ലണ്ടൻ: പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് വീണ്ടും സമനിലക്കുരുക്ക്. വെസ്റ്റ് ഹാമാണ് സ്വന്തം മൈതാനത്ത് ചെമ്പടയെ (1-1) സമനിലയിൽ പിടിച്ചത്. ഇതോടെ ലീഗിലെ കിരീട പോരാട്ടം ഒന്നുകൂടെ ശക്തമായി. സമനില വഴങ്ങിയതോടെ പ്രീമിയർ ലീഗിൽ ഒന്നാമതുള്ള ലിവർപൂളും തൊട്ടടുത്ത സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള അകലം മൂന്ന് പോയിന്റായി കുറഞ്ഞു. അടുത്ത മത്സരത്തിൽ എവർട്ടണെ നേരിടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ജയിച്ചാൽ താത്കാലികമായി ഒന്നാം സ്ഥാനത്തെത്താം. അവസാന മത്സരത്തിൽ ലെസ്റ്റർ സിറ്റിയോടും ലിവർപൂൾ സമനില വഴങ്ങിയിരുന്നു. ഓഫ് സൈഡ് സംശയമുയർന്ന ഒരു ഗോളിലാണ് 22-ാം മിനിറ്റിൽ ലിവർപൂൾ ലീഡ് എടുത്തത്. മിൽനറിന്റെ ക്രോസിൽ നിന്ന് സാദിയോ മാനെ സ്കോർ ചെയ്തു. വലതുവിങ്ങിലൂടെ ലല്ലാനയും മിൽനറും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ലഭിച്ച പന്ത് മാനെ വലയിലെത്തിച്ചു. എന്നാൽ 28-ാം മിനിറ്റിൽ അന്റോണിയോ മികച്ചൊരു നീക്കത്തിലൂടെ അലിസണെ കീഴ്പ്പെടുത്തി ടീമിനെ ഒപ്പമെത്തിച്ചു. ഫ്രീക്കിൽനിന്ന് ലഭിച്ച അവസരമാണ് താരം ഗോളാക്കിമാറ്റിയത്. രണ്ടാംപകുതിയിൽ വിജയത്തിനായി ഷാകിരിയേയും ഒറിഗിയേയും രംഗത്തിറക്കിയ ലിവർപൂൾ കിണഞ്ഞുപരിശ്രമിച്ചെങ്കിലും വെസ്റ്റ് ഹാം ഗോൾകീപ്പർ ഫബിയാൻസ്കിയെ മറികടക്കാനായില്ല. മത്സരത്തിൽ 74 ശതമാനം സമയത്തും പന്ത് ലിവർപൂൾ താരങ്ങളുടെ കാലിലായിരുന്നു. Content Highlights:Liverpool draw with West Ham United to see title lead cut to just three points
from mathrubhumi.latestnews.rssfeed http://bit.ly/2TwujPv
via
IFTTT
No comments:
Post a Comment