ആറുവട്ടം എൽ.കെ. അദ്വാനിയുടെ പേരിനൊപ്പം ചേർത്തുവെച്ച മണ്ഡലമാണ് ഗുജറാത്തിലെ ഗാന്ധിനഗർ. 1998 മുതൽ തുടർച്ചയായി അഞ്ചുവട്ടം ഗാന്ധിനഗർ തിരഞ്ഞെടുത്തത് ഈ പേര് തന്നെ. എന്നാൽ, 2019-ലെ തിരഞ്ഞെടുപ്പിൽ എൽ.കെ. അദ്വാനിയെന്ന പേര് ഗാന്ധിനഗറിന്റെ ചുവരുകളിൽ പതിയില്ല. ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷായുടെ പടവും പേരും ഗാന്ധിനഗറിൽ ഉയരുമ്പോൾ, മുതിർന്ന നേതാവിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പടിയിറക്കം. പതിനഞ്ചാം വയസ്സിൽ ആർ.എസ്.എസ്. പ്രവർത്തകനായി പൊതുരംഗത്തിറങ്ങിയ അദ്വാനിക്ക് തൊണ്ണൂറ്റി ഒന്നാം വയസ്സിൽ നിർബന്ധിത വിരമിക്കൽ. ദീർഘകാലം പാർലമെന്റിലും ദേശീയരാഷ്ട്രീയത്തിലും ബി.ജെ.പി.യുടെ മേൽവിലാസങ്ങളായിരുന്നു എ.ബി. വാജ്പേയിയും എൽ.കെ. അദ്വാനിയും. ശക്തരായ ഈ രണ്ടു നേതാക്കളുടെ ബലത്തിലായിരുന്നു ബി.ജെ.പി. അറിയപ്പെട്ടിരുന്നത്. ബി.ജെ.പി.യുടെ സ്ഥാപകനേതാക്കൾ. ഒരാൾ സൗമ്യനായിരുന്നെങ്കിൽ മറ്റെയാൾ കർക്കശക്കാരൻ. രാഷ്ട്രീയനിലപാടുകളിലും ഈ മൃദു-ഘര വ്യത്യാസങ്ങൾ വ്യക്തമായിരുന്നു. വാജ്പേയി പ്രധാനമന്ത്രിയായപ്പോൾ അദ്വാനി ഉപപ്രധാനമന്ത്രി. പ്രധാനമന്ത്രി പദം അദ്വാനിയുടെ അടുത്തെത്തിയപ്പോഴാകട്ടെ പഴയ ശിഷ്യനുവേണ്ടി വഴി മാറേണ്ടിവന്നത് ചരിത്രം. വാജ്പേയി മരണത്തിൽ മറഞ്ഞു. അദ്വാനിയാകട്ടെ, മത്സരിക്കാൻ മണ്ഡലം പോലുമില്ലാതെ രാഷ്ട്രീയവിസ്മൃതിയിലേക്ക്. ഒരിക്കൽ ബി.ജെ.പി.യുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്ന എൽ.കെ. അദ്വാനിയുടെ വിശ്വസ്ത ശിഷ്യനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ, മോദിയും അമിത്ഷായും ബി.ജെ.പി.യുടെ കടിഞ്ഞാൺ കൈയിലെടുത്തതോടെ അദ്വാനിയുഗത്തിന് പകുതി തിരശ്ശീല വീണു. കലഹിക്കാൻ ഒരുങ്ങിയെങ്കിലും പ്രായം തടസ്സം നിന്നതോടെ ബി.ജെ.പി.യുടെ സംഘടനാസംവിധാനത്തിന് ഒതുങ്ങി. ആർ.എസ്.എസും അനുനയിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷവും ലോക്സഭയിൽ നിശബ്ദസാക്ഷിയായിരുന്നു അദ്വാനി. ഒരിക്കൽ പോലും സഭയിൽ സംസാരിക്കാനായിട്ടില്ല. എങ്കിലും എല്ലാ ദിവസവും സഭയിലെത്തുന്ന കൃത്യതയുള്ള പാർലമെന്റേറിയനായിരുന്നു അദ്ദേഹം. Content Highlights:L K Advani, Gandhinagar, BJP
from mathrubhumi.latestnews.rssfeed https://ift.tt/2UPMsIu
via
IFTTT
No comments:
Post a Comment