: റഫാൽ ഇടപാട് ശരിവെച്ചതിനെതിരേയുള്ള പുനഃപരിശോധനാ ഹർജികൾക്കൊപ്പം രാഹുൽഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജിയും 10-ന് കേൾക്കാമെന്ന് സുപ്രീംകോടതി. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇരുഹർജികളും ഒരുമിച്ച് ലിസ്റ്റ് ചെയ്യാത്തതിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കടുത്ത അതൃപ്തിയറിയിച്ചു. ഒന്നിച്ചുകേൾക്കാമെന്ന് വ്യക്തമാക്കിയിട്ടും കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച ലിസ്റ്റ് ചെയ്യാത്തതുകണ്ട് തങ്ങൾ അന്തംവിട്ടുപോയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. റഫാൽ കേസിലെ ഉത്തരവ് ചൂണ്ടിക്കാട്ടി 'കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞു'വെന്ന രാഹുലിന്റെ പരാമർശത്തിനെതിരേ ബി.ജെ.പി. എം.പി. മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യഹർജിയും പുനഃപരിശോധനാ ഹർജികൾക്കൊപ്പം കേൾക്കാമെന്ന് ബെഞ്ച് ഏപ്രിൽ 30-നു വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്നത്തെ ഉത്തരവിൽ കോടതിയലക്ഷ്യ ഹർജി മേയ് 10-നു കേൾക്കുമെന്നാണ് വന്നത്. അതിനാൽ തിങ്കളാഴ്ച അത് ലിസ്റ്റ് ചെയ്തതില്ല. പുനഃപരിശോധനാ ഹർജികൾ കേൾക്കുന്നത് നാലാഴ്ചത്തേക്കു നീട്ടിവെക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ഏപ്രിൽ 30-ന് സുപ്രീംകോടതി തള്ളിയിരുന്നു. റഫാൽ യുദ്ധവിമാന ഇടപാട് ശരിവെച്ച ഡിസംബർ 14-ലെ വിധിക്കെതിരേ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷോരി, എ.എ.പി. നേതാവ് സഞ്ജയ് സിങ് എം.പി., പ്രശാന്ത് ഭൂഷൺ എന്നിവരാണ് പുനഃപരിശോധനാ ഹർജികൾ നൽകിയത്. പുതിയ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയും പ്രശാന്ത് ഭൂഷൺ നൽകിയിട്ടുണ്ട്. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന തന്റെ പ്രസ്താവനയിൽ രാഹുൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് നൽകിയ രണ്ട് സത്യവാങ്മൂലങ്ങളിലും ഖേദപ്രകടനം നടത്തിയതല്ലാതെ മാപ്പുപറയുന്നതായി വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയപ്പോൾ ഖേദമെന്നാൽ മാപ്പുതന്നെയാണെന്നും പുതിയ സത്യവാങ്മൂലം നൽകാമെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ മാപ്പപേക്ഷ സ്വീകരിക്കണമോയെന്ന് 10-ന് കോടതി പരിശോധിക്കും. content highlights:rafale review petition
from mathrubhumi.latestnews.rssfeed http://bit.ly/302ClmH
via
IFTTT
No comments:
Post a Comment