ന്യൂഡൽഹി: ബി.ജെ.പി.യുടെ മുതിർന്ന നേതാവ് എൽ.കെ. അദ്വാനി ആറുതവണ ജയിച്ച ഗുജറാത്തിലെ ഗാന്ധിനഗർ സീറ്റിൽ ഇക്കുറി പാർട്ടിയധ്യക്ഷൻ അമിത് ഷാ മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലെ മണ്ഡലമായ യു.പി.യിലെ വാരാണസിയിൽതന്നെ ജനവിധി തേടും. 20 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 184 സീറ്റിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക വ്യാഴാഴ്ച വൈകീട്ടാണ് ബി.ജെ.പി. പുറത്തുവിട്ടത്. തർക്കത്തിലായ പത്തനംതിട്ട ഒഴികെ കേരളത്തിൽ ബി.ജെ.പി. മത്സരിക്കുന്ന 13 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. 1991-ലും പിന്നീട് 1998 മുതൽ തുടർച്ചയായി അഞ്ചു തവണയും ഗാന്ധിനഗറിൽ ജയിച്ച അദ്വാനിയെ ഒഴിവാക്കിയാണ് അമിത് ഷായ്ക്ക് സീറ്റ് നൽകിയത്. ഇതോടെ, അദ്വാനി മത്സരിക്കാനുള്ള സാധ്യത മങ്ങി. യു.പി.യിലെ അമേഠിയിൽ ഇത്തവണയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് (ലഖ്നൗ), നിതിൻ ഗഡ്കരി (നാഗ്പുർ), കിരൺ റിജിജു (അരുണാചൽ വെസ്റ്റ്), രാജ്യവർധൻ സിങ് റാത്തോഡ് (ജയ്പുർ റൂറൽ), വി.കെ. സിങ് (ഗാസിയാബാദ്, യു.പി.), മഹേഷ് ശർമ (ഗൗതംബുദ്ധ് നഗർ, യു.പി.), ജിതേന്ദ്ര സിങ് (ഉധംപുർ, ജമ്മുകശ്മീർ), സദാനന്ദ ഗൗഡ (ബെംഗളൂരു നോർത്ത്), അർജുൻ റാം മേഘ്വാൾ (ബികാനേർ, രാജസ്ഥാൻ), ഗജേന്ദ്ര സിങ് ശെഖാവത് (ജോധ്പുർ, രാജസ്ഥാൻ), പൊൻ രാധാകൃഷ്ണൻ (കന്യാകുമാരി), ബാബുൽ സുപ്രിയോ (അസൻസോൾ, ബംഗാൾ) എന്നിവരും വ്യാഴാഴ്ച പ്രഖ്യാപിച്ച പട്ടികയിൽ ഉൾപ്പെടുന്നു. നടിയും സിറ്റിങ് എം.പി.യുമായ ഹേമ മാലിനി (മഥുര, യു.പി.), സാക്ഷി മഹാരാജ് (ഉന്നാവോ, യു.പി.), പൂനം മഹാജൻ (മുംബൈ നോർത്ത്- സെൻട്രൽ), ബംഗാൾ ബി.ജെ.പി. അധ്യക്ഷൻ ദിലീപ് ഘോഷ് (മിഡ്നാപുർ) എന്നിവരും ആദ്യ പട്ടികയിൽ ഇടംപിടിച്ച പ്രമുഖരാണ്. പ്രീതം ഗോപിനാഥ് മുണ്ടെ (ബീഡ്, മഹാരാഷ്ട്ര), ശോഭ കരന്തലജെ (ഉഡുപ്പി- ചിക്കമഗളൂരു), അനന്ത് കുമാർ ഹെഗ്ഡെ (ഉത്തര കന്നഡ), പ്രതാപ് സിംഹ (മൈസൂരു), ലോക്കറ്റ് ചാറ്റർജി (ഹൂഗ്ലി, ബംഗാൾ) എന്നിവരും ആദ്യപട്ടികയിലുണ്ട്. പത്തനംതിട്ടയിൽ സ്ഥാനാർഥിയായില്ല കണ്ണന്താനം എറണാകുളത്ത്, ശോഭ ആറ്റിങ്ങലിൽ, വടക്കന് സീറ്റില്ല : ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എറണാകുളത്തും സംസ്ഥാന ജനറൽസെക്രട്ടറി ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിലും മത്സരിക്കും. അടുത്തിടെ ബി.ജെ.പി.യിൽ ചേർന്ന പ്രമുഖരിൽ കോൺഗ്രസ് മുൻ വക്താവ് ടോം വടക്കന് സീറ്റില്ല. എന്നാൽ, മുൻ പി.എസ്.സി. ചെയർമാൻ കെ.എസ്. രാധാകൃഷ്ണന് ആലപ്പുഴ നൽകി. മറ്റുസ്ഥാനാർഥികൾ കൊല്ലം: കെ.വി. സാബു, ചാലക്കുടി: എ.എൻ. രാധാകൃഷ്ണൻ, പാലക്കാട്: സി. കൃഷ്ണകുമാർ, പൊന്നാനി: വി.ടി. രമ, മലപ്പുറം: വി. ഉണ്ണികൃഷ്ണൻ, കോഴിക്കോട്: കെ.പി. പ്രകാശ് ബാബു, വടകര: വി.കെ. സജീവൻ, കണ്ണൂർ: സി.കെ. പദ്മനാഭൻ, കാസർകോട്: രവീശ തന്ത്രി കുണ്ടാർ. പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും വൈകാതെ പ്രഖ്യാപിക്കുമെന്നും പട്ടിക പുറത്തുവിട്ടുകൊണ്ട് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ പത്രസമ്മേളനത്തിൽ പറഞ്ഞു. Content Highlights:Loksabha Election 2019 Modi will contest from varanasi and amit shah will contest from gandhinagar
from mathrubhumi.latestnews.rssfeed https://ift.tt/2CyX0EQ
via
IFTTT
No comments:
Post a Comment