ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർക്ക് കളക്ടർ നിർദേശം നൽകുന്ന വാട്സ്ആപ്പ് ചാറ്റ് വിവാദമാകുന്നു. മധ്യപ്രദേശിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മേലുദ്യോഗസ്ഥ നൽകിയ സന്ദേശമാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. കളക്ടർ അനുഭ ശ്രീവാസ്തവ ഡെപ്യൂട്ടി കളക്ടർ പൂജ തിവാരിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശമാണ് വൈറലായിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ജയ്ത്പുർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഉമ ധുർവേ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ഇവർ തമ്മിൽ ആശയവിനിമയം നടന്നത്. ബിജെപി സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കണമെന്ന് അസിസ്റ്റൻഡ് റിട്ടേണിങ് ഓഫീസർ കൂടിയായഡെപ്യൂട്ടി കളക്ടറോട് നിർദേശിക്കുന്ന വാട്സ്ആപ്പ് സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. കളക്ടറുടെ നിർദേശം അനുസരിച്ച് പ്രവർത്തിച്ചാൽ ഭാവിയിൽ തനിക്കെന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് ഡെപ്യൂട്ടി കളക്ടർ തിരിച്ച് ചോദിക്കുന്നുണ്ട്. അതിനെക്കുറിച്ച് പേടിക്കേണ്ടെന്ന് കളക്ടർ മറുപടി നൽകുന്നു. ബിജെപി വിജയിച്ചാൽ പൂജ തിവാരിയെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആക്കി നിയമിക്കാമെന്നും കളക്ടർ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ സന്ദേശം കെട്ടിച്ചമച്ചതാണെന്നും ആരോപിക്കപ്പെടുന്ന കാര്യങ്ങളിൽ യാതൊരു സത്യവുമില്ലെന്നും കളക്ടറും സബ് കളക്ടറും പ്രതികരിച്ചു. ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി. പ്രചരിക്കുന്ന വാട്സ്ആപ് സന്ദേശത്തിന്റെ ആധികാരികത ഇതുവരെ വ്യക്തമായിട്ടില്ല. ശക്തമായ മത്സരം നടന്ന ജയ്ത്പുരിൽ ബിജെപിയുടെ മനീഷ് സിങ് കോൺഗ്രസിന്റെ ഉമ ധുർവേയെ നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ നിരവധി ഉദ്യോഗസ്ഥർ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു. Content Highlights:Viral Whatsapp Chat, Madhy Pradesh, Collector, BJP, Election
from mathrubhumi.latestnews.rssfeed http://bit.ly/2CAraGW
via
IFTTT
No comments:
Post a Comment