ദുബായ്: യു.എ.ഇ. സന്ദർശനത്തിനായി എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്ക് ദുബായ് വിമാനത്താവളത്തിൽ ഹൃദ്യമായ വരവേല്പ്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെത്തിയ രാഹുലിനെ മജ്ലിസിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., കെ.പി.സി.സി. വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി., കെ. സുധാകരൻ, എം.പി.മാരായ എം.കെ. രാഘവൻ, ആന്റോ ആന്റണി, എൻ. ഷംസുദ്ദീൻ എം.എൽ.എ. തുടങ്ങിയവർചേർന്ന് സ്വീകരിച്ചു. രാഹുലിന് സ്വാഗതം എന്നെഴുതിയ പ്ലക്കാർഡുകളുമായി കുട്ടികളുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പുറത്ത് കാത്തുനിന്നിരുന്നു. കരഘോഷങ്ങളോടെ ഇവർ രാഹുലിനെ വരവേറ്റു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിട്രോഡയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. വെള്ളിയാഴ്ച തുടങ്ങുന്ന യു.എ.ഇ. പര്യടനത്തിനായി വലിയ ഒരുക്കങ്ങളും പ്രചാരണങ്ങളുമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തിവരുന്നത്. വൻ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനമാണ് രാഹുലിന്റെ പ്രധാന പരിപാടി. ഉച്ചതിരിഞ്ഞ് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി.) ഒരുക്കുന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കും. കാലത്ത് പത്തിന് ദുബായ് ജബൽഅലിയിലെ ഒരു ലേബർ ക്യാമ്പ് സന്ദർശനത്തോടെയാണ് യു.എ.ഇ. പര്യടനത്തിന്റെ തുടക്കം. ശനിയാഴ്ച ദുബായിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെയും യുവാക്കളുടെയും ഒരു സംഘത്തോട് രാഹുൽ സംസാരിക്കും. തുടർന്ന് അബുദാബിയിലേക്ക് പോകും. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് ഗ്രൂപ്പ് ഒരുക്കുന്ന മുഖാമുഖം, ശൈഖ് സായിദ് പള്ളി സന്ദർശനം എന്നിവയാണ് പ്രധാന പരിപാടികൾ. ഞായറാഴ്ച ഷാർജയിലെ ഒരു പരിപാടിയിലും അദ്ദേഹം സംബന്ധിക്കുമെന്നാണ് സൂചന. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി 'ഇന്ത്യ എന്ന ആശയം' എന്ന സന്ദേശത്തോടെയുള്ള സാംസ്കാരികപരിപാടിയാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുക. വൈകീട്ട് നാലിന് ആരംഭിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാരൂപങ്ങൾ അരങ്ങേറും. അഞ്ചരയോടെ രാഹുൽ വേദിയിലെത്തും. ഇതിനുമുമ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സി. വേണുഗോപാൽ എം.പി., മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്നിവർ പ്രസംഗിക്കും. സാം പിട്രോഡ അധ്യക്ഷനായിരിക്കും. മൂന്നുവർഷംമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി എത്തിയ വൻജനക്കൂട്ടത്തെ മറികടക്കുന്നതാവണം രാഹുലിനുള്ള വരവേൽപ്പ് എന്നാണ് എ.ഐ.സി.സി. നേതാക്കൾ മുതൽ കോൺഗ്രസ് അനുഭാവസംഘടനയായ ഇൻകാസിന്റെ പ്രവർത്തകർവരെ നൽകുന്ന ആഹ്വാനം. content highlights:rahul gandhi uae visit
from mathrubhumi.latestnews.rssfeed http://bit.ly/2Hj4HEf
via
IFTTT
No comments:
Post a Comment