മുംബൈ: ബി.ജെ.പി.യുടെ സമ്മർദത്തിന് വഴങ്ങാതെ മഹാരാഷ്ട്രയിലെ മുഴുവൻ ലോക്‌സഭാ സീറ്റിലും തനിച്ചു മത്സരിക്കാൻ സഖ്യകക്ഷിയായ ശിവസേന തയ്യാറെടുക്കുന്നു. 48 ലോക്‌സഭാ സീറ്റിലേക്കും സ്ഥാനാർഥികളെ കണ്ടെത്താൻ ജില്ലാനേതൃത്വങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ഞായറാഴ്ച ലാത്തൂരിൽ ബി.ജെ.പി.യുടെ ബൂത്തുതല പ്രവർത്തകരുടെ യോഗത്തിൽ സംസാരിച്ച ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ തനിച്ചു മത്സരിക്കുന്നതിന് തയ്യാറെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു. ‘കൂട്ടുകാർ ഒപ്പം വന്നാൽ അവരുടെ വിജയത്തിന് നമ്മളും സഹായം നൽകും. എന്നാലവർ കൈകോർക്കാൻ വിസമ്മതിക്കുകയാണെങ്കിൽ തനിച്ചു മത്സരിക്കാൻ നമ്മളും തയ്യാറെടുക്കണം’ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. മുഴുവൻ സീറ്റിലും മത്സരിച്ചാൽ 40 ഇടത്തെങ്കിലും ബി.ജെ.പി.ക്ക് വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറയുന്നു.അമിത് ഷായുടെ പ്രസ്താവന ബി.ജെ.പി.യുടെ ധാർഷ്ട്യത്തിന്റെ സൂചനയാണെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. 40 സീറ്റിൽ വിജയിക്കുമെന്ന ബി.ജെ.പി.യുടെ പ്രഖ്യാപനം അവർ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രവുമായി സഖ്യമുണ്ടാക്കും എന്നതിന്റെ സൂചനയാണെന്ന് ശിവസേന എം.പി. സഞ്ജയ് റാവുത്ത് പരിഹസിക്കുകയും ചെയ്തു. ‘‘ആരെയും നേരിടാൻ ശിവസേനയ്ക്കു മടിയില്ല. എന്താണു വരുന്നതെന്ന് കാത്തിരുന്നു കാണാം’’ -റാവുത്ത് പറഞ്ഞു. നിലവിൽ ബി.ജെ.പി.യുടെ സഖ്യകക്ഷിയാണെങ്കിലും അടുത്ത വർഷം നടക്കുന്ന നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ തനിച്ചു മത്സരിക്കുമെന്ന് ശിവസേന നേരത്തേ തന്നെ ഔപചാരികമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്രത്തിലും മഹാരാഷ്ട്രയിലുമുള്ള ബി.ജെ.പി. മന്ത്രിസഭയിൽനിന്ന് പാർട്ടി അംഗങ്ങൾ രാജിവെച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സഖ്യം പുനഃസ്ഥാപിക്കപ്പെടുമായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. ശിവസേനയുമായുള്ള അനുരഞ്ജന ചർച്ചകൾക്കായി മന്ത്രിസുധീർ മുൻഗന്തിവാറിനെ സംസ്ഥാന ബി.ജെ.പി. നേതൃത്വം നിയോഗിക്കുകയും ചെയ്തിരുന്നു. സഖ്യം തുടരണമെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനുണ്ടായിരുന്നത്. ശിവസേനയെ പിന്തള്ളി മഹാരാഷ്ട്രയിൽ ആധിപത്യമുറപ്പിക്കാൻ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങളാണ് 25 വർഷം നീണ്ട സഖ്യം അവസാനിപ്പിക്കാൻ ശിവസേനയെ നിർബന്ധിതരാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവസേനയുമായി സഖ്യമുണ്ടാക്കിയാണ് ബി.ജെ.പി. മത്സരിച്ചത്. എന്നാൽ, തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ തനിച്ചു മത്സരിച്ചു. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ബി.ജെ.പി.ക്ക് നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനായി. നിവൃത്തിയില്ലാതെ ശിവസേന മന്ത്രിസഭയിൽ പങ്കാളിയാവുകയും ചെയ്തു. അതിനുശേഷം നഗരസഭാ തിരഞ്ഞെടുപ്പുകളിൽ തനിച്ചു മത്സരിച്ചെങ്കിലും ശിവസേന മന്ത്രിസഭയിൽ തുടരുകയായിരുന്നു. ഭരണത്തിൽ തുടർന്നുകൊണ്ട് ബി.ജെ.പി. സർക്കാരുകളെ ദിവസേനയെന്നോണം രൂക്ഷമായി വിമർശിക്കുകയെന്ന നയമാണ് ശിവസേന സ്വീകരിച്ചിരിക്കുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2TuvCxY
via
IFTTT
No comments:
Post a Comment