ദുബായ്: യു.എ.ഇ. ഉൾപ്പെടെ 18 രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് എമിഗ്രേഷൻ രജിസ്ട്രേഷൻ കേന്ദ്രസർക്കാർ നിർബന്ധമാക്കി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാവും. രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ഇന്ത്യയിൽനിന്ന് വിമാനം കയറാൻ സാധിക്കില്ല. നിലവിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ. പാസ്പോർട്ട് ഉടമകൾക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കുകയാണെന്ന് വിദേശകാര്യവകുപ്പ് കഴിഞ്ഞ ദിവസം സർക്കുലർവഴി അറിയിച്ചിരുന്നു. യു.എ.ഇ. ഉൾപ്പെടെ 18 വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ രാജ്യങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവർക്കും ഇതു ബാധകമാകും. ഈ രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിൽ പോകുന്ന സമയത്ത് www.emigrate.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. തിരിച്ചുവരുന്നതിന് 21 ദിവസംമുമ്പുമുതൽ 24 മണിക്കൂർമുമ്പുവരെ രജിസ്ട്രേഷന് സമയമുണ്ട്. വ്യക്തിപരമായ വിവരങ്ങൾ, തൊഴിലുടമയുടെ വിവരങ്ങൾ, വിസ സംബന്ധിച്ച വിശദാംശങ്ങൾ, വിദേശത്തെ വിലാസം എന്നിവയെല്ലാം രജിസ്ട്രേഷൻസമയത്ത് നൽകണം. രജിസ്ട്രേഷൻ പൂർത്തിയാകാത്തവരെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയയ്ക്കുമെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ അറിയിപ്പായി അപേക്ഷകന് എസ്.എം.എസ്., ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കും. ഇത് വിമാനത്താവളത്തിൽ കാണിച്ചാൽമാത്രമേ വിമാനത്തിൽ കയറാൻ സാധിക്കുകയുള്ളൂ. വിസ പുതുക്കുമ്പോൾ രജിസ്ട്രേഷൻ പുതുക്കേണ്ടതില്ല. എന്നാൽ വിദേശരാജ്യത്തെ തൊഴിൽസ്ഥാപനം മാറുമ്പോൾ രജിസ്ട്രേഷൻ പുതുക്കുകയും വേണം. ഇന്ത്യയിൽനിന്ന് പുറപ്പെടുന്നതിന് 24 മണിക്കൂർമുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. തൊഴിൽസുരക്ഷ ഉറപ്പാക്കും എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവരുടെ തൊഴിൽസുരക്ഷ ഉറപ്പുവരുത്താൻ 2015 മുതലാണ് ഇ-മൈഗ്രേറ്റ് പോർട്ടൽ തുടങ്ങിയത്. തൊഴിൽസുരക്ഷ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ.സി.എൻ.ആർ. പാസ്പോർട്ടുകൾ ഉള്ളവർക്കും രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. വിദേശത്ത് തൊഴിൽതേടുന്ന ഇന്ത്യക്കാർ തട്ടിപ്പിനിരയാകുന്നത് തടയാനും അവർക്ക് അനുയോജ്യമായ തൊഴിൽസാഹചര്യങ്ങൾ ഉറപ്പുവരുത്താനും ഇതു സഹായമാകുമെന്ന് അധികൃതർ പറഞ്ഞു. യു.എ.ഇ.ക്കുപുറമേ കുവൈത്ത്, ബഹ്റൈൻ, സൗദി, ഒമാൻ, ഖത്തർ, മലേഷ്യ, ഇറാഖ്, ജോർദാൻ, തായ്ലൻഡ്, യെമെൻ, ലിബിയ, ഇൻഡൊനീഷ്യ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽവിസയിൽ പോകുമ്പോഴും ഇതു ബാധകമാണ്. രജിസ്ട്രേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 1800113090 എന്ന ടോൾഫ്രീ നമ്പറിലോ helpline@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ഒറ്റനോട്ടത്തിൽ * യു.എ.ഇ. ഉൾപ്പെടെ 18 രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് എമിഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമാക്കി *നിലവിൽ ഈ രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർ നാട്ടിൽപോകുമ്പോൾ തിരിച്ചുവരുന്നതിനുമുമ്പ് രജിസ്റ്റർ ചെയ്യണം * ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകും * രജിസ്റ്റർ ചെയ്യാത്തവർക്ക് ഇന്ത്യയിൽനിന്ന് വിമാനം കയറാൻ സാധിക്കില്ല. * www.emigrate.gov.in വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. * വിസ പുതുക്കുമ്പോൾ രജിസ്ട്രേഷൻ പുതുക്കണ്ട. എന്നാൽ തൊഴിൽവിസ മാറുമ്പോൾ രജിസ്ട്രേഷൻ പുതുക്കണം content highlights:Emigration Clearance for ECR Countries
from mathrubhumi.latestnews.rssfeed https://ift.tt/2S3a3DQ
via
IFTTT
No comments:
Post a Comment