ദേശീയപാത: ഉത്തരവ് തിരുത്തിയില്ല, തീരാതെ അവ്യക്തത - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

ദേശീയപാത: ഉത്തരവ് തിരുത്തിയില്ല, തീരാതെ അവ്യക്തത

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതാ വികസനം ഒന്നാം മുൻഗണനാപട്ടികയിൽനിന്ന് മാറ്റിയത് റദ്ദാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞെങ്കിലും ദേശീയപാതാ അതോറിറ്റിയുടെ പുതിയ ഉത്തരവിലും തിരുത്തിയില്ല. പകരം മേയ് രണ്ടുവരെയുള്ള സ്ഥലം ഏറ്റെടുപ്പിന്റെ സ്ഥിതി അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇത് പാതാവികസനം വീണ്ടും വൈകിപ്പിക്കുമെന്നാണ് സംസ്ഥാനസർക്കാരിന്റെ ആശങ്ക. അവ്യക്തത നീക്കി ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ദേശീയപാതാ അതോറിറ്റി ചെയർമാനും നിതിൻ ഗഡ്കരിക്കും കത്ത് അയച്ചു. സ്ഥലമേറ്റെടുക്കലുൾപ്പെടെ എല്ലാ നടപടികളും 2021 ഫെബ്രുവരി വരെ നിർത്തിവെക്കാനുള്ള ദേശീയ പാതാ അതോറിറ്റിയുടെ നിർദേശം വിവാദമായതിനെത്തുടർന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇടപെട്ടിരുന്നു. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ രണ്ടാം മുൻഗണനയിലാക്കിയ അതോറിറ്റിയുടെ തീരുമാനം റദ്ദാക്കുമെന്നാണ് ഗഡ്കരി പറഞ്ഞത്. ദേശീയപാത-66 നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ മുന്നേറുന്നതിനിടെ, മുൻഗണനയിലുണ്ടായ മാറ്റം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നടപടികൾ നിർത്തിവെക്കാനുള്ള അതോറിറ്റിയുടെ തീരുമാനം പ്രതിഷേധത്തിനും കാരണമായി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും ഇടപെട്ടു. 2021 ഫെബ്രുവരിവരെ നടപടികൾ നിർത്തിവെക്കാനുള്ള അതോറിറ്റിയുടെ നിർേദശം സംസ്ഥാനത്തിന്റെ പാതാവികസനം തടയുന്നതാണെന്ന വിമർശനം സർക്കാരും രാഷ്ട്രീയ പാർട്ടികളും ഉയർത്തി. കേരളത്തിന്റെ വികസനം രണ്ടുവർഷം പിന്നോട്ടടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഗഡ്കരി ഇടപെട്ടതും തീരുമാനം റദ്ദാക്കുമെന്ന് ഉറപ്പ് നൽകിയതും. അതോറിറ്റിയുടെ നിർദേശപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി അറിയിക്കാനുള്ള ഇപ്പോഴത്തെ നിർദേശം സാധാരണഗതിയിൽ ചെയ്തുവരുന്നതാണെന്ന് സുധാകരൻ പറയുന്നു. ജില്ലകളിലെ സ്ഥലമേറ്റെടുപ്പിന്റെ വിവിധഘട്ടങ്ങളിലെ വിവരങ്ങൾ ഓൺലൈനായി അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. പലയിടത്തും വിജ്ഞാപനം ഉണ്ടായിട്ടില്ല. ഒന്നാം പട്ടികയിലുള്ള കാസർകോട് ജില്ലയിലെ രണ്ടു റീച്ചുകളുടെ നടപടികൾ 11 മാസം മുമ്പ് പൂർത്തിയാക്കിനൽകി. ഈ സാഹചര്യത്തിൽ ബാക്കിയുള്ളവയുടെ വികസനം രണ്ടാംപട്ടികയിൽ തുടരുന്നത് തിരിച്ചടിയാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. ഭൂമിയേറ്റെടുക്കൽ നടപടികളുടെ രണ്ടാംതീയതിവരെയുള്ള സ്ഥിതി അതോറിറ്റിക്ക് നൽകി അംഗീകാരംതേടി തുടരാമെന്ന ഭേദഗതി ഉത്തരവിലെ വ്യവസ്ഥ ദോഷകരമാവുമെന്നും സംസ്ഥാനം വിലയിരുത്തുന്നു. അതോറിറ്റിയുടെ തീരുമാനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും എന്നതാണ് കാരണം. അതുകൊണ്ടുതന്നെ ആദ്യമിറക്കിയ വിജ്ഞാപനം റദ്ദാക്കുകയാണ് വേണ്ടതെന്ന് സംസ്ഥാനം കരുതുന്നു. നടപടികൾ നിർത്തിവെക്കണമെന്ന നിർദേശം റദ്ദാക്കി ഒന്നാംമുൻഗണന പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ദേശീയപാതാ അതോറിറ്റി ചെയർമാനും കേന്ദ്രമന്ത്രിക്കും വീണ്ടും കത്തയച്ചതെന്നു മന്ത്രി സുധാകരൻ അറിയിച്ചു. തലപ്പാടി-ചെങ്ങള, ചെങ്ങള-കാലിക്കടവ് പാതകളുടെയും കോഴിക്കോട് ബൈപാസിന്റെയും കാര്യവും വീണ്ടും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. content highlights:national highway development


from mathrubhumi.latestnews.rssfeed http://bit.ly/2VtptYi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages