിൽക്കുന്നത് 8,200 കോടി കടത്തിലാണ്. കടക്കെണിയിൽനിന്ന് കരകയറാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ പതിനൊന്ന് വർഷമായി കമ്പനി. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ജെറ്റ് എയർവേസിനെ രക്ഷിക്കാനും തൊഴിൽ നഷ്ടപ്പെടാതിരിക്കാനും കേന്ദ്രസർക്കാർ സർവപ്രയത്നവും നടത്തുന്നുണ്ട്. പ്രശ്നപരിഹാരമായി തൊഴിലാളികളടക്കം ചൂണ്ടിക്കാട്ടിയത് ഗോയൽ അടക്കമുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളുടെ രാജിയായിരുന്നു. ടാറ്റാ ഗ്രൂപ്പിനെക്കൊണ്ട് കമ്പനി ഏറ്റെടുപ്പിക്കാനും ആവശ്യമുയർന്നു. ബാങ്കുകളും വാണിജ്യ പങ്കാളിയായ ഇത്തിഹാദും നരേഷ്ഗോയൽ ചെയർമാൻ പദവിയിൽനിന്ന് മാറണമെന്ന് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. അക്കാര്യമാണ് ഇപ്പോൾ നടന്നത്. മാർച്ച് 31-നുള്ളിൽ വായ്പകുടിശ്ശികയിൽ 1700 കോടി രൂപ തിരിച്ചടയ്ക്കണമെന്ന വലിയ വെല്ലുവിളിയും കമ്പനിക്ക് മുന്നിലുണ്ട്. ഗോയലിന്റെ രാജിയിലൂടെ ഇന്ത്യയുടെ വ്യോമയാന വ്യവസായത്തിലെ ഒരു യുഗമാണ് അവസാനിക്കുന്നത്. ഇന്ത്യയിലെ 100 സമ്പന്നരിൽ ഒരാളായി ലോകം വിലയിരുത്തിയ അദ്ദേഹത്തിന് താൻ കെട്ടിപ്പടുത്ത സ്ഥാപനത്തിൽനിന്ന് ഒടുവിൽ പിടിയിറങ്ങേണ്ടി വന്നിരിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2UTNUtr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages