കോഴിക്കോട്: പഠനവൈകല്യങ്ങൾ മുതൽ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു വരെ പരിഹാരമുണ്ടാക്കാൻ സാധ്യത തുറക്കുന്ന കണ്ടെത്തലുമായി മലയാളി ഗവേഷകൻ. തലച്ചോറിലെത്തുന്ന വിവരങ്ങളെ പ്രത്യേക സമയക്രമത്തിൽ ക്രോഡീകരിച്ചാൽ, ഹൃസ്വകാല ഓർമകളെ ദീർഘകാല ഓർമകളായി മാറ്റാൻ കഴിയുമെന്നാണ് കണ്ടെത്തൽ. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ന്യൂറോസയന്റിസ്റ്റും ഹരിപ്പാട് സ്വദേശിയുമായ ഡോ.സജികുമാർ ശ്രീധരന്റെ നേതൃത്വത്തിൽ നടന്ന പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. അമേരിക്കയിൽ നിന്നുള്ള പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ (PANS) പുതിയലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചു. മസ്തിഷ്ക്കത്തിലെത്തുന്ന വിവരങ്ങളുടെ തീവ്രതയാണ്, അത് ഹൃസ്വകാല ഓർമകളായോ, ദീർഘകാല ഓർമകളായോ സംഭരിക്കപ്പെടുന്നതിന് അടിസ്ഥാനം. ഒരു വാഹനാപകടം നേരിൽ കാണുന്ന കാര്യവും, ക്ലാസിലൊരു പാഠഭാഗം അധ്യാപകൻ പഠിക്കുന്ന കാര്യവും പരിഗണിക്കുക. ഇതിൽ അപകടവിവരത്തിന്റെ തീവ്രത കൂടുതലാണ്, അതിനാൽ അത് ഏറെക്കാലം നമ്മുടെ ഓർമയിൽ സൂക്ഷിക്കപ്പെടും. അതേസയമം, ക്ലാസിലെ പഠനം അത്ര തീവ്രമായ വിവരമായി തലച്ചോറിലെത്തുന്നില്ല. അതിനാൽ, കുറഞ്ഞ കാലത്തേക്കേ അത് വ്യക്തമായി ഓർമയിൽ നിൽക്കൂ എന്നു വരാം. അതിനാൽ, ഓർമകളെക്കുറിച്ച് നടക്കുന്ന മിക്ക പഠനങ്ങളും തലച്ചോറിലെത്തുന്ന വിവരങ്ങളുടെ തീവ്രത കേന്ദ്രീകരിച്ചുള്ളതാണ്-ഡോ. സജികുമാർ അറിയിക്കുന്നു. അതേസമയം, തീവ്രത പോലെ തന്നെ, തലച്ചോറിലേക്ക് വിവരങ്ങളെത്തുന്ന സമയത്തിനും ഓർമകൾ സൃഷ്ടിക്കുന്നതിൽ പ്രാധാന്യമുണ്ട്. ന്യൂറോയസൻസിലെ താരതമ്യേന പുതിയ പഠനമേഖലയാണ്, സമയവുമായി ബന്ധപ്പെട്ടുള്ളത്. സ്പൈക്ക് ടൈം ഡിപ്പൻഡന്റ് പ്ലാസ്റ്റിസിറ്റി (എസ്.ടി.ഡി.പി) എന്നാണ് ഈ പഠനമേഖല അറിയപ്പെടുന്നത്. ഡോ.സജികുമാറും സംഘവും നടത്തിയ പഠനം ഈ മേഖലയിൽ പെടുന്നു. മസ്തിഷ്ക്കത്തിലെ ഹിപ്പോകാമ്പസ്സ്. ചിത്രം കടപ്പാട്: Medical Press തലച്ചോറിൽ അടിസ്ഥാനതലത്തിൽ സന്ദേശവിനിമയവും വിവിരസംയോജനവും നടത്തുന്നത് സിരാകോശങ്ങൾ (നാഡീകോശങ്ങൾ) ആണ്. സിരാകോശങ്ങളിൽ എത്തപ്പെടുന്ന വിവരങ്ങളെ പ്രത്യേക സമയക്രമത്തിൽ ക്രോഡീകരിച്ച് പരീക്ഷിച്ചു നോക്കുകയാണ് ഗവേഷകർ ചെയ്തത്. മസ്തിഷ്ക്കത്തിലെ ഓർമയുടെ സംഭരണകേന്ദ്രങ്ങളിൽ ഒന്നായ ഹോപ്പോകാമ്പസ്സ് (hippocampus) കേന്ദ്രീകരിച്ചായിരുന്നു പഠനം. എത്തപ്പെടുന്ന വിവരങ്ങളെ പ്രത്യേക സമയക്രമത്തിൽ ക്രോഡീകരിക്കുക വഴി, ഹിപ്പോകാമ്പസിലെ സിരാശൃംഖലകളിൽ ദീർഘകാല ഓർമകൾ സൃഷ്ടിക്കാനും സംഭരിക്കാനും കഴിയുമെന്ന് മാത്രമല്ല, ഹൃസ്വകാല ഓർമകളെ, ദീർകാല ഓർമകളാക്കി മാറ്റാൻ കഴിയുമെന്നും പരീക്ഷണങ്ങളിൽ തെളിഞ്ഞു-ഡോ.സജികുമാർ അറിയിച്ചു. ന്യൂറോസയൻസിൽ ഇതുവരെ അറയപ്പെടാതിരുന്ന ഒരു ശാസ്ത്രരഹസ്യമാണ് ഇതുവഴി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. എലികളിലായിരുന്നു പഠനം. പഠനവൈകല്യങ്ങൾ, അൾഷൈമേഴ്സ് രോഗം, സ്കീസോഫ്രീനിയ, വിഷാദം, നിദ്രാരാഹിത്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ഗവേഷണങ്ങളിൽ പുതിയ വഴി തുറക്കുന്നതാണ് ഈ പഠനം. സിങ്കപ്പൂർ യൂണിവേഴ്സിറ്റിയിലെ കരൺ പാങ്, മഹിമ ശർമ, കൃഷ്ണ കുമാർ എന്നിവരും ചൈനീസ് ഗവേഷകൻ തോമസ് ബെഹ്നിഷ്ചും ഉൾപ്പെട്ടതാണ് ഡോ. സജികുമാറിന്റെ നേതൃത്വത്തിലുള്ള പഠനസംഘം. ഓർമയുടെ തന്മാത്രാശാസ്ത്രവുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ടായി പഠനം നടത്തുന്ന ഗവേഷകനാണ് ഡോ.സജികുമാർ. ഹരിപ്പാട് ചിങ്ങോലി സൗപർണ്ണികയിൽ കെ.ശ്രീധരന്റെയും പരേതയായ സരസമ്മയുടെയും മകനാണ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഫിസിയോളജിയിൽ എംഎസ്സി പാസായ ഇദ്ദേഹം, ജർമ്മനിയിൽ നിന്നാണ് ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റും കരസ്ഥമാക്കിയത്. 2012 മുതൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിൽ പ്രവർത്തിക്കുന്നു. പാലക്കാട് ചിതലി നവക്കോട് സ്വദേശിയും സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ തന്നെ ന്യൂറോസയന്റിസ്റ്റുമായ ഡോ.ഷീജ നവക്കോട് ആണ് ഭാര്യ. Content Highlights: Neurology, Neurobiology, Brain System, Learning Disabilities, long term memory, short term memory, National University of Singapore
from mathrubhumi.latestnews.rssfeed https://ift.tt/2GTcgAb
via
IFTTT
No comments:
Post a Comment