കണ്ണൂർ: കേന്ദ്ര തൊഴിൽവകുപ്പിന്റെ സ്പെഷ്യൽ ലീവ് പെറ്റിഷൻ സുപ്രീംകോടതി തള്ളിയതോടെ, കഴിഞ്ഞ ഒക്ടോബർ 12-ലെ കേരള ഹൈക്കോടതി വിധി പി.എഫ്. പെൻഷൻ കാര്യത്തിൽ അന്തിമമായി. അതിനനുസൃതമായ വിജ്ഞാപനം ഇ.പി.എഫ്. ഓർഗനൈസേഷൻ പുറപ്പെടുവിച്ചാൽ മതി. സുപ്രിംകോടതി വിധിയായതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ തടസ്സവുമില്ല. വിജ്ഞാപനമിറക്കാൻ തൊഴിൽവകുപ്പ് നിർദേശിക്കുകയും പി.എഫ്. ഓർഗനേസൈഷൻ നടപ്പാക്കുകയും ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യക്കേസുകൾ ഉറപ്പാണ്. നേരത്തേ, സുപ്രിംകോടതി വിധിയുണ്ടായപ്പോൾ കേസ് കൊടുത്തവരുടെ കാര്യത്തിൽമാത്രം അനുകൂലനിലപാടെടുത്ത രീതിയും ഇനി ആവർത്തിക്കാനാവില്ല. കാരണം കേരള ഹൈക്കോടതി അതെല്ലാം തള്ളിയതാണ്. ശമ്പളപരിധി 15,000 രൂപ, 60 മാസത്തെ ശരാശരി വേതനമനനുസരിച്ച് പെൻഷൻ, ഉയർന്ന വേതനത്തിനുസൃതമായി ഓപ്ഷൻ നൽകുന്നതിന് കാലപരിധി, പി.എഫ്. തുക ട്രസ്റ്റുകൾ കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങൾക്ക് ആനുകൂല്യം നിഷേധിക്കൽ എന്നിങ്ങനെയുള്ള എല്ലാ നിബന്ധനകളും അസാധുവായെന്നതാണ് സുപ്രിംകോടതിയുടെ അന്തിമവിധിയുടെ സത്ത. 2014 സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിലായ ഇ.പി.എഫ്. പെൻഷൻ പദ്ധതി ഭേദഗതിപ്രകാരം 15,000 രൂപയിൽ കൂടുതൽ ശമ്പളമുള്ളവർ പെൻഷൻ പദ്ധതിയിൽനിന്ന് പുറത്തായിരുന്നു. അതിലധികം വരുമാനമുള്ളവരാണെങ്കിൽ നേരത്തേ സർവീസിലുള്ളവർമാത്രമാണ് പദ്ധതിയിൽ തുടർന്നിരുന്നത്. വിധി വന്നതോടെ ശമ്പളപരിധിയില്ലാതെ എല്ലാവരും പെൻഷൻ പദ്ധതിയിലുൾപ്പെടും. 2014-ലെ ഭേദഗതി പല കമ്പനികളും തൊഴിലാളികളുടെ ആനുകൂല്യം പരിമിതപ്പെടുത്താൻ ഉപയോഗിച്ചു. പെൻഷന് ബാധകമായ ശമ്പളമായി സർക്കാർ പരിധിനിശ്ചയിച്ച തുകയ്ക്കനുസൃതമായ തുക മാത്രം പി.എഫ്. വിഹിതത്തിന് കണക്കാക്കി. ആദ്യം 6500 രൂപയുടെയും പിന്നീട് ഭേദഗതിക്കുശേഷം 15,000 രൂപയുടെയും അടിസ്ഥാനത്തിൽമാത്രം തൊഴിലുടമ വിഹിതം അടയ്ക്കുകയായിരുന്നു. 2014 സെപ്റ്റംബർ ഒന്നിന് നടപ്പായ ഭേദഗതി നിയമവിരുദ്ധമായി വിധിച്ചതോടെ മുഴുവൻ ശമ്പളത്തിനും ആനുപാതികമായി പി.എഫ്. വിഹിതം അടയ്ക്കാൻ ഉടമകൾ ബാധ്യസ്ഥരാകുമെന്ന് ഹൈക്കോടതിയിൽ പെൻഷൻകാർക്കുവേണ്ടി ഹാജരായ അഭിഭാഷകരിലൊരാളായ അഡ്വ. പി.എൻ. മോഹനൻ പറയുന്നു. ഇപ്പോൾ പി.എഫ്. പെൻഷൻ വാങ്ങുന്നവരെക്കാൾ നിലവിൽ കമ്പനികളിൽ ജോലിചെയ്യുന്ന കോടിക്കണക്കിനാളുകൾക്കാണ് വിധിയുടെ പ്രയോജനം ലഭിക്കുക. ട്രേഡ് യൂണിയനുകൾ വലിയ ശ്രദ്ധ പതിപ്പിക്കാത്ത വിഷയമായിട്ടും വിവിധ കമ്പനികളിലെ ജീവനക്കാർ ഒറ്റയ്ക്കും കൂട്ടായും കോടതികളെ സമീപിച്ച് ക്ഷമാപൂർവം കാത്തിരുന്നാണ് നീതി നേടിയെടുത്തത്. കേരള ഹൈക്കോടതിയുടെ സിംഗിൾബെഞ്ചാണ് ആദ്യമായി പി.എഫ്. പെൻഷൻ പ്രശ്നത്തിൽ കട്ട് ഓഫ് ഡേറ്റിനും ശമ്പള പരിധിക്കുമെതിരേ വിധിപറഞ്ഞത്. പിന്നീട് ഡിവിഷൻ ബെഞ്ചിന്റെ വിധിയും തൊഴിലാളികൾക്കനുകൂലമായി ഉണ്ടായി. ഹിമാചൽപ്രദേശ് ഹൈക്കോടതി സിംഗിൾ ബെഞ്ചും പി.എഫ്. ഓർഗനൈസഷന്റെ ഉത്തരവ് റദ്ദാക്കി. അതിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് അനുവദിച്ചതാണ് പി.എഫ്. ഓർഗനൈസേഷന് അനുകൂലമായി വന്ന ഏക വിധി. ആ വിധി നിരാകരിച്ചുകൊണ്ട് 2016 ഒക്ടോബർ നാലിന് സുപ്രീംകോടതി വിധിപറഞ്ഞു. പിന്നീട് 2014-ലെ ഭേദഗതിതന്നെ അസാധുവാക്കി കേരള ഹൈക്കോടതി 2018 ഒക്ടോബർ 12-ന് വിധി പറഞ്ഞു. തെലങ്കാന ഹൈക്കോടതിയും സമാന വിധിപറഞ്ഞു. ഒരാഴ്ച മുമ്പ് മദ്രാസ് ഹൈക്കോടതിയുടെയും വിധിവന്നു- പെൻഷൻ പദ്ധതിയിലെ അംഗങ്ങൾക്കനുകൂലവും എക്സംപറ്റഡ് കമ്പിനികളിലെ ജീവനക്കാരോട് വിവേചനമരുതെന്നുമായിരുന്നു ആ വിധി.
from mathrubhumi.latestnews.rssfeed https://ift.tt/2WBCrPK
via
IFTTT
No comments:
Post a Comment