നിറഞ്ഞുകവിഞ്ഞ് സ്റ്റേഡിയം, ആവേശക്കൊടുമുടിയിൽ അണികൾ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 12, 2019

നിറഞ്ഞുകവിഞ്ഞ് സ്റ്റേഡിയം, ആവേശക്കൊടുമുടിയിൽ അണികൾ

ദുബായ്: ആവേശത്തിന്റെ തിരമാലകൾ തീർത്ത ജനസാഗരമായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ കാണാനായി ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടം സംഘാടകരുടെ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു. രാഹുലിന്റെ ഓരോ ചലനങ്ങൾക്കും വാചകങ്ങൾക്കും ഹർഷാരവത്തിന്റെ പെരുമഴ തീർത്ത ജനം ദുബായ് അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ആൾക്കൂട്ടമായി മാറി. അതിൽത്തന്നെ മലയാളികളായിരുന്നു വലിയൊരു വിഭാഗം. വെള്ളിയാഴ്ച ഉച്ചയോടെതന്നെ സ്പോർട്സ് സിറ്റിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ജനം എത്തിത്തുടങ്ങിയിരുന്നു. നാലുമണിയോടെ വാഹനങ്ങളുടെ നീണ്ടനിര കാരണം ഗതാഗതവും തടസ്സപ്പെട്ടു. വിവിധ എമിേററ്റുകളിൽനിന്ന് പ്രവർത്തകരുമായി എത്തിയ വാഹനങ്ങളുടെ നിര നാലുകിലോമീറ്ററിലേറെ നീണ്ടു. അഞ്ചുമണിയോടെ സ്റ്റേഡിയം നിറഞ്ഞു. അപ്പോഴേക്കും വേദിയിൽ കലാപരിപാടികൾ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തരൂപങ്ങളായിരുന്നു വേദിയിലെത്തിയത്. എന്നാൽ പ്രവർത്തകരുടെയെല്ലാം കാത്തിരിപ്പ് രാഹുലിന് വേണ്ടിയായിരുന്നു. സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീനുകളിൽ ഉമ്മൻചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ദൃശ്യങ്ങൾ വന്നപ്പോഴെല്ലാം വൻ ആരവമുയർന്നു. മഹാത്മാഗന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ സാംസ്കാരികസംഗമം എന്ന പേരിലായിരുന്നു രാഹുൽഗാന്ധിയുടെ പൊതുസമ്മേളനം. എന്നാൽ, കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും മിക്ക പ്രവർത്തകരും രാഹുലിന്റെ ചിത്രമുള്ള ടീഷർട്ടുകളും തൊപ്പികളും അണിഞ്ഞ് ഒരു രാഷ്ട്രീയസമ്മേളനത്തിന്റെ പ്രതീതി സൃഷ്ടിച്ചു. രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്ന പ്ളക്കാർഡുകളും പരക്കെ ഉയർന്നു. എ.ഐ.സി.സി. സെക്രട്ടറി ഹിമാൻശു വ്യാസ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ, വൈസ് ചെയർമാൻ ഡോ.ആരതി കൃഷ്ണ, കെ.പി.സി.സി.വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി, മുൻകേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം, എം.പി.മാരായ എം.കെ.രാഘവൻ, ആന്റോ ആന്റണി, മിലിന്ദ് മുരളി ദിയോറ, മധു യാസ്കി, എൻ.സുബ്രഹ്മണ്യൻ, മാന്നാർ അബ്ദുൽ ലത്തീഫ് തുടങ്ങി നേതാക്കളുടെ വൻ നിര സ്റ്റേഡിയത്തിൽ അണിനിരന്നു. കോൺഗ്രസ് കോടികൾ ഉയർത്തിയും രാഹുലിനെ വാഴ്ത്തുന്ന പാട്ടുകളുമായും സ്റ്റേഡിയത്തിനകത്ത് ഓരോ സംഘങ്ങളും മത്സരിച്ചു. സ്ഥലത്ത് എത്താനാവാതെ വാഹനങ്ങളുടെ നീണ്ടനിര റോഡുകളിലുണ്ടായിരുന്നു. നേരത്തേതന്നെ ചെറുജാഥകളായി എത്തിയ ജനക്കൂട്ടം സ്റ്റേഡിയത്തിനകത്തും പുറത്തും ആവേശം നിറച്ചു. സ്റ്റേഡിയം നിറഞ്ഞു , വഴി അടച്ചു, ജനം പുറത്ത് ദുബായ്: രാഹുൽഗാന്ധിയെ കാണാനായി ജനം പ്രവഹിച്ചതോടെ റോഡുകളിലാകെ വാഹനക്കുരുക്ക് അനുഭവപ്പെട്ടു. ഇതിനിടയിൽ സ്റ്റേഡിയത്തിലെ സീറ്റുകൾ നിറഞ്ഞുകവിഞ്ഞതോടെ ദുബായ് പോലീസ് അകത്തേക്കുള്ള പ്രവേശനവും തടഞ്ഞു. ഇതോടെ നൂറിലേറെ ബസുകൾ റോഡിൽ കുടുങ്ങി. അതിൽ വന്ന പ്രവർത്തകർക്ക് അകത്തേക്ക് കടക്കാനുമായില്ല. രാഹുൽ ഗാന്ധി സ്റ്റേഡിയത്തിൽ എത്തിയിട്ടും അകത്തേക്ക് കടക്കാനാവാതെ നൂറു കണക്കിനാളുകൾ നിരാശരായി പുറത്ത് അലഞ്ഞു. സ്വന്തം വാഹനത്തിൽ എത്തിയ വലിയൊരു വിഭാഗം ആളുകൾക്കും അകത്തേക്ക് കടക്കാനായില്ല. 2015 ഓഗസ്റ്റ് 16-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിലെത്തിയപ്പോൾ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിനോട് കിടപിടിക്കുന്ന രീതിയിലായിരുന്നു രാഹുലിന് ലഭിച്ച സ്വീകരണം. വൈകീട്ട് 7.10-ന് രാഹുൽ സ്റ്റേഡിയത്തിൽ എത്തിയതോടെ ജനം അക്ഷരാർഥത്തിൽ ഇളകിമറിഞ്ഞു. മൻകി ബാത്തിനല്ല വന്നത്, നിങ്ങളെ കേൾക്കാൻ ദുബായ്: നിശ്ചയിച്ചതിലും ഒരുമണിക്കൂർ വൈകിയാണ് എത്തിയതെങ്കിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ആവേശത്തോടെയാണ് ജബൽഅലി വ്യവസായ മേഖലയിലെ ലേബർ ക്യാമ്പിലേക്ക് തൊഴിലാളികൾ സ്വീകരിച്ചത്. വെള്ളിയാഴ്ച കാലത്ത് പതിനൊന്ന് മണിയോടെ ക്യാമ്പിലെത്തിയ രാഹുൽ കൂടിനിന്ന വിവിധഭാഷക്കാരായ തൊഴിലാളികളെ അഭിവാദ്യം ചെയ്താണ് വേദിയിലേക്ക് കയറിയത്. ഇംഗ്ലീഷിൽ വേണോ ഹിന്ദിയിൽ വേണോ പ്രസംഗം എന്നായിരുന്നു ആദ്യചോദ്യം. ഹിന്ദിയിൽ മതി എന്ന തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള മറുപടിയെ ചിരിയോടെ സ്വീകരിച്ച രാഹുൽ ഹിന്ദിയിൽ അഞ്ചുമിനിട്ടോളം സംസാരിച്ചു. നിങ്ങളോട് സംസാരിക്കാനല്ല, നിങ്ങളെ കേൾക്കാനാണ്, നിങ്ങളുടെ മനസ്സും പ്രശ്നങ്ങളും അറിയാനാണ് ഇവിടെ എത്തിയതെന്നും ആമുഖമായി പറഞ്ഞാണ് രാഹുൽ അഞ്ചുമിനിറ്റ് മാത്രം നീണ്ട പ്രസംഗം ആരംഭിച്ചത്. ദുബായിയും യു.എ.ഇ.യും ഇന്ന് ലോകത്തെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന രാജ്യമാണ്. കൂറ്റൻകെട്ടിടങ്ങളും മികച്ച റോഡുകളുമെല്ലാമുള്ള ഈ നാടിന്റെ വികസനത്തിൽ നിങ്ങളുടെ വിയർപ്പും അദ്ധ്വാനവുമുണ്ട്. അത് ഈ രാജ്യത്തെ ഭരണാധികാരികളുടെ വരെ പ്രശംസനേടിയത് ഏറെ അഭിമാനകരമാണെന്ന് തൊഴിലാളികളുടെ ഹർഷാരവങ്ങൾക്കിടയിൽ രാഹുൽ പറഞ്ഞു. ഈ നേട്ടം തുടർന്നും ആവർത്തിക്കാൻ കഴിയട്ടെ എന്നും രാഹുൽ ആശംസിച്ചു. തുടർന്ന് പ്രസംഗം നിർത്തി തൊഴിലാളികളുടെ അടുത്തേക്ക് നീങ്ങിയ രാഹുൽ ഗാന്ധി വീണ്ടും വേദിയിലേക്ക് തിരിച്ചെത്തി. ഇനി നിങ്ങൾക്ക് പറയാനുള്ളത് കേൾക്കട്ടെയെന്ന് പറഞ്ഞ് അവരുടെ ചോദ്യങ്ങൾക്കായി കാത്തുനിന്നു. ഉത്തരേന്ത്യക്കാരായ നാലഞ്ച് പേർക്കാണ് രാഹുലിനോട് ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരംകിട്ടിയത്. തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. അടുത്ത തിരഞ്ഞെടുപ്പിലേക്ക് തയ്യാറാക്കുന്ന പ്രകടന പത്രികയിൽ ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറയുമെന്നും ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും രാഹുൽ ഉറപ്പ് നൽകി. ആന്ധ്രയ്ക്ക് പ്രത്യേക പദവിയായിരുന്നു ഒരാളുടെ ആവശ്യം. ഗവൺമെന്റ് ഇക്കാര്യം പരിഗണിക്കാമെന്ന് പറഞ്ഞയുടൻ രാഹുൽ ഉടൻ അത് തിരുത്തി. ഈ ഗവൺമെന്റ് അല്ലെന്നും അടുത്തുതന്നെ തങ്ങൾ അധികാരത്തിലെത്തുമെന്നും കൃത്യമായി പറഞ്ഞതും സദസ്സ് ആരവം മുഴക്കിയാണ് സ്വീകരിച്ചത്. ഓരോ ചോദ്യകർത്താവിനോടും പേരും കുടുംബവിശേഷവുമെല്ലാം ചോദിച്ചറിയാനും രാഹുൽ മറന്നില്ല. ഇതാകട്ടെ തൊഴിലാളികളുടെ ആവേശമുയർത്തി. ദേശീയപതാക വീശിയാണ് പലരും രാഹുലിനെ അഭിവാദ്യം ചെയ്തത്. വേദിക്ക് പുറത്ത് മാറിയിരിക്കുകയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേദിയിലേക്ക് വിളിച്ച് ആദ്യം പ്രസംഗിക്കാൻ ക്ഷണിച്ചാണ് രാഹുൽ ഇരുന്നത്. ഒരു മിനിറ്റ് വീതം ഉമ്മൻചാണ്ടിയും തുടർന്ന് സാം പിത്രോദയും സംസാരിച്ചു. തൃശ്ശൂർ സ്വദേശി സി.പി. സാലിയുടെ ഉടമസ്ഥതയിലുള്ള ആസാ ഗ്രൂപ്പിന്റെ തൊഴിലാളി ക്യാമ്പാണ് രാഹുൽ സന്ദർശിച്ചത്. തൊഴിലാളികളുമായുള്ള സംസാരത്തിന് ശേഷം രണ്ട് മുറികളും രാഹുൽ സന്ദർശിച്ചു. content highlights:Dubai rahul gandhi uae visit


from mathrubhumi.latestnews.rssfeed http://bit.ly/2RsLZi8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages