കൊച്ചി; ശബരിമല സന്നിധാനത്തെ നടപ്പന്തലിൽ പ്രശ്നങ്ങളുണ്ടാക്കിയത് ആർഎസ്എസുകാരാണെന്ന് അഡ്വക്കേറ്റ്സ് ജനറൽ ഹൈക്കോടതിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് പ്രശ്നങ്ങളുണ്ടാക്കിയത്. വിശ്വാസികൾക്ക് അവിടെ എല്ലാ സൗകര്യങ്ങളുമുണ്ടെന്നും വിശ്വാസികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എ.ജി കോടതിയിൽ പറഞ്ഞു. മൂന്നിടങ്ങളിലായി 4000 പേർക്ക് വിശ്രമിക്കാനായി സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് എ.ജി പറഞ്ഞു. കുടിവെള്ളമുൾപ്പെടെ മതിയായ സൗകര്യങ്ങൾ ഇവിടെയുണ്ട്. അതിനിടെ ബിജെപിയുടെ സർക്കുലർ എ.ജി കോടതിയിൽ ഹാജരാക്കി. ഇതോടെ അറസ്റ്റ് നടപടികളിൽ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. ശബരിമലയിൽ എല്ലാവർക്കും അവരുടേതായ അജണ്ടകളുണ്ടെന്നും കോടതി പറഞ്ഞു. സർക്കാരിനുവേണ്ടി എ.ജി അറിയിച്ച കാര്യങ്ങളിൽ വിശ്വാസമർപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. മാത്രമല്ല വെള്ളിയാഴ്ച സംസ്ഥാന പോലീസ് മേധാവി സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അതോടൊപ്പം ദേവസ്വം ബോർഡും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള കാരണങ്ങൾ എന്തൊക്കെ, ഓരോ നിലപാടുകൾ സ്വീകരിച്ചത് ആരൊക്കെ, ഉദ്യോഗസഥരുടെ ശബരിമലയുമായി ബന്ധപ്പെട്ട അനുഭവ സമ്പത്ത്, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ മുൻ പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് പോലീസ് മേധാവി സത്യവാങ്മൂലം നൽകണം. സന്നിധാനത്ത് ഒരേസമയം എത്രപേർക്ക് എവിടെയൊക്കെ തങ്ങാൻ സാധിക്കുമെന്നതടക്കമുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് കോടതിയെ അറിയിക്കണം. വലിയ നടപ്പന്തലിൽ ഭക്തർക്ക് ഇരിക്കാനുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. വലിയ നടപ്പന്തലിൽ നിന്ന് പ്രായമായവർ, കുട്ടികൾ, സ്ത്രീകൾ, ശാരീരിക അവശതകളുള്ളവർ എന്നിവരെ വിരിവെക്കുന്നതിൽ നിന്ന് തടയാൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. ഇതോടെ വലിയ നടപ്പന്തലിൽ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ പോലീസിന് പൂർണമായും നിയന്ത്രണം കൊണ്ടുവരാൻ സാധിക്കില്ല. മാത്രമല്ല നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തിട്ടുള്ള ആരെയും സന്നിധാനത്തുനിന്ന് ഇറക്കിവിടാൻ പാടില്ലെന്ന സുപ്രധാനമായ നിർദ്ദേശവും കോടതിയുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ട്. മറ്റൊന്ന് കെഎസ്ആർടിസിക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിനെതിരെയാണ്. നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള കെ.എസ്ആർ.ടി.സി സർവീസ് തടയരുതെന്ന് പോലീസിനോട് കോടതി നിർദ്ദേശിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് വിവേകപൂർവം ചിന്തിക്കണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മാറ്റങ്ങൾ വേണ്ടതിന് മാറ്റങ്ങൾ കൊണ്ടുവരാം. അതിനുള്ള നിയന്ത്രണം സർക്കാരിന് തരുന്നു. നിയന്ത്രണങ്ങളിൽ മതിയായ മാറ്റങ്ങൾ കൊണ്ടുവന്നതിന് ശേഷം എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വെള്ളിയാഴ്ച സർക്കാർ കോടതിയെ അറിയിക്കണം. Content highlights: Shabarimala issue, high court, Police, Devaswam board, AG, RSS, BJP
from mathrubhumi.latestnews.rssfeed https://ift.tt/2DMOODh
via
IFTTT
No comments:
Post a Comment