അഞ്ചുവരെ പഠിച്ച് അലി ‘സയന്റിസ്റ്റായി’; അന്തിയുറങ്ങുന്ന വീട് മ്യൂസിയവും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

അഞ്ചുവരെ പഠിച്ച് അലി ‘സയന്റിസ്റ്റായി’; അന്തിയുറങ്ങുന്ന വീട് മ്യൂസിയവും

കോട്ടയ്ക്കൽ: 'അഞ്ചാംക്ലാസും ഗുസ്തിയും' മാത്രമാണ് വിദ്യാഭ്യാസം. ക്ലാസ് മുറിയിലിരുന്ന് മരുന്നിനുപോലും ശാസ്ത്രം പഠിച്ചിട്ടില്ല, ലോകമറിയുന്ന കണ്ടുപിടിത്തം നടത്തിയിട്ടുമില്ല. എങ്കിലും അലി നാട്ടിൽ 'സയന്റിസ്റ്റാ'ണ്. എന്തുകൊണ്ടാണെന്ന് മലപ്പുറം വൈലത്തൂരിലുള്ള അലിയുടെ വീട്ടിൽച്ചെന്നാൽ മനസ്സിലാവും. ചെങ്കല്ലിൽ പണിത ആ വീട്ടിൽ അലിക്ക് കിടക്കാനുള്ള ഇത്തിരിസ്ഥലമൊഴികെ എല്ലാം ശാസ്ത്രം കൈയടക്കിയിരിക്കുന്നു! വീടിന്റെ അഞ്ചുമുറികളും മുറ്റവും നിറയെ ശാസ്ത്ര ഉപകരണങ്ങളാണ്. ഇന്ത്യ മുഴുവൻ അലഞ്ഞുനടന്ന് ശേഖരിച്ചവ. അവയിൽപ്പലതും പേരെടുത്ത മ്യൂസിയങ്ങളിൽപ്പോലും കാണില്ല. കയറിച്ചെല്ലുമ്പോൾ പൂമുഖത്തുകണ്ടത് ജർമൻനിർമിതമായ ആസ്ട്രോ ഫോട്ടോഗ്രാഫി ക്യാമറ. നക്ഷത്രങ്ങളുടെയും മറ്റും ചിത്രമെടുക്കാനുള്ള ഈ ആദ്യകാല ക്യാമറ മ്യൂസിയങ്ങളിലും അപൂർവമാണെന്ന് ദേശീയ അവാർഡ് ജേതാവായ ശാസ്ത്രാധ്യാപകൻ കെ.പി. മനോജ് പറഞ്ഞു. ആദ്യം പുറത്തിറങ്ങിയ യു.എസ്. നിർമിത പ്രൊജക്ടർ, ജനീവയിലെ എപ്സൺ കമ്പനി 1980-ൽ പുറത്തിറക്കിയ 'എപ്സൺ പി.എക്സ് -8' എന്ന ആദ്യകാല ലാപ്ടോപ്പ് തുടങ്ങി മറ്റെങ്ങും കാണാൻകിട്ടാത്ത പലതും അലിയുടെ ശേഖരത്തിലുണ്ട്. ഉപകരണങ്ങൾ ശേഖരിക്കുക മാത്രമല്ല, അവയുടെ പ്രാധാന്യവും പ്രവർത്തന തത്ത്വവുമൊക്കെ മനസ്സിലാക്കിയിട്ടുമുണ്ട് അലി. സന്ദർശകരായും പഠിതാക്കളായുമെത്തുന്നവർക്ക് മലപ്പുറം ശൈലിയിൽ അദ്ദേഹമത് വിവരിച്ചും കൊടുക്കും. ജന്തുക്കളുടെ ശരീരഘടന, സൗരയൂഥം, വിവിധ രാസപ്രവർത്തനങ്ങൾ... കുട്ടികൾക്ക് പഠിക്കാനുള്ള ഉപകരണങ്ങളെല്ലാം വീട്ടിൽ അലി ഒരുക്കിയിട്ടുണ്ട്. 'ശാസ്ത്രജ്ഞനായ' കഥ വൈലത്തൂരിലെ തറയിൽ കുടുംബാംഗം അലിയുടെ വല്യുപ്പ (മുത്തച്ഛൻ) ബ്രിട്ടനിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ എൻജിനീയറായിരുന്നു. ക്യാമറയെയും ടെലിസ്കോപ്പിനെയും പറ്റി അദ്ദേഹത്തിൽനിന്നാണ് ആദ്യമറിയുന്നത്. കുട്ടിക്കാലം മുതലേ ശാസ്ത്രത്തോട് ഒരുതരം ഭ്രാന്തായിരുന്നു. കൈയിൽകിട്ടുന്ന ഉപകരണങ്ങളൊക്കെ അഴിച്ചുനോക്കിയും കൂട്ടിച്ചേർത്തും പരീക്ഷണങ്ങൾ നടത്തി. അഞ്ചാംക്ലാസിൽ പഠനം നിർത്തി. ഇലക്ട്രിക്കൽ വർക്ക് പഠിച്ച് അതിൽനിന്നുകിട്ടുന്ന വരുമാനംകൊണ്ടായി മുതിർന്നപ്പോൾ ജീവിതം. 1983-ൽ തറവാട്ടിൽനിന്നുകിട്ടിയ സ്ഥലത്ത് കൈയിലുള്ള സമ്പാദ്യം മുഴുവനെടുത്ത് അഞ്ചുമുറികളുള്ള വീടുപണിതു. വീടിന് 'റിസർച്ച് സെന്റർ' എന്നുപേരുമിട്ടു. ഇതിന്റെയകത്ത് തണുപ്പുകിട്ടാൻ അലി രാമച്ചവും ചകിരിയും നിരത്തി ഒരു സീലിങ് പണിതിട്ടുണ്ട്. 1983 മുതൽ '91 വരെ ഇന്ത്യയിലുടനീളം അലഞ്ഞു. ശാസ്ത്രസംബന്ധിയായ പുസ്തകങ്ങളും ഉപകരണങ്ങളും പുരാവസ്തുക്കളും നാണയങ്ങളുമൊക്കെ ശേഖരിച്ചു. പുറംനാടുകളിൽ പോയിവരുന്നവരുടെ സഹായത്തോടെ മുപ്പതുരാജ്യങ്ങളിലെ മണ്ണും ശേഖരിച്ചു. ശാസ്ത്രോപകരണങ്ങൾ സ്വയം ഉണ്ടാക്കാനും ശ്രമിച്ചു. മറ്റു സൗരനിരീക്ഷണ ഉപകരണങ്ങളുടെ മാതൃക നോക്കി സ്വന്തമായി ഒരു ഉപകരണം ഉണ്ടാക്കി. ഓക്സിജൻ ഉണ്ടാവുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ ശ്രമിക്കുന്ന 'ഓക്സിജൻ ഓഫ് ദ വേൾഡ്' എന്ന ഉപകരണവും അലി ഉണ്ടാക്കി. ഇതേപ്പറ്റി സുഹൃത്തുക്കളുടെ സഹായത്തോടെ നാസയ്ക്ക് ഒരു കത്തെഴുതി. ഈ ഉപകരണങ്ങളുടെ ആധികാരികതയൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും അലിയുടെ ശാസ്ത്രത്തോടുള്ള 'ഭ്രാന്തമായ ഇഷ്ട'ത്തിന്റെ തെളിവുകളാണിവ. 'ചെലരെന്നെ സയന്റിസ്റ്റ് അലി എന്നുവിളിക്കും. മറ്റുചെലർ പ്രാന്തൻ അലീന്നും...', അലിതന്നെ ആ ഭ്രാന്ത് സമ്മതിക്കുന്നു. ഇവിടെ പഠനാവശ്യങ്ങൾക്കായി വരുന്ന കുട്ടികളെ ഉൾപ്പെടുത്തി ഒരു ബാൻഡ്സെറ്റ്, ഫുട്ബോൾ, ഹോക്കി, ചെസ് ടീമുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. നല്ലൊരു ബാൻഡ് വാദകനുമാണ് അലി. Content Highlights: Ali Educatedonly Calss 5 but Peoples call him Scientists, Why


from mathrubhumi.latestnews.rssfeed https://ift.tt/2UMB54u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages