പത്തനംതിട്ട/പന്തളം: പന്തളത്ത് ശബരിമല കർമസമിതിപ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ചന്ദ്രനുണ്ണിത്താനെയും മറ്റ് ശബരിമല കർമസമിതി പ്രകടനക്കാരെയും 'കൊല്ലെടാ അവൻമാരെ...' എന്നാക്രോശിച്ച് കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രകടനക്കാരെ കല്ലെറിഞ്ഞ് കൊല്ലണമെന്ന പൊതു ഉദ്ദേശ്യത്തിലാണ് പ്രതികൾ സംഘടിച്ചത്. സിമന്റ് കട്ട, ഇഷ്ടിക, കരിങ്കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികളായ കടയ്ക്കാട് വാക്കയിൽ കോയിക്കൽ തെക്കേപ്പുരയിൽ കണ്ണൻ (30), ഉളനാട് പുതുപ്പറമ്പിൽ താഴേതിൽ നിഖിൽ (അജു-22) എന്നിവർക്കെതിരേ കൊലപാതകത്തിനും ആസൂത്രണത്തിനും കേസെടുത്തു. റിപ്പോർട്ട് അടൂർ കോടതിയിൽ സമർപ്പിച്ചു. പോലീസിനുനേരെ കല്ലെറിഞ്ഞ കേസിലാണ് മങ്ങാരം പുലിക്കുഴി മണ്ണിൽ ആരിഫിന്റെ (19) അറസ്റ്റ്. ഇവരെല്ലാം ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ്. കോടതിയിൽ ഹാജരാക്കിയ മൂവരെയും കൊട്ടാരക്കര ജയിലിലടച്ചു. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അടൂർ ഡിവൈ.എസ്.പി. ആർ. ജോസ് പറഞ്ഞു. ചന്ദ്രനുണ്ണിത്താന്റെ തലയോട്ടിക്ക് പൊട്ടലുണ്ട്. മാരകപരിക്കാണ് മരണകാരണമെന്നും പോലീസ് പറയുന്നു. റിമാൻഡ് റിപ്പോർട്ടിലും തലയിലാണ് പരിക്കെന്ന് കാണിച്ചതോടെ ഹൃദയാഘാതമാണ് മരണകാരണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തെറ്റാണെന്ന് തെളിഞ്ഞു. വിലാപയാത്രയിൽ ആയിരങ്ങൾ ചന്ദ്രനുണ്ണിത്താന്റെ മൃതദേഹം കുരമ്പാലയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽനിന്ന് ശബരിമല കർമസമിതിപ്രവർത്തകരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം പന്തളത്തെത്തിച്ചു. തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രം കാണിക്കവഞ്ചിക്ക് സമീപത്തുനിന്ന് വിലാപയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. സ്ത്രീകളുൾപ്പെടെ ആയിരക്കണക്കിനുപേർ പങ്കെടുത്തു. ശബരിമല കർമസമിതി വർക്കിങ് ചെയർപേഴ്സൺ കെ.പി. ശശികല, ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാധാകൃഷ്ണൻ, ശബരിമല കർമസമിതി സംസ്ഥാന സംയോജകൻ കെ. കൃഷ്ണൻകുട്ടി, ബി.ജെ.പി. ജില്ലാപ്രസിഡന്റ് അശോകൻ കുളനട, ആചാരസംരക്ഷണസമിതി കൺവീനർ പൃഥ്വിപാൽ തുടങ്ങിയവർ പങ്കുചേർന്നു. content highlights:chandran unnithan murder
from mathrubhumi.latestnews.rssfeed http://bit.ly/2F8sGnl
via
IFTTT
No comments:
Post a Comment