കോഴിക്കോട്: എഴുത്തുകാരൻ എൻ.എസ്. മാധവന് 2018ലെ മാതൃഭൂമി സാഹിത്യപുരസ്കാരം സമ്മാനിച്ചു. കെ.പി. കേശവമേനോൻഹാളിൽ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി മലയാളത്തിന്റെ അഭിമാനം എം.ടി. വാസുദേവൻനായരാണ് പുരസ്കാരം സമ്മാനിച്ചത്. രണ്ടുലക്ഷം രൂപയും എം.വി. ദേവൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇടവേളകളുണ്ടാകുമെങ്കിലുംനിശബ്ദതകൾ ഉണ്ടാകുമെങ്കിലും എൻ.എസ്. മാധവൻ അദ്ദേഹത്തിന്റെ കഥകളിലൂടെ നമ്മളെ രസിപ്പിക്കുന്നു, എന്തോ ചിലത് പഠിപ്പിക്കുന്നുവെന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞു. ഇതു രണ്ടും സാധിക്കുന്നതുകൊണ്ടാണ് കാലത്തിന്റെ കരിങ്കൽപാളികളിൽ അദ്ദേഹത്തിന്റെ വാക്കുകൾ മാഞ്ഞുപോകാത്ത നിലയിൽ നിലനിൽക്കുന്നത്. ഈ കഥകൾ നമ്മൾ ഓർമ്മിക്കുന്നത് അതുകൊണ്ടാണ്. - എം.ടി. കൂട്ടിച്ചേർത്തു. മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനുമായ എം.പി. വീരേന്ദ്രകുമാർഎം.പി. ചടങ്ങിൽ അധ്യക്ഷനായി. അദ്ദേഹം എൻ.എസ് മാധവനെ പൊന്നാടയണിയിച്ചു. എൻ.എസ്. മാധവന്റെ ചെറിയ കഥകൾ എന്നത് വലിയ കഥകളാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ എം.പി. വീരേന്ദ്രകുമാർ പറഞ്ഞു. വാക്കുകൾ കൊണ്ട് കുറേ എന്തെങ്കിലും പറയുകയല്ല, വാക്കുകളുടെ അർത്ഥം എന്താണെന്ന് അർത്ഥപൂർണമായി മനസിലാക്കുകയാണ്. - എം.പി. വീരേന്ദ്രകുമാർ പറഞ്ഞു. ഇ. സന്തോഷ് കുമാർ. സംഗീത ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ഓരോ അവാർഡും സന്തോഷത്തേക്കാൾ ആത്മനിന്ദയാണ് തന്നിൽ നിറയ്ക്കുന്നതെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് എൻ.എസ്. മാധവൻ പറഞ്ഞു. താൻ ഒരു ഫ്രോഡാണോ എന്ന് തോന്നാറുണ്ട്. പത്ത് വർഷക്കാലം കേരളത്തിന് പുറത്തായിരുന്നതിനാൽ ഭാഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എഴുത്തിൽ നിശബ്ദനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. " മുന്നോട്ടുള്ള കാലഘട്ടം എഴുത്തിന് ഒട്ടും സുഖകരമല്ല. ഒരു പാരഗ്രാഫിൽ പോലും അഞ്ചും ആറും വർഷം പ്രയത്നിച്ച എഴുത്തുകാരൻ ക്രൂശിക്കപ്പെടുന്നു. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സ്ഥാപനങ്ങൾ അക്രമിക്കപ്പെടുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരിടാൻ പറ്റാത്ത വെട്ടുകിളി ശല്യമുള്ള കാലത്ത് എഴുത്തുകാരൻ എന്തു ചെയ്യും. ഫാസിസം ഒരിക്കലും നല്ല സാഹിത്യം ഉണ്ടാക്കുന്നില്ല. ഫാസിസ്റ്റ് വിരുദ്ധ സാഹിത്യം ഒരുകാലത്തും നല്ലതുമല്ല. ഇതിനെ എങ്ങനെ പ്രതിരോധിക്കും എന്ന് ചോദിച്ചാൽ നിശബ്ദത, പ്രവാസം, കൗശലം എന്നാണ് ഉത്തരം. നിശബ്ദത, പ്രവാസം എന്നിവ തിരഞ്ഞെടുക്കാൻ പറ്റുന്നതല്ല, കൗശലത്തോടു കൂടി എഴുതി നല്ല സാഹിത്യം രചിച്ചാലേചെറുത്ത് നിൽപ്പ് സാധിക്കുകയുള്ളൂ." - എൻ.എസ് മാധവൻ പറഞ്ഞു. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ സ്വാഗതവും സുഭാഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. Content Highlights:N S Madhavan, Mathrubhumi Literary Award
from mathrubhumi.latestnews.rssfeed http://bit.ly/2RziZF7
via
IFTTT
No comments:
Post a Comment