പനജി/ന്യൂഡൽഹി: ഗോവയിൽ മനോഹർ പരീക്കറിനു പകരം പുതിയ നേതാവിനെ കണ്ടെത്താൻ ബി.ജെ.പി. ശ്രമം തുടങ്ങി. മുൻ ബി.ജെ.പി. നേതാവും കോൺഗ്രസ് എം.എൽ.എ.യുമായ ദിഗംബർ കാമത്തിനെ പാർട്ടിയിൽ തിരികെയത്തിച്ച് മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ ഞായറാഴ്ച നടക്കുന്നതിനിടെയാണ് പരീക്കറുടെ മരണം സംഭവിച്ചത്. മുതിർന്ന മന്ത്രിമാരെയാരെയെങ്കിലും ഇടക്കാലമുഖ്യമന്ത്രിയാക്കുകയോ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയോ ആണ് ഇനി ബി.ജെ.പി.ക്കുമുന്നിലുള്ള വഴി. ബി.ജെ.പി. എം.എൽ.എ. ഫ്രാൻസിസ് ഡിസൂസയുടെ മരണത്തെത്തുടർന്ന് പരീക്കർ സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് ശനിയാഴ്ച ഗവർണർ മൃദുല സിൻഹയ്ക്ക് കത്തു നല്കിയിരുന്നു. പരീക്കർ കൂടി മരിച്ചതോടെ 40 അംഗ നിയമസഭയിൽ 35 അംഗങ്ങളാണുള്ളത്. ബി.ജെ.പി.യുടെ അംഗസംഖ്യ 12 ആയി കുറഞ്ഞു. 14 അംഗങ്ങളുള്ള കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷി. മൂന്നു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കാനിരിക്കെയാണ് പുതിയ സംഭവങ്ങൾ. മൂന്നംഗങ്ങൾ വീതമുള്ള ഗോവ ഫോർവേഡ് പാർട്ടി(ജി.എഫ്.പി.)യും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി.)യും മൂന്നു സ്വതന്ത്രരുമാണ് സർക്കാരിനെ പിന്തുണയ്ക്കുന്നത്. പരീക്കറുടെ അഭാവത്തിൽ ഈ കക്ഷികൾ ഒപ്പമുണ്ടാകുമോയെന്ന ആശങ്ക ബി.ജെ.പി.ക്കുണ്ട്. തങ്ങൾ പരീക്കറെയാണ് പിന്തുണച്ചതെന്നും ഏതെങ്കിലും പാർട്ടിയെ അല്ലെന്നുമുള്ള ജി.എഫ്.പി. നേതാവ് വിജയ് സർദേശായി ഞായറാഴ്ച നിലപാടെടുത്തിരുന്നു. സംസ്ഥാനത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പൂർത്തിയാകുംവരെ നിയമസഭ മരവിപ്പിച്ചുനിർത്താനുള്ള സാധ്യതയും ബി.ജെ.പി. പരിശോധിക്കുന്നുണ്ട്. സർക്കാരുണ്ടാക്കാൻ കോൺഗ്രസ് അവകാശവാദമുന്നയിച്ചതിനുപിന്നാലെ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷടക്കം രണ്ടു നിരീക്ഷകരെ ബി.ജെ.പി. സംസ്ഥാനത്തേക്ക് നിയോഗിച്ചിരുന്നു. പാർട്ടി എം.എൽ.എ.മാർ സംസ്ഥാനത്തുതന്നെയുണ്ടാവണമെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം ബി.ജെ.പി.യിൽ ചേരുമെന്ന വാർത്തകൾ ദിഗംബർ കാമത്ത് നിഷേധിച്ചു. ബി.ജെ.പി.യിൽ ചേരുന്നത് രാഷ്ട്രീയാത്മഹത്യയാകുമെന്നും താൻ സ്വകാര്യാവശ്യത്തിനായാണ് ഡൽഹിയിൽ പോകുന്നതെന്നും കാമത്ത് പ്രതികരിച്ചതോടെയാണ് ഊഹാപോഹങ്ങൾക്ക് അറുതിയായത്. കാമത്ത് മുതിർന്ന നേതാവാണെന്നും പാർട്ടി വിടില്ലെന്നും പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവേൽകറും അവകാശപ്പെട്ടു. content highlights:Goa Chief Minister Manohar Parrikar Dies After Battle With Cancer
from mathrubhumi.latestnews.rssfeed https://ift.tt/2ue6f8R
via
IFTTT
No comments:
Post a Comment