ലഖ്നൗ: ആരും സഞ്ചരിക്കാത്ത വഴികളിലൂടെയല്ലെങ്കിലും അധികം കോൺഗ്രസ് നേതാക്കളൊന്നും സഞ്ചരിക്കാത്ത ഇടങ്ങളിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ യാത്ര. അതുകൊണ്ടാണ് പ്രിയങ്ക ഉത്തർപ്രദേശിൽ സഞ്ചരിക്കുന്ന വഴികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാക്കളായ അഖിലേഷ് യാദവും മായവതിയുമൊക്കെ ഉറ്റുനോക്കുന്നത്. കിഴക്കൻ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായശേഷം രണ്ടാമതും സംസ്ഥാനത്തെത്തിയ പ്രിയങ്ക അനുയായികൾക്കും പാർട്ടി നേതാക്കൾക്കും നൽകിയ ആവേശം ചെറുതല്ല. പ്രധാനസന്ദർശനോദ്ദേശ്യമായ ഗംഗാനദീയാത്ര ബുധനാഴ്ച തുടങ്ങും. പ്രയാഗ് രാജിൽനിന്ന് വാരാണസിവരെയാണ് യാത്ര. ഇതിൽ 140 കിലോമീറ്റർ ബോട്ടിലാണ് പര്യടനം. ഞായറാഴ്ച ലഖ്നൗവിലെത്തിയ പ്രിയങ്ക യോഗി സർക്കാരിനെതിരേ പ്രതിഷേധിക്കുന്ന സംഘങ്ങളുമായും പാർട്ടി പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി. യാത്രയിലുടനീളം ജനാഭിപ്രായം തേടി സംസ്ഥാന രാഷ്ട്രീയത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് തുറന്ന കത്തും പ്രിയങ്ക പുറത്തുവിട്ടു. “വിശുദ്ധനദിയായ ഗംഗയിലൂടെ ഞാൻ എത്തും. ജലമാർഗവും ബസിലും തീവണ്ടിയിലും നടന്നും ഞാൻ വരികയാണ്. സത്യത്തിന്റെയും തുല്യതയുടെയും പ്രതീകമാണ് ഗംഗ. അത് ഗംഗ-യമുന സംസ്കാരത്തിന്റെ പ്രതീകമാണ്. ഗംഗയ്ക്ക് വിവേചനമില്ല. ഈ ആത്മീയഭൂമിയുമായി എനിക്ക് നേരിട്ട് ബന്ധമുണ്ട്. നിങ്ങളുടെ വേദനകൾ അറിയാതെ രാഷ്ട്രീയമാറ്റം സാധ്യമല്ല. അതുകൊണ്ടാണ് നിങ്ങളുടെ വാതിൽപ്പടിയിൽ ആത്മാർഥമായ സംഭാഷണത്തിന് ഞാൻ എത്തുന്നത്”-പാർട്ടിയുടെ കാലാളാണ് താനെന്നും പ്രിയങ്ക പറയുന്നു. 2014-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വാഗ്ദാനം ചെയ്ത ഗംഗാ ശുദ്ധീകരണം പ്രിയങ്ക യാത്രയിൽ ചർച്ചയാക്കുമെന്നാണ് കരുതുന്നത്. ഗംഗാതീരത്ത് താമസിക്കുന്ന പിന്നാക്കക്കാരും പട്ടികജാതിക്കാരുമായ ജനവിഭാഗങ്ങളെ യാത്രയിൽ അവർ കാണും. ഹോളി ആഘോഷത്തലേന്ന് മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് യാത്ര സമാപിക്കുക. ക്ഷേത്രദർശനം, നെയ്ത്തുകാരുമായി സംവാദം തുടങ്ങിയവയും ഉണ്ടാവും. ഹോളി ആഘോഷത്തിലും പങ്കെടുക്കും. യു.പി.യുടെ മകളായ പ്രിയങ്കയെ കാണാനും കേൾക്കാനും ജനങ്ങൾ ആവേശത്തിലാണെന്ന് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേന്ദ്ര സിങ് പറഞ്ഞു. Content Highlights:Priyanka Gandhi, Congress, UP
from mathrubhumi.latestnews.rssfeed https://ift.tt/2W7RRLd
via
IFTTT
No comments:
Post a Comment