തിരഞ്ഞെടുപ്പ് യുദ്ധം അന്തിമഘട്ടത്തിലേക്ക്‌ അടിയൊഴുക്കെങ്ങോട്ട്‌ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 17, 2019

തിരഞ്ഞെടുപ്പ് യുദ്ധം അന്തിമഘട്ടത്തിലേക്ക്‌ അടിയൊഴുക്കെങ്ങോട്ട്‌

ആകാംക്ഷയും പിരിമുറുക്കവും പോർവിളികളും നിറഞ്ഞാടിയ രാഷ്ട്രീയയുദ്ധം അവസാനഘട്ടത്തിലേക്ക് കടക്കാൻ ദിവസങ്ങൾമാത്രം ബാക്കി. ഞായറാഴ്ച ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണപ്രദേശത്തെയും 59 മണ്ഡലങ്ങൾകൂടി വിധിയെഴുതിക്കഴിയുമ്പോൾ ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് യുദ്ധത്തിന്റെ ഫലമറിയാനുള്ള കാത്തിരിപ്പ് ബാക്കി. ഏപ്രിൽ 11-ന് ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയയാണ് ഈ മാസം 19-ന് അവസാനിക്കുന്നത്. 23-ന് വിധിയെഴുത്ത് പുറത്തുവരുന്നതോടെ പതിനേഴാം ലോക്സഭയിലെ അംഗങ്ങളാരൊക്കെയെന്ന് വ്യക്തമാകും. ആന്ധ്ര, അരുണാചൽപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും ഇതോടൊപ്പം പുറത്തുവരും. ഏഴുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാണ് ഇനി അരങ്ങേറാനുള്ളത്. ഉത്തർപ്രദേശ് (13 മണ്ഡലങ്ങൾ), ബിഹാർ (എട്ട്), പഞ്ചാബ് (13), ഹിമാചൽപ്രദേശ് (4), ജാർഖണ്ഡ് (3), മധ്യപ്രദേശ് (8), ബംഗാൾ (9) എന്നീ സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലെ ഒരു മണ്ഡലവുമാണ് ഏഴാം ഘട്ടത്തിൽ ജനവിധി തേടുക. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയാണ് ഒടുവിൽ വിധിയെഴുതുന്നതിൽ പ്രധാനപ്പെട്ടത്. ജൂൺ മൂന്നിനാണ് പതിനാറാം ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത്. പതിനേഴാം ലോക്സഭ മൂന്നിനുമുമ്പ് നിലവിൽ വരണമെന്നാണ് വ്യവസ്ഥ. 2014 മേയ് 26-നാണ് കഴിഞ്ഞ സർക്കാർ അധികാരമേറ്റത്. പ്രാദേശിക പാർട്ടികളുടെപോരാട്ടം ഉത്തരേന്ത്യയിലെ വേനൽച്ചൂടിനെയും തോൽപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ രാഷ്ട്രീയയുദ്ധം. പ്രശ്നാധിഷ്ഠിത വിഷയങ്ങളിൽ തുടങ്ങിയ തിരഞ്ഞെടുപ്പുപ്രചാരണം ആരോപണ-പ്രത്യാരോപണങ്ങൾ കടന്ന് വ്യക്തിപരമായ ആക്ഷേപങ്ങളിലേക്കും ചെളിവാരിയെറിയലുകളിലേക്കും പൊടുന്നനെ വഴുതിവീഴുകയും സംഘർഷങ്ങളിലേക്ക് വളരുകയും ചെയ്യുന്ന രംഗങ്ങളാണ് കൊട്ടിക്കലാശത്തിലെത്തുമ്പോൾ കാണുന്നത്. ബംഗാളിലെ തെരുവുകളിൽ അക്ഷരാർഥത്തിൽ തീ ആളിയത് ജനാധിപത്യപ്രക്രിയയിൽ വീണ കളങ്കമായി.