മാതൃഭൂമി ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിന്റെ ഭാഗമായി, മുപ്പതു വയസ്സിനു താഴെയുള്ളവർക്കുവേണ്ടി നടത്തിയ കഥാമൽസരത്തിലേക്ക് ഒട്ടാകെ രണ്ടായിരത്തിപ്പതിനാല് ചെറുകഥകളാണ് അയച്ചുകിട്ടിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ചെറുകഥകൾ പിറന്ന നമ്മുടെ ഭാഷയിലേക്ക്, ഒരുപക്ഷേ ഒറ്റക്കഥയ്ക്ക് ഇന്ത്യയിൽത്തന്നെ ഏറ്റവും വലിയ സമ്മാനത്തുക ലഭിക്കുന്ന ഒരു മൽസരത്തിലേക്ക്, എത്തിയ ആ രചനകളെ അതുകൊണ്ടുതന്നെ ഞങ്ങൾ വലിയ ആവേശത്തോടെയാണ് സമീപിച്ചത്. രണ്ടായിരത്തിൽപ്പരം കഥകളിൽനിന്ന്, പ്രാഥമിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഏതാണ്ട് ആയിരത്തോളം കഥകളേ മൽസരത്തിന് യോഗ്യത നേടിയുള്ളൂ. അവയിൽനിന്ന് ഏകദേശം നൂറോളം കഥകളാണ് - അക്ഷന്തവ്യമായ അക്ഷരത്തെറ്റുകളുള്ളവയും ഒരു കഥാകൃത്തിന് അത്യാവശ്യം വേണ്ടുന്ന ഭാഷാപരിജ്ഞാനം പോലുമില്ലാത്തവയും ഒഴിവാക്കിക്കഴിഞ്ഞ് -രണ്ടാംഘട്ടത്തിലേക്ക് കടന്നത്. കഥയെന്തെന്നും മനുഷ്യജീവിതമെന്തെന്നുമുള്ള ബോധ്യത്തോടെ എഴുതപ്പെട്ട കഥകളെ കണ്ടെത്താൻ ശ്രമിച്ചപ്പോഴാകട്ടെ വീണ്ടും പട്ടിക ചുരുങ്ങിവന്നു. ഒടുവിൽ, രചനയുടെ സർഗാത്മകതയും എഴുത്തിലെ കൈയടക്കവും വിഷയസ്വീകരണത്തിലെ അനന്യതയും പ്രമേയപരിചരണത്തിലെ മൗലികതയും മാനദണ്ഡമാക്കി അവസാന ഘട്ടത്തിൽ പത്തുകഥകൾ അവശേഷിച്ചു. മാതൃഭൂമിയുടെ കഥാമൽസരങ്ങളിലൂടെ കടന്നുവന്ന ധാരാളം യുവാക്കൾ പിൽക്കാലത്ത് മലയാള ചെറുകഥയുടെ അഭിമാനങ്ങളായി ഉയർന്നിട്ടുള്ള കാര്യം മനസ്സിൽവച്ചുകൊണ്ട് പിന്നേയും ഈ പത്തുകഥകളെ ഞങ്ങൾ സൂക്ഷ്മമായ വായനയ്ക്ക് വിധേയമാക്കി. ഖേദത്തോടെ പറയട്ടെ, ഇത്തരമൊരു വലിയ മൽസരത്തിൽ സമ്മാനിതമാകാൻ നിസ്സംശയം അർഹമായ ഒരു കഥ പോലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. യുവതലമുറയുടെ സർഗഭാവനയ്ക്ക് എന്തെങ്കിലും തരത്തിൽ ശോഷണമുണ്ടായതായി ഞങ്ങൾ കരുതുന്നില്ല. എന്നാൽ തങ്ങൾ ഏർപ്പെടുന്ന കർമമണ്ഡലത്തിൽ, വിശിഷ്യാ സർഗാത്മകമായ പരിശ്രമങ്ങളിൽ, നൂറുശതമാനവും തങ്ങളെത്തന്നെ അർപ്പിക്കുവാനുള്ള വൈമനസ്യത്തിന്റെ നിദർശനമായി ഇതിനെ കണ്ടേതീരൂ. കഥയെഴുത്ത് ഉദാസീനമായി ചെയ്തുതീർക്കാനുള്ള ഒന്നല്ലെന്നും സമ്മാനത്തുകയുടെ പ്രലോഭനമാകരുത് എഴുത്തിന്റെ മുഖ്യപ്രചോദനമെന്നും ഈ രംഗത്തെ തുടക്കക്കാർ മനസ്സിലാക്കുവാൻ ഈ വിധിപ്രസ്താവം ഒരു നിമിത്തമായിത്തീരേണ്ടതുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ട് ഇക്കുറി മാതൃഭൂമി കഥാമൽസരത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഇല്ലെന്ന് ഖേദത്തോടെ, എന്നാൽ ഈ മൽസരത്തിന്റെ പ്രധാനലക്ഷ്യത്തിൽനിന്ന് വ്യതിചലിച്ചിട്ടില്ലെന്ന ബോധ്യത്തോടെ, ഇവിടെ പ്രഖ്യാപിക്കുന്നു. മൽസരത്തിൽ പങ്കെടുത്ത എല്ലാവർക്കും, പ്രത്യേകിച്ചും പരിശോധനയുടെ അവസാന ഘട്ടത്തിലേക്ക് എത്തിയ പത്ത് കഥാകൃത്തുക്കൾക്ക് അനുമോദനങ്ങൾ. വരുംകാലത്ത് കഥാരചനയിൽ കൂടുതൽ ജാഗ്രതയോടെ മുഴുകുവാനും മലയാളത്തിന് മഹത്തായ കഥകൾ സമ്മാനിക്കാനുമുള്ള തീവ്രമായ ആഗ്രഹമാകട്ടെ ഈ യുവസ്രഷ്ടാക്കളുടെ സർഗപ്രയാണത്തിനുള്ള മുഖ്യഇന്ധനം എന്ന് ആശംസിക്കുന്നു. എന്ന്, വിധിനിർണയസമിതിക്കുവേണ്ടി എം.ടി.വാസുദേവൻ നായർ (ജഡ്ജിങ് കമ്മിറ്റി ചെയർമാൻ) എം.മുകുന്ദൻ, സി.വി. ബാലകൃഷ്ണൻ, ഇ. സന്തോഷ് കുമാർ 30. 1. 2019 കോഴിക്കോട് Content Highlights:mathrubhumi katha puraskaram, MBIFL 2019.
from mathrubhumi.latestnews.rssfeed http://bit.ly/2Gm3Wb4
via
IFTTT
No comments:
Post a Comment