പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനിടെ ശബരിമലയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് പുറമെ കൂടുതൽ ആർ.എസ്.എസ് - ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്. ബി.ജെ.പി നേതാവ് വി.വി രാജേഷ്, ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി, യുവമോർച്ച നേതാവ് പ്രകാശ് ബാബു, ആർ.എസ്.എസ് പ്രാദേശിക നേതാവ് ആർ രാജേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്ത് എത്തിയ 52 വയസുള്ള സ്ത്രീ യുവതിയാണെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധവും അക്രമവും നടത്തിയിരുന്നു. സംഭവത്തിൽ ചിലർക്കെതിരെ അന്നുതന്നെ പോലീസ് കെസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് കൂടുതൽ ആർ.എസ്.എസ് - ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്തിട്ടുള്ളത്. റാന്നി കോടതിയിൽ പോലീസ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. ഈ നേതാക്കളെല്ലാം അന്ന് സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രകാശ് ബാബു അടക്കമുള്ളവർക്ക് നേരിട്ട് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കെ. സുരേന്ദ്രനെതിരെ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതിന് അടുത്തിടെ കേസെടുത്തിരുന്നു. കേസിൽ ഉപാധികളോടെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. എന്നാൽ കണ്ണൂരിലെ കോടതിയിൽനിന്ന് ജാമ്യമമെടുക്കേണ്ട മറ്റൊരു കേസുകൂടി ഉള്ളതിനാൽ അദ്ദേഹത്തിന് ജയിലിൽനിന്ന് ഇറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കേസുകൂടി എടുത്തിരിക്കുന്നത്. ഇതോടെ കൊട്ടാരക്കര ജയിലിൽ കഴിയുന്ന കെ. സുരേന്ദ്രന് ജാമ്യം കിട്ടി പുറത്തിറങ്ങുന്നതിന് കൂടുതൽ സമയം വേണ്ടിവരും. ഇവരുടെ ഫോൺകോൾ രേഖകളും സോഷ്യൽ മീഡിയയിലെ പ്രതികരണവും അടക്കമുള്ളവ പരിശോധിച്ചാണ് ഗൂഢാലോചക്കേസ് എടുത്തിട്ടുള്ളത്. Read more - കെ. സുരേന്ദ്രനെതിരെ വീണ്ടും കേസെടുത്തു
from mathrubhumi.latestnews.rssfeed https://ift.tt/2OWIUjS
via
IFTTT
No comments:
Post a Comment