ബംഗാളിൽ അരങ്ങേറിയത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും രാജ്യത്ത് ഇക്കുറി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപിരിമുറുക്കങ്ങളുടെ സാക്ഷ്യപത്രമായി ഇതിനെ കാണാം. കേന്ദ്രഭരണം തുടരുകയെന്ന ബി.ജെ.പി.യുടെ മുദ്രാവാക്യവും ഭരണം പിടിക്കുകയെന്ന പ്രതിപക്ഷപാർട്ടികളുടെ മുദ്രാവാക്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമായി ഇതിനെ കാണാനാവില്ല. സംസ്ഥാനങ്ങളിലെ പ്രാദേശിക രാഷ്ട്രീയത്തിന്റെയും പ്രാദേശിക നേതാക്കളുടെ മേധാവിത്വത്തിന്റെയും ബലപരീക്ഷണംകൂടിയാണ് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പ്. വ്യാഖ്യാനങ്ങൾ പലവിധം 2014-ന് സമാനമായി ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ അനുകൂലമായ തരംഗം വീശിയ തിരഞ്ഞെടുപ്പല്ല ഇത്തവണത്തേത്. 2014-ൽ മോദിതരംഗം തൊട്ടറിയാവുന്ന നിലയിൽ ശക്തമായിരുന്നു. പ്രചാരണത്തിന്റെ തുടക്കംമുതൽ ഒടുക്കംവരെ ബി.ജെ.പി.യുടെ മേധാവിത്വം അന്ന് ദൃശ്യമായിരുന്നു. ജയിക്കാൻ പോകുന്നത് മോദിയും ബി.ജെ.പി.യുമാണെന്ന് കുട്ടികൾക്കുപോലും പ്രവചിക്കാവുന്നത്ര വ്യക്തം. എന്നാൽ, ഇക്കുറി സ്ഥിതി വ്യത്യസ്തമാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. ഇപ്രാവശ്യം മേൽത്തട്ട് ഏറക്കുറെ നിശ്ചലവും അടിത്തട്ട് വാചാലവുമായിരുന്നു. തരംഗങ്ങളുടെ പ്രവാഹം ഏതെങ്കിലും രാഷ്ട്രീയധാരകൾക്ക് അനുകൂലമായി ഉയരാതെ തിരഞ്ഞെടുപ്പുകളം സങ്കീർണമാകുകയായിരുന്നു. ഈ അന്തരീക്ഷത്തെ മൂന്നുതരത്തിൽ വ്യാഖ്യാനിക്കാം. ഒന്ന്: തരംഗമില്ലെന്നത് ഭരണവിരുദ്ധ തരംഗമില്ല എന്നതിന്റെ സൂചനയാണ്. രണ്ട്: പുറമേ നിശ്ശബ്ദമെങ്കിലും താഴെത്തട്ടിൽ ഭരിക്കുന്ന സർക്കാരിനെതിരായി വോട്ട് ഏകീകരണം നടക്കുന്നു. മൂന്ന്: വിവിധ സംസ്ഥാനങ്ങളിൽ വിവിധ പ്രാദേശിക വിഷയങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത മത്സരങ്ങൾ നടക്കുന്നു. ഈ മൂന്ന് നിരീക്ഷണങ്ങൾക്ക് മൂന്നുതരത്തിലുള്ള അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ട്. മോദിസർക്കാരിനെതിരേ ഭരണവിരുദ്ധ വികാരമില്ലെന്നും ചരിത്രത്തിൽ ആദ്യമായാണ് ഭരിച്ചിറങ്ങിയ സർക്കാരിനെതിരേ തിരഞ്ഞെടുപ്പിൽ പ്രതികൂല വികാരങ്ങളില്ലാത്തതെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി.യാണ് ആദ്യത്തെ വ്യാഖ്യാനം കണ്ടെത്തിയത്. രാജ്യത്ത് സർക്കാരിന് അനുകൂലമായ വികാരമുണ്ടെന്നും അവർ വാദിക്കുന്നു. രണ്ടാമത്തെ വ്യാഖ്യാനത്തിന് അവകാശവാദം ഉയർത്തിയിരിക്കുന്നത് സ്വാഭാവികമായും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികളാണ്. രാജ്യത്ത് നിലനിൽക്കുന്ന സാമൂഹികാന്തരീക്ഷംമൂലം വലിയ ഒരു വിഭാഗം മൗനം പാലിക്കുകയാണെന്നും ഇവർക്ക് മോദി സർക്കാരിനെതിരേ കടുത്തരോഷമുണ്ടെന്നും ഈ വോട്ടുകൾ ബി.ജെ.പി.ക്കെതിരേ ഏകീകരിക്കപ്പെടുമെന്നും പ്രതിപക്ഷം വാദിക്കുന്നു.മൂന്നാമത്തെ അവകാശവാദത്തിന്റെ ഉടമകൾ വിവിധ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള പ്രാദേശിക പാർട്ടികളാണ്. ഇക്കുറി ദേശീയരാഷ്ട്രീയത്തെ നിർണയിക്കുക പ്രാദേശിക പാർട്ടികളാണെന്ന നിരീക്ഷണമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. ഉത്തരമില്ലാത്ത സമവാക്യങ്ങൾ വ്യാഖ്യാനങ്ങൾ എന്തായാലും എളുപ്പമുള്ള സമവാക്യങ്ങൾകൊണ്ട് ഉത്തരം പറയാനാവാത്ത നിലയിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് സങ്കീർണമാണെന്നാണ് പൊതുധാരണ. എങ്കിലും പാർട്ടികളും മുന്നണികളും തങ്ങളുടെ വിജയസമവാക്യങ്ങൾ മുന്നോട്ടുവെക്കാൻ മടിക്കുന്നില്ല. മുന്നൂറിലധികം സീറ്റുനേടി ബി.ജെ.പി. അധികാരത്തിലെത്തുമെന്നും എൻ.ഡി.എ.സർക്കാരുണ്ടാക്കുമെന്നും മോദി പ്രധാനമന്ത്രിയാകുമെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ അവകാശപ്പെടുന്നു. സീറ്റെണ്ണം പറയുന്നില്ലെങ്കിലും മോദിയെ അധികാരത്തിൽനിന്ന് നീക്കുമെന്നും പ്രതിപക്ഷം സർക്കാരുണ്ടാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പറയുന്നു. പ്രാദേശിക പാർട്ടികൾ മുൻകൈയെടുത്ത് കോൺഗ്രസിതര-ബി.ജെ.പി. ഇതര സർക്കാരുണ്ടാക്കുമെന്ന് ഫെഡറൽ ഫ്രണ്ട് എന്ന ബദൽ കൂട്ടായ്മയ്ക്ക് രൂപംകൊടുത്ത കെ. ചന്ദ്രശേഖർ റാവു പറയുന്നു. പറച്ചിലുകളുടെ അർഥാന്തരങ്ങൾക്ക് ഒരാഴ്ചയുടെ ആയുസ്സുമാത്രമെന്ന് ജനങ്ങളും വിലയിരുത്തുന്നു. സഖ്യങ്ങളും പ്രചാരണങ്ങളും 2014-ൽ പടലപിരിഞ്ഞുനിന്ന പ്രതിപക്ഷ പാർട്ടികളായിരുന്നു നരേന്ദ്രമോദിയെയും ബി.ജെ.പി. യെയും നേരിട്ടത്. യു.പി.എ. സർക്കാരിനെതിരേ ഉടലെടുത്ത അഴിമതി ആരോപണങ്ങളും അതിനെതിരേ രാജ്യവ്യാപകമായി ഉയർന്ന പ്രസ്ഥാനങ്ങളും രൂപപ്പെടുത്തിയ രാഷ്ട്രീയാന്തരീക്ഷത്തിലാണ് 2014-ൽ രാജ്യം വിധിയെഴുതിയത്. അതുകൊണ്ടുതന്നെ ഈ രണ്ട് ഘടകങ്ങളും മോദിക്കും ബി.ജെ.പി.ക്കും അനുകൂലമായി. അതുകൊണ്ട് 2014-ൽനിന്ന് വ്യത്യസ്തമായി പ്രതിപക്ഷം ഒറ്റക്കെട്ടായിട്ടായിരിക്കും മോദിയെയും ബി.ജെ.പി.യെയും ഇത്തവണ നേരിടുകയെന്ന പ്രതീതി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾക്കുമുമ്പുതന്നെ ദേശീയ രാഷ്ട്രീയത്തിൽ സൃഷ്ടിക്കപ്പെട്ടിരുന്നു. ബിഹാറിൽ പരീക്ഷിച്ച മഹാസഖ്യം, ഉത്തർപ്രദേശിൽ രൂപമെടുത്ത എസ്.പി.-ബി.