ദേശീയപാതയ്ക്ക് കേന്ദ്രവിലക്ക്: ബി.ജെ.പി.ക്കെതിരേ സി.പി.എമ്മും സർക്കാരും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 7, 2019

ദേശീയപാതയ്ക്ക് കേന്ദ്രവിലക്ക്: ബി.ജെ.പി.ക്കെതിരേ സി.പി.എമ്മും സർക്കാരും

തിരുവനന്തപുരം/കോഴിക്കോട്: ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുപ്പ് നിർത്തിവെക്കാനുള്ള കേന്ദ്ര നിർദേശത്തിൽ ബി.ജെ.പി.ക്കെതിരേ സി.പി.എമ്മും സർക്കാരും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻഗഡ്കരിക്ക് അയച്ച കത്ത് പുറത്തുവന്നതോടെ ഇതേച്ചൊല്ലിയുള്ള വിവാദങ്ങൾ മുറുകുകയാണ്. കത്ത് ആയുധമാക്കി ശ്രീധരൻപിള്ളയ്ക്കും ബി.ജെ.പി.ക്കുമെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. എന്നാൽ, ഭൂമി ഏറ്റെടുക്കലിനെതിരേ സംയുക്ത സമരസമിതി നൽകിയ നിവേദനം മന്ത്രിക്ക് അയച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും നിവേദകസംഘത്തിൽ സി.പി.എം. നേതാക്കളും ഉണ്ടായിരുന്നെന്നും ശ്രീധരൻപിള്ള തിരിച്ചടിച്ചു. സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് തിരിച്ചടിയാണ് കേന്ദ്രത്തിന്റെ നിർദേശം. ഭൂമി ഏറ്റെടുക്കാനുള്ള 'മൂന്ന് ഡി' വിജ്ഞാപനമിറക്കുന്നതുമുതലുള്ള നടപടികൾക്കുള്ള വിലക്കിനുപിന്നാലെയാണ് 2018 സെപ്റ്റംബർ 14-ന് ശ്രീധരൻപിള്ള സ്വന്തം ലെറ്റർഹെഡിലയച്ച കത്തും പുറത്തുവന്നത്. ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത 66-ന് ഭൂമിയേറ്റെടുക്കുന്നത് അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കണമെന്ന് നിവേദനത്തോടൊപ്പം കേന്ദ്രമന്ത്രിക്ക് അയച്ച കത്തിലുണ്ട്. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിലായിരുന്നു നിവേദനം. മലയോര-തീരദേശ പാതകൾക്കുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുനീങ്ങുമ്പോഴാണ് ദേശീയപാതാവികസനം തടഞ്ഞുള്ള മോദിസർക്കാരിന്റെ ഇരുട്ടടിയെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഇതിനു പ്രേരണയേകുകയും കൂട്ടുനിൽക്കുകയും ചെയ്യുന്ന സമീപനമാണ് ശ്രീധരൻപിള്ളയിൽനിന്ന് ഉണ്ടായിരിക്കുന്നതെന്നും കേന്ദ്രസർക്കാരിന് അയച്ച കത്ത് ഇതിന് തെളിവാണെന്നുമാണ് കോടിയേരിയുടെ വിമർശനം. ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷപദവി കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് ശ്രീധരൻപിള്ളയെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്ന് തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചുവരുകയായിരുന്നു. എല്ലാം അട്ടിമറിച്ച ശ്രീധരൻപിള്ളയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും കേരളം മാപ്പുനൽകില്ലെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു. പിഎച്ച്.ഡി. കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ല -ശ്രീധരൻപിള്ള മന്ത്രി തോമസ് ഐസക്കിന്റെ ആരോപണങ്ങൾ വേദനയോടെയും പുച്ഛത്തോടെയും തള്ളുന്നുവെന്ന് പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. പിഎച്ച്.ഡി. കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ദേശീയപാതാ സംയുക്ത സമരസമിതി സമർപ്പിച്ച നിവേദനം നിയമപരമായി സാധ്യമായത് ചെയ്യാനുള്ള ശുപാർശയോടെ തന്റെ കവറിങ് ലെറ്ററോടുകൂടി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്ക് അയയ്ക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല. 1972-ൽ ദേശീയപാതാ വികസനത്തിന് ഏറ്റെടുത്ത സ്ഥലത്തിന് ഇതുവരെ മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാതെ വീണ്ടും ഭൂമി ഏറ്റെടുക്കുന്നതിലുള്ള ആശങ്കയാണ് സമരസമിതി പങ്കുവെച്ചത്. ഇടപ്പള്ളി-മൂത്തകുന്നം ഭാഗത്ത് പ്രളയത്തിൽപ്പെട്ടവരുടെ സ്ഥലമേറ്റെടുക്കൽ താത്കാലികമായി നിർത്തിവെക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ജനകീയ ആവശ്യമാണെന്ന് കണ്ടാണ് നിവേദനം കേന്ദ്രമന്ത്രിക്ക് അയച്ചത്. നിരാശമൂത്ത സി.പി.എം. നേതാക്കൾ മാനിയാക്കുകളെപ്പോലെ പെരുമാറുകയാണ്. മനുഷ്യൻ അധഃപതിച്ചാൽ മൃഗമാകുമെന്നും മൃഗം അധഃപതിച്ചാൽ കമ്യൂണിസ്റ്റാകുമെന്നും സുകുമാർ അഴീക്കോട് പണ്ട് പറഞ്ഞത് ഇന്നത്തെ ചില സി.പി.എം. നേതാക്കളെ മുന്നിൽക്കണ്ടാവുമെന്ന് ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. content highlights:national highway, bjp, cpm, congress, kerala


from mathrubhumi.latestnews.rssfeed http://bit.ly/2DSk2HF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages