കുരങ്ങുപനി; കര്‍ണാടകയില്‍ അഞ്ച് മരണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 6, 2019

കുരങ്ങുപനി; കര്‍ണാടകയില്‍ അഞ്ച് മരണം

ബെഗളൂരു:കർണാടകയിലെ ശിവമോഗയിൽ കുരങ്ങുപനി ബാധയെ തുടർന്ന് അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. സാഗർ താലൂക്കിൽ നിന്നുള്ളവരാണ് മരിച്ചത്. ശിവമോഗയിൽ മാത്രം15 പേരിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്.കുരങ്ങുപനി ഭീഷണിയെ തുടർന്ന് രണ്ടായിരത്തിലധികം പേർക്ക് ഇതിനോടകം പ്രതിരോധ വാക്സിൻ നൽകിയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കുരങ്ങുപനി ബാധിച്ച് ഡിസംബറിലും രണ്ട് പേർ മരിച്ചിരുന്നു. അതേസമയം പനി വ്യാപിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോഗ്യവകുപ്പ് അധികൃതർക്കെതിരെ പ്രതിഷേധവുമായി ഗ്രാമവാസികളും രംഗത്തെത്തി. ആരോഗ്യപ്രവർത്തകരുടെ അനാസ്ഥയാണ് രോഗം വ്യാപിക്കാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. എന്നാൽ ആവശ്യമായ എല്ലാ പ്രതിരോധപ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിച്ചു. ശിവമോഗയ്ക്കടുത്തുള്ള വനമേഖലയിൽ അമ്പതിലധികം കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടിരുന്നു. തുടർന്ന് വനമേഖലയിലേക്കുള്ള വിനോദസഞ്ചാരം അധികൃതർ വിലക്കിയിട്ടുണ്ട്. കുരങ്ങുപനി കർണാടകയിൽ ആദ്യം കർണ്ണാടകത്തിലെ വനഗ്രാമത്തിലാണ് കുരങ്ങുപനി രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത്.1957 ൽ ഷിമോഗ ജില്ലയിലെ ക്യാസ്നോർ വനത്തിലാണ് അപൂർവ്വമായ ഈ രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിനാൽ ക്യാസനോർ ഫോറസ്റ്റ് ഡിസീസ് (Kyasanur forest disease ) എന്ന് കുരങ്ങുപനിക്ക് പേര് ലഭിച്ചു. 1954 ൽ ഇതേ ഗ്രാമത്തിൽ മൂന്നുമാസക്കാലയളവിൽ ഒട്ടനവധി വന്യമൃഗങ്ങളും ഗ്രാമവാസികളും മരണത്തിന് കീഴടങ്ങിയിരുന്നു. കാരണം പിടികിട്ടാതെ ആരോഗ്യവകുപ്പ് തുടർച്ചയായി നടത്തിയ പഠനങ്ങളിലൂടെയാണ് പുതിയ രോഗത്തെക്കുറിച്ച് പുറംലോകമറിയുന്നത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ വള്ളിക്കാവിലാണ് കേരളത്തിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. എട്ടേക്കറോളം വിസ്തൃതിയുള്ള അമ്പലം വക സ്ഥലം ഇരുന്നൂറോളം കുരങ്ങൻമാരുടെ വാസസ്ഥലമായിരുന്നു. കുരങ്ങൻമാർ കൂട്ടത്തോടെ ചത്തൊടുങ്ങാൻ തുടങ്ങിയപ്പോൾ നടത്തിയ ലാബ് പരിശോധനയിലാണ് കർണ്ണാടകയിലെ ഷിമോഗയിൽ കണ്ട രോഗം കേരളത്തിലുമെത്തിയെന്ന് തെളിയിക്കപ്പെട്ടത്. രോഗലക്ഷണങ്ങൾ കുരങ്ങുപനി വട്ടൻ ചെളളുകളിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. കുരങ്ങ്, അണ്ണാൻ, എലി, വവ്വാൽ എന്നിവയുടെ ശരീരത്തിലുളള വട്ടൻ ചെളളാണ് രോഗം പകർത്തുന്നതെങ്കിലും പ്രധാനമായും കുരങ്ങുകളുടെ ശരീരത്തിലുളള ചെളളാണ് മനുഷ്യരിലേക്ക് രോഗം പകർത്തുന്നത്. രോഗവാഹിയായ ചെളളിന്റെ കടിയേറ്റാൽ മൂന്ന് മുതൽ എട്ട് ദിവസങ്ങൾക്കുളളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകാം. മറ്റ് വൈറസ് രോഗങ്ങളുടേതുപോലുളള ലക്ഷണങ്ങളാണ് കുരങ്ങുപനിക്കും പ്രത്യക്ഷമാവുക. ശക്തമായ തലവേദനയും ശരീരമാസകലം തണുപ്പു കയറുന്നതും ആദ്യലക്ഷണമാണ്. കണ്ണിന് ചുവപ്പുനിറം, കടുത്ത പനി, തലവേദന, ഛർദ്ദി, പേശിവേദന, സന്ധിവേദന, മൂക്കിൽനിന്നും രക്തം വരിക, ദേഹത്ത് ചുവന്ന് തടിച്ച പാടുകൾ പ്രത്യക്ഷപ്പെടുക തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ശരീരത്തിൽ രക്തം കട്ടപിടിക്കുകയോ ആന്തരിക രക്തസ്രാവമുണ്ടാവുകയോ ചെയ്യുന്നത് മരണ കാരണമായേക്കാം. ആധുനിക സിറോളജിക്കൽ ലാബിലുള്ള രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രക്തം മാറ്റുക, പ്ലേറ്റ്ലെറ്റുകൾ മാറ്റുക തുടങ്ങിയ ചികിത്സാരീതികൾ സാധാരണക്കാർക്ക് ലഭ്യമാകുന്നില്ല എന്നത് പ്രശ്നം കൂടുതൽ വഷളാക്കുന്നു. വനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും, വനവിഭവങ്ങൾ ശേഖരിക്കുന്നതിന് സ്ഥിരമായി കാട്ടിൽ പോകുന്നവരും, വനാതിർത്തിയോട് ചേർന്നുളള പ്രദേശങ്ങളിൽ താമസിക്കുന്നവരും രോഗ സാധ്യത തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. മുൻകരുതലുകൾ എങ്ങനെ വനത്തിനുളളിൽ പോകുമ്പോൾ കട്ടിയുളള, ഇളം നിറമുളള, ദേഹം മുഴുവൻ മുടുന്നതരത്തിലുളള വസ്ത്രം ധരിക്കുക. കാലുകളിലൂടെ ചെളള് കയറാത്ത വിധത്തിൽ ഗൺബൂട്ട് ധരിക്കണം. ചെളളിനെ അകറ്റി നിർത്തുന്ന ഒഡോമസ് പോലുളള ലേപനങ്ങൾ ശരീരത്തിൽ പുരട്ടുന്നത് നല്ലതാണ്. കാട്ടിൽനിന്ന് പുറത്തുവന്ന ഉടൻ വസ്ത്രങ്ങളും, ശരീരവും പരിശോധിച്ച് ചെളളില്ലെന്ന് ഉറപ്പ് വരുത്തുക. ചൂട് വെള്ളത്തിൽ കുളിക്കുകയും, വസ്ത്രങ്ങൾ കഴുകുകയും ചെയ്യുക. ശരീരത്തിൽ ചെളള് പിടിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അതിനെ അമർത്തിക്കൊല്ലാതെ ശ്രദ്ധയോടെ നീക്കം ചെയ്യുക. ചെളളിനെ നീക്കംചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് നന്നായി കഴുകണം. കുരങ്ങുകൾ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ വിദഗ്ദ്ധ ചികിത്സ തേടുക. ധാരാളം പാനീയങ്ങൾ കുടിക്കുന്നതും പൂർണ്ണവിശ്രമം എടുക്കുന്നതും രോഗം എളുപ്പം ഭേദമാകാൻ സഹായിക്കും. യാതൊരുകാരണവശാലും സ്വയം ചികിത്സിക്കരുത്. Content Highlight:Karnatakas Shivamogga District,Monkey Fever, Kyasanur Forest disease


from mathrubhumi.latestnews.rssfeed http://bit.ly/2C66Vkn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages