റസീന കൊല്ലപ്പെട്ടത് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

റസീന കൊല്ലപ്പെട്ടത് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ

കാസർകോട്: ഭർത്താവിനെ ജോലിസ്ഥലത്തേക്ക് യാത്രയാക്കിയതിന് പിന്നാലെയാണ് റസീന ശ്രീലങ്കയിലെ സ്ഫോടനത്തിനിരയായത്. ഭർത്താവ് ഖാദർ കുക്കോടിയെ ജോലിസ്ഥലമായ ദുബായിലേക്ക് യാത്രയയച്ച് ഇവർ താമസിച്ചിരുന്ന ഷാൻഗ്രി-ലാ ഹോട്ടലിൽ മടങ്ങിയെത്തിയതായിരുന്നു റസീന. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നുവെന്ന് കാസർകോട് മൊഗ്രാൽ പുത്തൂരിലെ ബന്ധുക്കൾ പറഞ്ഞു. ഇവരുടെ പിതാവ് പി.എസ്. അബ്ദുള്ള ഹാജിയും അദ്ദേഹത്തിന്റെ പിതാവ് പി.എസ്. സൈനുദ്ദീനും ശ്രീലങ്കയിൽ ബിസിനസുകാരായിരുന്നു. അബ്ദുള്ള ഹാജിയെ 1989-ൽ കൊളംബോയിൽനിന്ന് എൽ.ടി.ടി.ഇ. പ്രവർത്തകർ തട്ടിക്കൊണ്ടുപോയി 29 ദിവസം കസ്റ്റഡിയിൽ വെച്ചിരുന്നു. ഇവരുടെ പിൻതലമുറക്കാരനായി റസീനയുടെ സഹോദരൻ ബഷന്റാണ് ഇപ്പോൾ കൊളംബോയിൽ ബിസിനസ് നടത്തുന്നത്. പെട്രോളിയം, പൊടിമില്ല്, ഗതാഗതം തുടങ്ങിയവ മേഖലകളിലാണ് ഇവരുടെ ബിസിനസ്. കെമിക്കൽ എൻജിനീയറായ ഖാദർ കുക്കാടി ദുബായിലും ദക്ഷിണാഫ്രിക്കയിലുമായാണ് ജോലിചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിൽ ഗബ്ബോണിൽ ഒരു വളംനിർമാണ കമ്പനിയുടെ വൈസ് പ്രസിഡന്റും ഉപദേശകനുമാണ് കർണാടക സൂരത്കൽ സ്വദേശിയായ ഇദ്ദേഹം. റസീനയ്ക്കൊപ്പം പത്തുദിവസം മുമ്പാണ് കൊളംബോയിലെത്തിയത്. ലങ്ക ചുറ്റിക്കാണുകയും സഹോദരന്റെ കൂടെ രണ്ടുദിവസം തങ്ങുകയുമായിരുന്നു റസീനയുടെ ലക്ഷ്യം. ഒരാഴ്ചകൊണ്ട് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങി ഹോട്ടലിൽ മുറിയെടുത്തു. ഞായറാഴ്ച രാവിലെ ഖാദറിനെ വിമാനത്താവളത്തിൽ കൊണ്ടുവിടാൻ ബഷീറാണ് പോയത്. മടങ്ങിവന്ന് റസീനയെയും കൂട്ടി വീട്ടിലേക്ക് മടങ്ങാനായിരുന്നു ബഷീറിന്റെ പരിപാടി. കൊളംബോയിലുള്ള ബന്ധുക്കളായ തഹാബ്, ലിയാഖത്തലി എന്നിവരോടും ഹോട്ടലിലെത്താനും അവിടുന്ന് പ്രഭാതഭക്ഷണം കഴിഞ്ഞ് ബഷീറിനൊപ്പം പോകാമെന്നും പറഞ്ഞിരുന്നു. ഇവരും ബഷീറും എത്താൻ വൈകിയതുകൊണ്ട് റസീന റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനിരുന്നു. അപ്പോഴായിരുന്നു സ്ഫോടനം. തൊട്ടുപിന്നാലെ തഹാബും ലിയാഖത്തലിയുമെത്തി. ഇവർ റസീനയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അപ്പോഴേക്കും ബഷീറുമെത്തി. മൂവരും ചേർന്ന് തിരച്ചിൽ തുടങ്ങി. കണ്ടെത്താൻ കഴിയാതെ, സ്ഫോടനത്തിൽ പരിക്കേറ്റവരെ കൊണ്ടുപോയ മൂന്നോ നാലോ ആശുപത്രികളിൽ അന്വേഷിച്ചു. അവിടെയും വിവരം കിട്ടിയില്ല. ഇതിനിടെ നാട്ടിൽനിന്ന് വിവരം തിരക്കി ഫോൺ വന്നുകൊണ്ടിരുന്നു. സുരക്ഷിതമായി എവിടെയോ ഉണ്ടെന്ന് ബന്ധുക്കളെ അറിയിച്ച് തിരച്ചിൽ തുടർന്നു. ഒടുവിൽ ആരോ പറഞ്ഞതനുസരിച്ച് മറ്റൊരു ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് ചേതനയറ്റ റസീനയെ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് റസീന മൊഗ്രാൽ പുത്തൂരിൽ വന്നിരുന്നു. അവിടെയും ചെമ്മനാടുമുള്ള ബന്ധുവീടുകളെല്ലാം സന്ദർശിച്ചാണ് മടങ്ങിയത്. കൊളംബോയിൽനിന്ന് തിരിച്ച് തിങ്കളാഴ്ച മംഗളൂരുവിലെത്താൻ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ ബന്ധുക്കളെയെല്ലാം ചേർത്ത് കൊളംബോയിൽ കുടുംബസംഗമം നടത്തണമെന്ന മോഹവുമായാണ് റസീന മടങ്ങിയതെന്ന് ബന്ധുക്കൾ ഓർക്കുന്നു. Content Highlights:raseena khader from kasargod killed in srilanka bomb blast


from mathrubhumi.latestnews.rssfeed http://bit.ly/2Gx1oW2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages