ഇതല്ല കേരളം, ഇതാവരുത് കേരളം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 4, 2019

ഇതല്ല കേരളം, ഇതാവരുത് കേരളം

സമാനതകളില്ലാത്ത അക്രമമാണ് വ്യാഴാഴ്ച കേരളം കണ്ടത്. ഹർത്താലിന്റെ മറവിൽ കേരളം അക്ഷരാർത്ഥത്തിൽ ബന്ദിയാക്കപ്പെടുകയായിരുന്നു. വീടുകളും ഓഫീസുകളും കടകളും വാഹനങ്ങളും തകർക്കപ്പെട്ടു, കത്തിക്കുത്തും ബോംബേറുമുണ്ടായി. ജനജീവിതം താറുമാറാക്കി അക്രമികൾ തെരുവിൽ അഴിഞ്ഞാടിയപ്പോൾ സർക്കാരും പോലീസും നിസ്സഹായരായി നോക്കിനിന്നു. കോഴിക്കോട് മിഠായിത്തെരുവിൽ നടന്ന അതിക്രമം ജനാധിപത്യകേരളം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നതിന്റെ നേർക്കാഴ്ചയായിരുന്നു. ഹർത്താൽ ജനാധിപത്യ സമരമുറയാണെന്നാണ് വെയ്പ്. അതുകൊണ്ടുതന്നെ അതിൽ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം പൗരസമൂഹത്തിനുണ്ട്. മിഠായിത്തെരുവിലെ വ്യാപാരികൾ കടകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കാൻ തയ്യാറായി. ഇതുപോലെ കേരളത്തിന്റെ പലഭാഗങ്ങളിലും വ്യാപാരികൾ ഹർത്താലിൽ നിന്ന് വിട്ടുനിന്നു. സ്വാഭാവികമായും വ്യാപാരികൾ പോലീസ് സംരക്ഷണം പ്രതീക്ഷിച്ചു. ഹർത്താലിലെന്നല്ല ഒരു കലാപരിപടിയിലും നിയമം കൈയ്യിലെടുക്കാൻ ഒരു സംഘടനയ്ക്കും ആൾക്കൂട്ടത്തിനും അധികാരമോ അവകാശമോ ഇല്ല. പക്ഷേ, തങ്ങളുടെ കൺമുന്നിൽ തങ്ങളുടെ കടകൾ ആക്രമിക്കപ്പെടുന്നത് വ്യാപാരികൾക്ക് നോക്കി നിൽക്കേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് ഉത്തരം പറഞ്ഞേ മതിയാവൂ. ഹർത്താലിൽ അക്രമം അനുവദിക്കില്ലെന്ന് വലിയ വായിൽ വാചകമടിച്ച സംസ്ഥാന ഡിജിപി ലോകനാഥ് ബെഹ്റ ഈ വലിയ വീഴ്ചയ്ക്ക് ഉത്തരവാദിത്വം ഏറ്റെടുത്തേ തീരൂ. ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നാക്കം പോവില്ലെന്ന് മുഖ്യമന്ത്രി ഉറച്ച നിലപാടെടുത്തിരുന്നു. സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നിരിക്കെ ഒരു സർക്കാരിനും മറിച്ചൊരു നിലപാടെടുക്കാനുമാവില്ല. പക്ഷേ, വിധി നടപ്പാകുമ്പോഴുണ്ടാവുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ സർക്കാർ തീർച്ചയായും തയ്യാറെടുക്കണമായിരുന്നു. ബുധനാഴ്ച പുലർച്ചെ ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയത് സർക്കാരിന്റെ അറിവോടെയായിരുന്നു. വ്യക്തമായ ആസൂത്രണവും കരുതലും അതിലുണ്ടായിരുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ലംഘനമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന വലിയൊരു സമൂഹം കേരളത്തിലുണ്ട്. അതൊരു യാഥാർത്ഥ്യമാണ്. ശബരിമലയിലെ യുവതീപ്രവേശം സർക്കാർ മാത്രമല്ല ആഗ്രഹിച്ചിരുന്നതെന്നും എതിർപക്ഷത്തുള്ള രാഷ്ട്രീയ ശക്തികളും ഇതേ നിമിഷത്തിനുവേണ്ടിയാണ് കാത്തിരുന്നതെന്നും ഗണിച്ചെടുക്കാൻ വിശേഷബുദ്ധിയൊന്നും വേണ്ട. അക്രമികളുടെ ലക്ഷ്യം പകൽ പോലെ വ്യക്തമായിരുന്നു. കേരളമെമ്പാടും ചോരവീഴ്ത്തണമെന്ന പദ്ധതി തന്നെയായിരുന്നു അത്. ജനാധിപത്യസംവിധാനത്തിൽ ലക്ഷ്യങ്ങൾ നേടേണ്ടത് നിയമവാഴ്ച തകർത്തുകൊണ്ടല്ല. സ്വതന്ത്ര ഇന്ത്യയുടെ യാത്രയ്ക്ക് വഴികാട്ടുന്ന ഭരണഘടനയുടെ ശിൽപിയായ ബി.ആർ.അംബദ്കർ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഇന്ത്യ സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ളിക്കായതോടെ കലാപങ്ങൾക്ക് സ്ഥാനമില്ലാതായി എന്നാണ് അംബദ്കർ പറഞ്ഞത്. അരാജകത്വത്തിന്റെ വ്യാകരണം ഇനി ഇന്ത്യയിൽ വേണ്ടെന്നായിരുന്നു അംബദ്കറിന്റെ വാക്കുകൾ. വ്യാഴാഴ്ചകേരളം ഇരയായത് ഈ അരാജകത്വത്തിനാണ്. ഇതല്ല കേരളം , ഇതാവരുത് കേരളം. ജനാധിപത്യവിരുദ്ധ ശക്തികൾ അഴിഞ്ഞാടുമ്പോൾ പൗരസമൂഹം ഉണരേണ്ടതുണ്ട്. നമ്മുടെ പൂർവസൂരികൾ എത്രയോ പണിപ്പെട്ട് നേടിത്തന്ന സ്വാതന്ത്ര്യമാണ് തെരുവിൽ ചോദ്യം ചെയ്യപ്പെടുന്നത്. നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില. ഈ വില നമ്മൾ കൊടുക്കേണ്ട നിർണായക നിമിഷങ്ങളാണിത്. പരാജയപ്പെട്ടുപോയ ജനതയെന്ന് വരും തലമുറ നമ്മളെ വിളിക്കാൻ ഒരിക്കലും ഇടവരരുത്. content highlights:haratal,bjp, Kerala turns into war zone during hartal,sabarimala women entry


from mathrubhumi.latestnews.rssfeed http://bit.ly/2Ry08cQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages