ന്യൂഡൽഹി: റഫാൽ കേസിൽ സുപ്രീംകോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണങ്ങൾക്കിടെ തിങ്കളാഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനം ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനു വേദിയായേക്കും. വിധിയിൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം ശരിവെക്കുംവിധം സർക്കാർ തന്നെ തിരുത്തൽഹർജി നല്കിയത് പ്രതിപക്ഷത്തിനു ശക്തമായ ആയുധമായിട്ടുണ്ട്. ഇടപാടിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി ക്ലീൻചിറ്റ് നല്കിയെന്നും പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ച രാഹുൽ ഗാന്ധി മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് വിധിവന്ന വെള്ളിയാഴ്ച ഭരണപക്ഷം പാർലമെന്റിൽ ബഹളം വെച്ചിരുന്നു. എന്നാൽ, വിമാനത്തിന്റെ വിലവിവരം സി.എ.ജി. പരിശോധിച്ചെന്നും അതിന്റെ ചുരുക്കം പാർലമെന്റിന്റെ അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.)കണ്ടതാണെന്നുമുള്ള വിധിയിലെ പരാമർശങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ് സർക്കാരിനെതിരേ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം തിങ്കളാഴ്ച രണ്ടു സഭകളിലുമുണ്ടാകും. പി.എ.സി. കാണാത്ത റിപ്പോർട്ട് കണ്ടെന്ന് കോടതിയെ അറിയിക്കുക വഴി പാർലമെന്റിനെ സർക്കാർ അവഹേളിച്ചെന്നാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യമുന്നയിച്ച് ലോക്സഭയിലും രാജ്യസഭയിലും അവകാശലംഘനത്തിന് നോട്ടീസ് നൽകാനാണ് നീക്കം. പി.എ.സി.ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയായിരിക്കും ലോക്സഭയിൽ വിഷയം ഉന്നയിക്കുക. സി.എ.ജി.യെയും അറ്റോർണി ജനറലിനെയും വിളിച്ചുവരുത്തി പി.എ.സി. വിശദീകരണം ചോദിക്കുന്നതിനുള്ള സാധ്യത ഖാർഗെ ആരായുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല. ഇടപാടിൽ ജെ.പി.സി. അന്വേഷണം വേണമെന്ന നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. മുദ്രവച്ച കവറിൽ നൽകിയ കുറിപ്പ് കോടതി തെറ്റായി വ്യാഖാനിച്ചതാണെന്നും അതു തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ടെന്നുമാണ് സർക്കാരിന്റെയും ബി.ജെ.പി.യുടെയും വാദം. ഇതിലൂന്നി ബി.ജെ.പി. പാർലമെന്റിൽ സർക്കാരിനെ പ്രതിരോധിക്കും. അനാവശ്യ ആരോപണങ്ങളുയർത്തി ജനങ്ങളെ കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി തിരിച്ചടിക്കും. ബൊഫോഴ്സും അഗസ്റ്റവെസ്റ്റ്ലൻഡും അടക്കമുള്ള വിഷയങ്ങളിലൂടെ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമവും ഭരണപക്ഷത്തു നിന്നുണ്ടാകും. പാർലമെന്റിനുപുറത്തും കോൺഗ്രസ് ആക്രമണത്തെ ചെറുക്കാൻ ബി.ജെ.പി. ശ്രമം തുടങ്ങി. തിങ്കളാഴ്ച രാജ്യത്തെ 70 പ്രമുഖകേന്ദ്രങ്ങളിൽ കേന്ദ്രമന്ത്രിമാരടക്കമുള്ള പ്രമുഖനേതാക്കൾ പത്രസമ്മേളനം നടത്തി റഫാൽ ഇടപാട് വിശദീകരിക്കും. വിധി തിരിച്ചുവിളിക്കണം -കോൺഗ്രസ് റഫാൽ കേസിലെ സുപ്രീംകോടതി വിധി തിരിച്ചുവിളിക്കണമെന്ന് കോൺഗ്രസ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കോടതിയലക്ഷ്യത്തിനും മനഃപൂർവം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും കേന്ദ്രസർക്കാരിനെതിരേ നടപടിയെടുക്കണമെന്നും പാർട്ടി നേതാവ് ആനന്ദ് ശർമ ഞായറാഴ്ച പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. “ അസാധുവായ വിധി എത്രയുംപെട്ടെന്ന് തിരിച്ചുവിളിക്കണം. സുപ്രീംകോടതിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ഇതാവശ്യമാണ്. ഇപ്പോൾ നടന്ന സംഭവങ്ങൾ പരമോന്നതകോടതിയുടെ സത്പേരിനെ ബാധിച്ചിട്ടുണ്ട്”- ആനന്ദ് ശർമ അഭിപ്രായപ്പെട്ടു. കോടതിയെ തെറ്റിദ്ധരിപ്പിച്ച സർക്കാരിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സുപ്രീംകോടതി നോട്ടീസ് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതികളിൽ അവിശ്വാസം ജനിപ്പിക്കാൻ ശ്രമം രാജ്യത്തെ കോടതികളിൽ അവിശ്വാസം ജനിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണമില്ലാത്തതിന്റെ വിഷമത്തിൽ കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും റായ്ബറേലിയിൽ അദ്ദേഹം കുറ്റപ്പെടുത്തി. “ബി.ജെ.പി. സർക്കാരിന്റെ കാലത്തെ പ്രതിരോധ ഇടപാടുകളിൽ ക്വത്റോച്ചി മാമന്മാരും ക്രിസ്റ്റ്യൻ മിഷേൽമാരുമില്ല. കോൺഗ്രസിനെ സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവും മന്ത്രിയും വ്യോമസേനാ ഉദ്യോഗസ്ഥരും ഫ്രഞ്ച് സർക്കാരുമെല്ലാം കള്ളം പറയുന്നവരാണ്. ഇപ്പോൾ സുപ്രീംകോടതിയും”-മോദി കുറ്റപ്പെടുത്തി. |Rafale SC verdict: Parliament may witness clashes with opposition
from mathrubhumi.latestnews.rssfeed https://ift.tt/2BnBZvr
via
IFTTT
No comments:
Post a Comment