തൃശ്ശൂർ: പാവറട്ടി വെങ്കിടങ്ങ് കോഴിപ്പറമ്പ് പുതുവച്ചോലയിൽ കുഞ്ഞിപ്പാത്തുവിന്റെയും മകൾ സീനയുടെയും കൊലപാതകക്കേസിലെ പ്രതി ബംഗാൾ സ്വദേശി വീടുപണിക്കായാണ് ഈ പ്രദേശത്തെത്തുന്നത്. മരിച്ചവരുടെ വീടിനോട് ചേർന്നുള്ള വീടിന്റെ പണിക്കാണ് 2014-ൽ ഇയാൾ വെങ്കിടങ്ങിൽ എത്തിയത്. വന്ന ദിവസം മുതൽ ഇയാൾ കുഞ്ഞിപ്പാത്തുവിന്റെ വീടുമായി അടുക്കാൻ നോക്കി. പണിയുന്ന വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് മറ്റു പണിക്കാർക്കൊപ്പം ഇയാളും താമസിച്ചിരുന്നത്. പണിക്കാർക്കുള്ള കുടിവെള്ളം കൊടുത്തിരുന്നത് കുഞ്ഞിപ്പാത്തുവായിരുന്നു. വെള്ളം എടുക്കാൻ പതിവായി വരുന്നത് റോബിയായിരുന്നു. എട്ടുവർഷമായി കേരളത്തിലുള്ള ഇയാൾ നന്നായി മലയാളവും പറയും. മറ്റു ജില്ലകളിൽ ജോലിയിലായിരുന്ന കുഞ്ഞിപ്പാത്തുവിന്റെ ആൺമക്കൾ എല്ലാ ദിവസവും വീട്ടിലുണ്ടായിരുന്നില്ല. സീനയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന്ഇയാൾ കുഞ്ഞിപ്പാത്തുവിനോടാണ് പറഞ്ഞത്. ഇയാളുടെ മനസ്സിലിരുപ്പ് ഇതായിരുന്നു എന്ന് സീനയും അറിയുന്നത് അപ്പോഴാണ്. സീന വിവരം സഹോദരൻമാരായ ഷക്കീർ, ജിബീഷ്, മനാഫ് എന്നിവരെ അറിയിച്ചു. ഇതോടെ റോബിക്ക് കരാറുകാരനും താക്കീത് നൽകി. എന്നിട്ടും വിവാഹാഭ്യർഥനയുമായി ഇയാൾ വീട്ടുകാരെ ശല്യംചെയ്തു. ഒടുവിൽ കരാറുകാരൻ ഇടപെട്ട് ഇയാളെ അവിടെനിന്ന് മാറ്റി. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് പട്ടിക്കാട് ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്ന് അറിയുന്നത്. ഈ പെൺകുട്ടിയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഒരു സിം കാർഡും സംഘടിപ്പിച്ചിരുന്നു. ആ പെൺകുട്ടിയുമായുള്ള ബന്ധം പിന്നീട് ഇയാൾ അവസാനിപ്പിക്കുകയായിരുന്നു. സീനയെ വിവാഹം കഴിക്കാനുള്ള നീക്കം നടക്കില്ലെന്നറിഞ്ഞതോടെ ഇയാളിൽ വൈരാഗ്യം തുടങ്ങി. പണി നടക്കുന്ന വീട്ടിൽനിന്ന് വൈദ്യുതിപ്രവാഹമുള്ള രണ്ട് വയറുകൾ കുഞ്ഞിപ്പാത്തുവിന്റെ വീട്ടിലേക്ക് ഇട്ടതായിരുന്നു തുടക്കം. ഭാഗ്യത്തിന് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് അന്ന് അപകടം ഒഴിവായത്. ഓടിളക്കി പെട്രോൾ ഒഴിച്ച് തീയിട്ടു :വീടുപണിയിൽനിന്ന് ഒഴിവാക്കി ഏഴുമാസം കഴിഞ്ഞാണ് കൊലപാതകം നടക്കുന്നത്. 2015 ഏപ്രിൽ ആറിന് വൈകീട്ട് ഏഴരയ്ക്ക് ഇയാൾ മുല്ലശ്ശേരിയിലെ പമ്പിൽനിന്ന് കന്നാസിൽ പെട്രോൾ വാങ്ങി. ഹോട്ടലിൽനിന്ന് ഭക്ഷണവും വാങ്ങിയശേഷം നേരെ കുഞ്ഞിപ്പാത്തുവിന്റെ വീടിനടുത്ത് പണിയുന്ന വീട്ടിലെത്തി. ഭക്ഷണം കഴിച്ചശേഷം ഈ വീട്ടിൽ പതുങ്ങിയിരുന്നു. രാത്രി രണ്ടുമണിയോടെ വീടുപണിക്കുപയോഗിക്കുന്ന മരംകൊണ്ടുള്ള കുതിരയെടുത്ത് കുഞ്ഞിപ്പാത്തുവിന്റെ വീടിനോട് ചേർത്തുവച്ച് മുകളിലേക്കു കയറി. കന്നാസിൽ കൊണ്ടുവന്ന പെട്രോൾ ഒരു ടിന്നിലേക്ക് പകർന്ന് അതുമായാണ് കയറിയത്. ഉമ്മയും മകളും കിടക്കുന്ന മുറിയുടെ ഓടിളക്കിയശേഷം താഴേക്ക് ഒഴിച്ചു. പെട്രോൾ താഴെ എത്തിയശേഷം തീപ്പെട്ടി ഉരച്ച് താഴേക്കിട്ടു. തീ മുകളിലേക്ക് എത്തും മുമ്പ് ഇയാൾ ചാടിയിറങ്ങി റോഡിലെത്തി. അപ്പോഴേക്കും വീട് പൂർണമായി കത്താൻ തുടങ്ങി. പ്രതിയെ രാത്രി റോഡിൽവെച്ച് അതുവഴിവന്ന പഞ്ചായത്തംഗം മനോഹരൻ കണ്ടിരുന്നു. എന്താണെന്നു ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് ഇയാൾ ഓടിപ്പോയി. പിന്നീടാണ് വീടുകത്തുന്നത് മനോഹരൻ കണ്ടത്. ഇദ്ദേഹത്തിന്റെ മൊഴിയാണ് റോബിയിലേക്ക് സംശയമെത്തിച്ചത്. അഞ്ചുമണിക്കൂറിനകം അറസ്റ്റ് :മനോഹരന്റെ മൊഴിയെത്തുടർന്നാണ് പോലീസ് റോബിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്. മെഡിക്കൽ കോളേജിൽനിന്ന് സീനയുടെ മരണമൊഴിയിലും റോബിയായിരിക്കാം ഇത് ചെയ്തതെന്ന സൂചന കിട്ടി. അന്നകരയിലാണ് ഇയാൾ താമസമെന്ന് കണ്ടെത്തി. രാവിലെ ഏഴുമണിയോടെ പോലീസ് സംഘം താമസസ്ഥലത്ത് എത്തുമ്പോൾ ഇയാൾ സാധനങ്ങൾ പാക്ക് ചെയ്ത് കേരളം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. നടന്നതെല്ലാം ഇയാൾ പോലീസിനോട് പറഞ്ഞു. അന്നത്തെ ഗുരുവായൂർ സി.ഐ. മാരായ കെ. സുദർശൻ, കെ.കെ. സജീവ്, എസ്.ഐ.മാരായ അനീഷ് കരീം, എം.കെ. രമേശ്, എ.എസ്.ഐ.മാരായ സുകുമാരൻ, ശ്രീകുമാർ, പി.ജെ. സാജൻ, പ്രശാന്ത്, അനിൽകുമാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. Content Highlight: story behind pavaratty murder case, Thrissur
from mathrubhumi.latestnews.rssfeed http://bit.ly/2FcvWOF
via
IFTTT
No comments:
Post a Comment