എസ്.പി. സഖ്യം എന്നിവയുടെ ചുവടുപിടിച്ചാണ് പ്രതിപക്ഷസഖ്യത്തിന് ഘടന നിശ്ചയിക്കപ്പെട്ടത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷംനേടിയ വിജയം ഇതിന് ആത്മവിശ്വാസം നൽകി. ഫെബ്രുവരിയിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന പ്രതിപക്ഷപാർട്ടികളുടെ യോഗം പ്രതിപക്ഷകൂട്ടായ്മ രൂപവത്കരിച്ചു. മോദിയെ നേരിടാനുള്ള പ്രചാരണവിഷയങ്ങൾക്കും പ്രതിപക്ഷ നേതാക്കൾ രൂപംകൊടുത്തു. റഫാൽ അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ, നോട്ട് പിൻവലിക്കൽ, ന്യൂനപക്ഷ-ദളിത് വിഭാഗങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾ, ഭരണഘടനാസ്ഥാപനങ്ങൾക്ക് നേരെയുള്ള കൈയേറ്റം, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ ആയുധങ്ങൾകൊണ്ട് പ്രതിപക്ഷം ആവനാഴി നിറച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പ്രതിപക്ഷകൂട്ടായ്മയുടെ സാന്നിധ്യം വിവിധ കാരണങ്ങളാൽ ദേശീയരാഷ്ട്രീയത്തിൽ കാര്യമായി ഉയർന്നില്ലെന്നതാണ് വൈരുധ്യം. കൂട്ടായ്മയുടെ ലക്ഷ്യം, സമവാക്യം, നേതൃത്വം, ആശയം തുടങ്ങിയവയെച്ചൊല്ലി ഉടലെടുത്ത ആശയക്കുഴപ്പങ്ങളാണ് കൂട്ടായ്മയ്ക്ക് മങ്ങലേൽപ്പിച്ചത്. മഹാസഖ്യത്തിന്റെ തട്ടകമായ ബിഹാറിൽപോലും പ്രതിപക്ഷസഖ്യം ഫലപ്രദമായില്ല. ഉത്തർപ്രദേശിൽ എസ്.പി.-ബി.എസ്.പി. സഖ്യം തുടർന്നെങ്കിലും സീറ്റ് പങ്കുവെപ്പിൽ കോൺഗ്രസ് തഴയപ്പെട്ടു. പ്രധാനമന്ത്രി മത്സരിക്കുന്ന വാരാണസിയിൽപോലും ഒരു പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഈ ആശയക്കുഴപ്പത്തോടൊപ്പം പുൽവാമ ആക്രമണം, ബാലാകോട്ട് പ്രത്യാക്രമണം തുടങ്ങിയ അപ്രതീക്ഷിത വിഷയങ്ങളിലേക്ക് ദേശീയരാഷ്ട്രീയം എടുത്തെറിയപ്പെട്ടതും പ്രതിപക്ഷചർച്ചകൾക്ക് സാധ്യത കുറച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയസുരക്ഷ, ഭീകരവാദം, ദേശീയത തുടങ്ങിയ പുതിയ വിഷയങ്ങൾ പുൽവാമ, ബാലാകോട്ട് വിഷയങ്ങളുടെ അകമ്പടിയോടെ ബി.ജെ.പി.യും മോദിയും ഉയർത്തിയപ്പോൾ പ്രതിപക്ഷം തെല്ല് അമ്പരന്നു. തുടർന്ന് ഈ അജൻഡകൾ തെളിച്ച വഴിയിലൂടെ തിരഞ്ഞെടുപ്പുപ്രചാരണം നീങ്ങിയപ്പോൾ ഇതിനോട് കൊണ്ടും കൊടുത്തും പ്രതിപക്ഷ പാർട്ടികൾക്ക് നിലയുറപ്പിക്കേണ്ടിവന്നു. സാധാരണ വോട്ടർമാരെ സ്വാധീനിക്കാനായി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് 'ന്യായ്' പദ്ധതി ആവിഷ്കരിച്ചത് പ്രതിപക്ഷത്തിന് ഇടക്കാലത്ത് പിടിവള്ളിയായി. എന്നിട്ടും ബി.ജെ.പി.യും മോദിയും നിശ്ചയിച്ച അജൻഡകൾക്ക് പിന്നാലെ പോകുന്ന പ്രതിപക്ഷത്തെയാണ് തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ചുതന്നത്. റഫാൽ ഇടപാട് ഉന്നയിച്ചാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും നേതാവ് പ്രിയങ്കാ ഗാന്ധിയും വിവിധ വേദികളിൽ വിഷയം സജീവചർച്ചയാക്കി. ഈ പ്രചാരണം ശക്തമായപ്പോൾ മോദിയെയും ഷായെയും കൂടാതെ കേന്ദ്രമന്ത്രിമാരെയും നിരത്തി ബി.ജെ.പി. പ്രതിരോധിക്കേണ്ടിവന്നു. എന്നാൽ, കാവൽക്കാരൻ (ചൗക്കീദാർ) കള്ളനാണെന്ന രാഹുലിന്റെ ആരോപണം പ്രചാരണായുധമാക്കി സാധാരണക്കാരെ സ്വാധീനിക്കാൻ ബി.ജെ.പി. നടത്തിയ നീക്കത്തിനും ഈ ഘട്ടം സാക്ഷ്യംവഹിച്ചു. തുടർന്ന് പ്രചാരണത്തിന്റെ ചുക്കാൻ പലപ്പോഴും ബി.ജെ.പി. കൈവശംവെച്ചു. മര്യാദലംഘനത്തിന്റെ അവസാന ലാപ് മൂന്നുഘട്ടങ്ങളിൽ റഫാൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷവും ദേശീയതയും ഭീകരവാദവും ഉന്നയിച്ച് ഭരണപക്ഷവും നടത്തിയ രാഷ്ട്രീയപോരാട്ടമാണ് അരങ്ങേറിയത്. എന്നാൽ, നാലാം ഘട്ടമായപ്പോൾ, പ്രചാരണത്തിന്റെയും പ്രചാരണവിഷയങ്ങളുടെയും സ്വഭാവം മാറി. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്കും ആരോപണങ്ങളിലേക്കും പ്രചാരണം വഴിമാറി. പൊതുമര്യാദയുടെ സീമകൾ ചില ഘട്ടങ്ങളിൽ ലംഘിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് പരാതികളുടെ പ്രവാഹമായി. മോദിയുൾപ്പെടെയുള്ള നേതാക്കൾക്കെതിരേ പ്രതിപക്ഷവും രാഹുലിനെതിരേ ഭരണപക്ഷവും പലവട്ടം പരാതി നൽകി. ചില നേതാക്കളെ കമ്മിഷൻ വിലക്കി. ചിലരെ ശാസിച്ചു. പ്രചാരണമുയർത്തിയ പിരിമുറുക്കത്തിന്റെ മൂർധന്യത്തിലാണ് ബംഗാളിൽ ചൊവ്വാഴ്ച ബി.ജെ.പി.യും ടി.എം.സി.യും തെരുവിൽ ഏറ്റുമുട്ടിയത്. ഭരണം ആർക്ക് സങ്കീർണമായ ഏറ്റുമുട്ടലിനുശേഷം ഫലം കാത്തിരിക്കുന്ന വേളയിൽ, രാജ്യത്ത് രൂപപ്പെടാൻ പോകുന്ന രാഷ്ട്രീയസമവാക്യങ്ങളെക്കുറിച്ചായിരിക്കും സജീവ ചർച്ച. ബി.ജെ.പി. ഭരണം തുടരുമോ?, കോൺഗ്രസ് ഭരണം പിടിക്കുമോ?, പ്രതിപക്ഷം നില മെച്ചപ്പെടുത്തുമോ? എന്ന ചോദ്യങ്ങൾ ഉയരുന്നു. ദേശീയരാഷ്ട്രീയത്തിന് മാത്രമല്ല, സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച പ്രാദേശിക രാഷ്ട്രീയത്തിനും ജനവിധി നിർണായകമാണ്. രാജ്യത്തെ പൊതുരാഷ്ട്രീയ ധാരകളിൽ ഈ തിരഞ്ഞെടുപ്പ് മാറ്റമുണ്ടാക്കുമോ എന്നതാണ് ഏറ്റവുംവലിയ ചോദ്യം. Content Highlights:loksabha election 2019 analysis


from mathrubhumi.latestnews.rssfeed http://bit.ly/2HvyPsB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages