കണ്ണൂരിൽ 13 കള്ളവോട്ടുകൂടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

കണ്ണൂരിൽ 13 കള്ളവോട്ടുകൂടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം കണ്ണൂരിൽ 13 കള്ളവോട്ടുകൾകൂടി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചു. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട പാമ്പുരുത്തിയിൽ ഒമ്പത് മുസ്ലിംലീഗ് പ്രവർത്തകരും ധർമടത്ത് ഒരു സി.പി.എം. പ്രവർത്തകനുമാണ് കള്ളവോട്ട് ചെയ്തത്. തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽപ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി. സ്കൂളിലെ 166-ാം നമ്പർ ബൂത്തിൽ ഒമ്പതുപേർ ചേർന്ന് 12 കള്ളവോട്ട് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പത്രസമ്മേളനത്തിൽ പറഞ്ഞു. ധർമടത്ത് കുന്നിരിക്ക യു.പി. സ്കൂളിലെ 52-ാം നമ്പർ ബൂത്തിലും കള്ളവോട്ട് നടന്നു. ഇതോടെ, സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കള്ളവോട്ടുകളുടെ എണ്ണം 20 ആയി. കുറ്റക്കാർക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 171 സി, ഡി, എഫ് പ്രകാരം ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ചതായി മീണ പറഞ്ഞു. പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ, മൈക്രോ ഒബ്സർവർ എന്നിവരുടെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചതായി കളക്ടർ റിപ്പോർട്ട് നൽകി. ജനപ്രാതിനിധ്യനിയമം സെക്ഷൻ 134 അനുസരിച്ച് ഇവർക്കെതിരേയും ക്രിമിനൽ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർക്കെതിരേ അവരുടെ വകുപ്പുകളോട് അച്ചടക്കനടപടിക്കും ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ഇടത് സ്ഥാനാർഥി പി.കെ. ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാർഥി കെ. സുധാകരന്റെയും പോളിങ് ഏജന്റുമാരാണ് പാമ്പുരുത്തിയിലെ കള്ളവോട്ടിനെക്കുറിച്ച് പരാതി നൽകിയത്. ഗൾഫിലുള്ള ചിലരുടെ പേരിൽ കള്ളവോട്ട് ചെയ്തെന്നായിരുന്നു പരാതി. തുടർന്ന് കളക്ടർ അന്വേഷിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് വിശദമായ റിപ്പോർട്ട് നൽകി. പോളിങ് സ്റ്റേഷനിലെ വീഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. അബ്ദുൾ സലാം, മർഷദ്, കെ.പി. ഉനൈസ് എന്നിവർ രണ്ടുതവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുൾ സലാം, കെ.പി. സാദിഖ്, ഷമൽ, മുബഷിർ എന്നിവർ ഓരോ തവണയും കള്ളവോട്ടു ചെയ്തുവെന്ന് കളക്ടർ സ്ഥിരീകരിച്ചു. ഈ പോളിങ് സ്റ്റേഷനിലെ 1249 വോട്ടിൽ 1036 എണ്ണം പോൾ ചെയ്തിരുന്നു. കള്ളവോട്ടിനെക്കുറിച്ച് പോളിങ് ഏജന്റ് എതിർപ്പറിയിച്ചെങ്കിലും പ്രിസൈഡിങ് ഓഫീസർ ഇടപെടാൻ തയ്യാറായില്ലെന്ന് കളക്ടറുടെ റിപ്പോർട്ടിലുണ്ട്. പരാതിയെത്തുടർന്ന് പത്തുപേരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇതിൽ ആറുപേർ കള്ളവോട്ട് ചെയ്തുവെന്ന് സമ്മതിച്ചു. കുറ്റം മാപ്പാക്കണമെന്നും അഭ്യർഥിച്ചു. എന്നാൽ, അവർക്കെതിരേ കേസെടുക്കാൻ നിർദേശം നൽകിയെന്ന് മീണ പറഞ്ഞു. ധർമടത്ത് ബൂത്ത് നമ്പർ 52-ൽ സയൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തത്. യു.ഡി.എഫ്. സ്ഥാനാർഥി കെ. സുധാകരന്റെ പോളിങ് ഏജന്റിന്റെ പരാതിയനുസരിച്ചാണ് കളക്ടർ പരിശോധന നടത്തിയത്. വീഡിയോ പരിശോധനയിൽ 47-ാം നമ്പർ ബൂത്തിലെ വോട്ടറായ സയൂജ് 52-ാം ബൂത്തിലും വോട്ടുചെയ്തതായി കണ്ടെത്തി. ഇയാൾ സ്വന്തം ബൂത്തിലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സയൂജിനെ സഹായിച്ചതായി കരുതുന്ന കെ.പി. മുഹമ്മദ് ഷാഫിയുടെ പങ്ക് അന്വേഷിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. ഇവിടത്തെ ഉദ്യോഗസ്ഥർ, പോളിങ് ഏജന്റുമാർ എന്നിവരുടെ പങ്കും അന്വേഷിക്കുമെന്ന് മീണ അറിയിച്ചു. content highlights:bogus voting,kannur, election commission


from mathrubhumi.latestnews.rssfeed http://bit.ly/2YoKrES
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages