തിരുവനന്തപുരം/തൃശ്ശൂർ: നിലയ്ക്കലിൽ ക്രമസമാധാന ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ തിരുവനന്തപുരത്തും തൃശ്ശൂരും തക്കലയിലും പ്രതിഷേധം. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ എസ്.പി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകർ എസ്.പിയുടെ കോലം കത്തിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ നേതൃത്വത്തിൽ അൻപതോളം പേരാണ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. തമിഴ്നാട് അതിർത്തി പ്രദേശമായ തക്കലയിലും യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. കേരളത്തിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞായിരുന്നു പ്രതിഷേധം. നാഗർകോവിലിലേക്ക് പോയ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകളും അവിടെനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഒരു ബസ്സും തടഞ്ഞു. തൃശ്ശൂരിൽ സിറ്റി പോലീസ് കമ്മീഷറുടെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. പോലീസ് ബാരിക്കേഡ് തീർത്ത് പ്രതിഷേധക്കാരെ തടഞ്ഞു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് യതീഷ് ചന്ദ്ര തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറായി തിരിച്ചെത്തിയാലും പ്രതിഷേധം തുടരുമെന്നാണ് ബിജെപിയുടെ നിലപാട്. ശബരിമല സന്ദർശിക്കുന്നതിനായി നേരത്തെ നിലയ്ക്കലിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ബിജെപി നേതാക്കളും എസ്.പി യതീഷ് ചന്ദ്രയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തനിക്കൊപ്പം വന്നവരുടെ വാഹനങ്ങളെല്ലാം പമ്പയിലേക്ക് കടത്തി വിടണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആവശ്യം. എന്നാൽ, മന്ത്രിയുടെ വാഹനം കടത്തിവിടാമെന്നും മറ്റുള്ളവ കടത്തിവിടില്ലെന്നും എസ്.പി നിലപാടെടുത്തു. ഇതോടെയാണ് എസ്.പിയും ബിജെപി നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായത്. Content Highlights:Sabarimala Women Entry, protest against SP Yatish Chandra
from mathrubhumi.latestnews.rssfeed https://ift.tt/2qYIuA3
via
IFTTT
No comments:
Post a Comment