ബി.ജെ.പി.യുടെ സ്ഥാനാർഥിപ്പട്ടിക നിർണയവും പ്രഖ്യാപനവും വൈകിച്ചത് പത്തനംതിട്ട മണ്ഡലത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു. മൂന്നുദിവസമായി പട്ടിക പ്രഖ്യാപനത്തെക്കുറിച്ചുള്ള ആകാംക്ഷയിലായിരുന്നു കേരളത്തിലെ ബി.ജെ.പി. പ്രവർത്തകർ. സ്ഥാനാർഥിനിർണയം എളുപ്പം പൂർത്തിയാക്കുകയാണ് പതിവുരീതി. എന്നാൽ, ഇക്കുറി തീരുമാനം നീണ്ടു. എന്നാൽ, പത്തനംതിട്ടയിലെ സ്ഥാനാർഥിയെ വ്യാഴാഴ്ചയും പ്രഖ്യാപിക്കാനായില്ല. ശബരിമല ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ സംസ്ഥാനാധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരുടെ പേരുകളാണ് തുടക്കംമുതൽ കേട്ടത്. ഡൽഹിയിൽനടന്ന ചർച്ചയിൽ കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പേരും ഉൾപ്പെടുത്തി. തർക്കം ഉയർന്ന സാഹചര്യത്തിൽ ആർ.എസ്.എസും ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായും ഇടപെട്ടു. തർക്കം പരിഹരിച്ചെന്നും കെ.സുരേന്ദ്രന് പത്തനംതിട്ട നൽകുമെന്നുമുള്ള ശക്തമായ സൂചനയാണ് ബുധനാഴ്ച പുറത്തുവന്നത്. പാലക്കാട് മണ്ഡലത്തെച്ചൊല്ലിയും തർക്കമുണ്ടായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനായിരുന്നു പാലക്കാടിനായി അവകാശവാദം ഉന്നയിച്ചത്. എന്നാൽ, ശോഭാ സുരേന്ദ്രന് ആറ്റിങ്ങലും പാലക്കാട് നഗരസഭാ വൈസ് ചെയർമാനായ സി. കൃഷ്ണകുമാറിന് പാലക്കാടും നൽകി പ്രശ്നം പരിഹരിച്ചു. കൊല്ലം സീറ്റ് ടോം വടക്കന് നൽകുമെന്നായിരുന്നു സൂചന. ഇതുസംബന്ധിച്ച് ദേശീയനേതൃത്വം അദ്ദേഹവുമായി സംസാരിച്ചിരുന്നു. എന്നാൽ, വടക്കനെ ഒഴിവാക്കി ന്യൂനപക്ഷമോർച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവിനാണ് കൊല്ലം നൽകിയത്. കേരളത്തിലെ സ്ഥാനാർഥിപ്പട്ടികയെക്കുറിച്ചുള്ള ചർച്ചയിൽ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു. എൻ.ഡി.എ.യിൽ ബി.ജെ.പി. 14 സീറ്റിലും ബി.ഡി.ജെ.എസ്. അഞ്ചുസീറ്റിലും കേരളാകോൺഗ്രസ് (പി.സി.തോമസ് വിഭാഗം) ഒരിടത്തും മത്സരിക്കാനാണ് ധാരണ. തൃശ്ശൂർ, മാവേലിക്കര, ഇടുക്കി, വയനാട്, ആലത്തൂർ എന്നീ മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ്. മത്സരിക്കുന്നത്. കോട്ടയം കേരളാ കോൺഗ്രസ് പി.സി.തോമസ് വിഭാഗത്തിനും നൽകി. content highlights:pathanamthitta, bjp, loksabha election
from mathrubhumi.latestnews.rssfeed https://ift.tt/2CwtVKt
via
IFTTT
No comments:
Post a Comment