മമതയും മോദിയും ഏറ്റുമുട്ടുമ്പോള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

മമതയും മോദിയും ഏറ്റുമുട്ടുമ്പോള്‍

മമത ബാനർജി പുണ്യാളത്തിയാണെന്ന് അടുത്തിടെ തൃണമൂൽ കോൺഗ്രസ്സിലേക്ക് ചേക്കേറിയ ചന്ദൻമിത്ര പോലും പറയാനിടയില്ല. ശാരദ, റോസ്വാലി തട്ടിപ്പ് കേസുകളുടെ കരിനിഴലിന്റെ ആഴവും പരപ്പും അത്രയേറെ വലുതാണ്. പക്ഷെ, കൊടുത്താൽ കൊല്ലത്തു മാത്രമല്ല അങ്ങ് കൊൽക്കൊത്തയിലും കിട്ടുമെന്ന് മോദി സർക്കാർ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാവണം. ശാരദ, റോസ്വാലി തട്ടിപ്പ് കേസുകൾ സി.ബി.ഐ. അന്വേഷിക്കുന്നത് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ്. അതുകൊണ്ടുതന്നെയാണ് അന്വേഷണവുമായി സഹകരിക്കുകതന്നെ വേണമെന്ന് ബംഗാൾ സർക്കാരിനോട് സുപ്രീം കോടതി ചൊവ്വാഴ്ച വ്യക്തമാക്കിയതും. സ്വാഭാവികമായും മമത ബാനർജിക്കോ തൃണമൂലിനോ ഇതിൽ രാഷ്ട്രീയം കളിക്കുക എളുപ്പമല്ല. എന്നിട്ടും മമതയ്ക്ക് സംഗതി തെരുവിൽ എത്തിക്കാനായി. കൊൽക്കൊത്ത സിറ്റി പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ. പുറപ്പാട് ഫെഡറൽ ഘടനയോടുള്ള വെല്ലുവിളിയിയി ചിത്രീകരിക്കാനും മമതയ്ക്കായി. പ്രതിപക്ഷമൊന്നടങ്കം ഈ പോരാട്ടത്തിൽ മമതയ്ക്ക് പിന്നിൽ അണിനിരക്കുകയും ചെയ്തു. സ്വയം പ്രതിക്കൂട്ടിൽ നിൽക്കുന്ന ഒരു കേസിൽ പോരാളിയുടെ പരിവേഷം നേടിയെടുക്കാൻ മമതയ്ക്കാവുന്നു എന്നത് നിസ്സാരമല്ല. ഒന്നും ശൂന്യതയിൽനിന്ന് ഉണ്ടാവുന്നില്ലെന്നു പറയുന്നതുപോലെ ഈ ഏറ്റുമുട്ടലിനും ഒരു പരിസരമുണ്ട്. ആ പരിസരം തീർത്തതിൽ മോദി സർക്കാരിനുള്ള പങ്കാണ് മമതയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കിക്കൊടുക്കുന്നതും. പ്രശ്നം സി.ബി.ഐയുടെ വിശ്വാസ്യതയാണ്. പ്രശ്നം ഭരണഘടനാ സ്ഥാപനങ്ങളോട് മോദി സർക്കാർ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ്. 2016 ഡിസംബറിൽ ജയലളിതയുടെ മരണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോൾ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് 200 മീറ്റർ അപ്പുറം മാത്രമാണ് ചെന്നൈയിൽ സെന്റ് ജോർജ് കോട്ടയിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസ്. ചീഫ് സെക്രട്ടറി രാമമോഹനറാവുവിന്റെ ഓഫീസിൽ റെയ്ഡ് നടക്കുമ്പോൾ തൊട്ടപ്പുറത്തെ ഓഫീസിൽ അന്നത്തെ മുഖ്യമന്ത്രി ഒ.പനീർശെൽവമുണ്ടായിരുന്നു. സി.ആർ.പി.എഫുകാർ സെക്രട്ടറിയേറ്റ് വളഞ്ഞ ശേഷമായിരുന്നു ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ജയലളിതയോ കരുണാനിധിയോ ആയിരുന്നു മുഖ്യമന്ത്രിയെങ്കിൽ ഇങ്ങനെയൊരു റെയ്ഡിന്റെ പ്രശ്നമേ ഉദിക്കില്ലെന്ന നിരിക്ഷണം അന്ന് പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളുണ്ടായിരിക്കും. ഈ വിവരങ്ങൾ സ്വന്തമാക്കി എ.ഐ.എ.ഡി.എം.കെ. സർക്കാരിനുമേൽ കൃത്യമായ നിയന്ത്രണം കൈയ്യാളുന്നതിനായിരുന്നു റെയ്ഡ് എന്ന ആരോപണവും അന്ന് ഉയർന്നിരുന്നു. മമത ബാനർജിയാണ് അന്ന് ഈ റെയ്ഡിനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചതെന്നതും വിസ്മരിക്കാനാവില്ല. രാമമോഹന റാവു ജയലളിതയുടെയും ശശികലയുടെയും വിശ്വസ്തനായിരുന്നു. കറകകളഞ്ഞ ഉദ്യോഗസ്ഥനാണ് റാവുവെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ പോലും പറയാനുമിടയില്ല. പക്ഷെ, റെയ്ഡിന്റെ സമയവും അതു കഴിഞ്ഞുണ്ടായ സംഭവവികാസങ്ങളും റെയ്ഡിന്റെ ലക്ഷ്യം അഴിമതി തുടച്ചുനീക്കലായിരുന്നില്ലെന്നും രാഷ്ട്രീയമായിരുന്നെന്നും തെളിയിക്കാൻ പോന്നതായിരുന്നു. ഇന്നിപ്പോൾ തമിഴകത്ത് എ.ഐ.എ.ഡി.എം.കെ. സർക്കാർ കേന്ദ്ര സർക്കാരിന്റെ ചൊൽപടിയിലാണെന്നു പറഞ്ഞാൽ പനീർശെൽവം പോലും അത് നിഷേധിക്കാനിടയില്ല. 2015-ൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ ഓഫീസ് സി.ബി.ഐ. റെയ്ഡ് ചെയ്തതും ഇതോട് ചേർത്തു വായിക്കാവുന്നതാണ്. റെയ്ഡുകൾ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം സംഭവിക്കുന്നത് എന്തു കൊണ്ടാണെന്ന ചോദ്യം അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ല. ശാരദ തട്ടിപ്പ് കേസിൽ സി.ബി.ഐ. റെയ്ഡിനു വിധേയരായ രണ്ട് പ്രമുഖ നേതാക്കൾ - ബംഗാളിലെ മുകുൽ റോയിയും അസമിലെ ഹിമന്ത ബിശ്വ ശർമ്മയും - ഇപ്പോൾ ബി.ജെ.പിയിലാണെന്നുതം മറക്കാനാവില്ല. തട്ടിപ്പു കേസിലെ പ്രതികൾ വിശുദ്ധരാവണമെങ്കിൽ ബി.ജെ.പിയിൽ ചേർന്നാൽ മതിയോ എന്നാണ് ഒരു രാഷ്ട്രീയ നിരിക്ഷകൻ ഇതേക്കുറിച്ച് ചോദിച്ചത്. ഈ ഹിമന്ത ബിശ്വയാണ് ഇപ്പോൾ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ തുറുപ്പുഗുലാൻ. 2001-ൽ ജയലളിത സർക്കാർ കരുണാനിധിയെ അറസ്റ്റ് ചെയ്തപ്പോൾ കേന്ദ്രമന്ത്രിമാരായിരുന്ന മുരശൊലി മാരനും ടി.ആർ. ബാലുവും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിമാർ അറസ്റ്റ് ചെയ്യപ്പെട്ടതിനെതുടർന്ന് ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് വാജ്പേയി സർക്കാർ വാജ്പേയി സർക്കാർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രമന്ത്രിമാരെ അറസ്റ്റ് ചെയ്തെന്നായിരുന്നു ജയലളിത സർക്കാരിന്റെ നിലപാട്. പക്ഷെ, നിയമവാഴ്ചയുടെ തകർച്ചയായാണ് കേന്ദ്ര സർക്കാർ ഇതിനെ വിലയിരുത്തിയത്. ഗവർണർ ഫാത്തിമ ബീവിയെ പിരിച്ചുവിടാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. ഒടുവിൽ രാജി സമർപ്പിച്ച് സ്ഥലം വിട്ടോളൂ എന്ന അനുരഞ്ജനത്തിലേക്ക് പ്രധാനമന്ത്രി വാജ്പേയി എത്തുകയായിരുന്നു എന്നാണ് അന്ന് ഡൽഹിയിൽനിന്നു കേട്ടത്. നിയമവാഴ്ചയുടെ ഭാഗമായി സി.ബി.ഐ. നടപടികളെ ഇന്ന് ന്യായീകരിക്കുന്നവർ 2001-ൽ ഇതേ അവകാശവാദമുന്നയിച്ച ഗവർണ്ണറെ പുറത്താക്കുകയായിരുന്നു. കൊൽക്കൊത്തയിൽ ഇങ്ങനെയൊരു നാടകം എന്തിനാണ് സി.ബി.ഐ. കളിച്ചതെന്നതും വലിയൊരു ചോദ്യമാണ്. 2014-ൽ സി.ബി.ഐയെ സുപ്രീം കോടതി ഏൽപിച്ച കേസാണിത്. ഈ ഘട്ടത്തിൽ കൊൽക്കൊത്തയിലെ പോലീസ് കമ്മീഷണറുടെ ഓഫീസിൽ മിന്നൽ റെയ്ഡ് നടത്തുന്നതിലൂടെ് സി.ബി.ഐ. രഹസ്യവിവരങ്ങളുടെ ഖനി തന്നെ കണ്ടെത്തും എന്ന് അരിയാഹാരം കഴിക്കാത്തവരും വിശ്വസിക്കാനിടയില്ല. വാസ്തവത്തിൽ പോലീസ് കമ്മീഷണറെ നേരത്തെ വിവരമറിയിച്ച് ചെയ്യാമായിരുന്ന ഒരു സംഗതിയാണ് സി.ബി.ഐ. കളിച്ച് കുളമാക്കിയത്. ഇനിയിപ്പോൾ ഈ കുളത്തിൽ നിന്ന് മീൻ പിടിക്കാൻ മമത ഇറങ്ങുമ്പോൾ നോക്കിയിരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. വഴിയിൽ കേട്ടത്: അതിശക്തമായ കേന്ദ്രമെന്നും 56 ഇഞ്ചെന്നുമൊക്കെ വിളിച്ചുകൂവാൻ എളുപ്പമാണ്. പക്ഷെ, കളമറിഞ്ഞല്ല കളിയെങ്കിൽ പൊട്ടിപ്പോവാൻ ഒരു മൊട്ടുസൂചി ധാരാളമാണ്. Content Higlights: Mamata Banerjee, Narendra Modi, Sarada Rose valley scam, CBI, Commissioner office raid, kolkatta rally


from mathrubhumi.latestnews.rssfeed http://bit.ly/2WISDzq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages