ജലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് 100 വയസ്സ്: രക്തത്തില്‍ കുതിര്‍ന്ന വൈശാഖി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, April 13, 2019

ജലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് 100 വയസ്സ്: രക്തത്തില്‍ കുതിര്‍ന്ന വൈശാഖി

ജലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് 100വർഷം പൂർത്തിയായി. നിരപരാധികളായ മനുഷ്യരുടെ സ്വാതന്ത്രവാഞ്ജയ്ക്കു മേൽ കൊളോണിയൽ വെടിയുണ്ടകൾ പെയ്തിറങ്ങിയ കറുത്ത ദിനം. റജിനാൾഡ് ഡയർ നടത്തിയ വെടിവെപ്പിൽ മരിച്ചവരുടെ കൃത്യമെണ്ണം ഇന്നും ആർക്കുമറിയില്ല. ആയിരത്തിനുമേൽ എന്ന ധാരണ മാത്രം. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിർലജ്ജമായ നൃശംസതയുടെ ചോരപ്പാടായി. ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ശോണാബിംബമായി ജലിയൻവാലാബാഗ് ചരിത്രത്തിൽ വേദനയോടെ ശയിക്കും. പതിവുപോലെ ഖേദം പ്രകടിപ്പിക്കയല്ലാതെ നിരുപാധികം മാപ്പുപറയാൻ ബ്രിട്ടീഷ് ഭരണാധികാരികൾ ഇനിയും തയ്യാറായിട്ടില്ലെന്നത് ലജ്ജാകരമാണ്. 1919 ഏപ്രിൽ 13, അന്ന് വൈശാഖിയായിരുന്നു. വിഷു ദിനം. പുതുവർഷാരംഭം. കൊയ്ത്തുത്സവത്തിന്റെ സമയം.1699-ൽ ഗുരു ഗോബിന്ദ് സിങ് മുഗളർക്കെതിരേ പോരാടാൻ ഖൽസ സ്ഥാപിച്ച ദിനം. അന്ന് അമൃതസരസ്സിനു പുറത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവരും സുവർണ ക്ഷേത്രത്തിലേക്കൊഴുകിയെത്തി. അന്ന് ഞായറാഴ്ചയുമായിരുന്നു. പട്ടാളനിയമം പ്രഖ്യാപിച്ചത് പരിഗണിക്കാതെ അഥവാ അറിയാതെ ആളുകൾ സായാഹ്ന സവാരിക്കായി പുറത്തിറങ്ങി. ബ്രിഗേഡിയർ ജനറൽ ഡയറിന്റെ നിരോധനാജ്ഞ അവഗണിച്ച അമൃത്സറിലെ കൊൺഗ്രസ് നേതാക്കൾ ജലിയൻ വാലാബാഗ് മൈതാനത്ത് അന്നത്തേക്ക് പ്രതിഷേധ യോഗം വിളിച്ചു കൂട്ടിയിരുന്നു. ചേർന്നു കിടക്കുന്ന ഇഷ്ടികക്കെട്ടിടങ്ങൾക്ക് നടുവിലായിരുന്നു മൈതാനം. പ്രധാന പ്രവേശനദ്വാരത്തിനു പുറമേ പുറത്തേക്ക് ചെറിയ നാലു വഴികൾ. അവയെല്ലാം വീടുകളുടെ മുന്നിലൂടെ പോകുന്ന ഊടുപാതകളിലേക്കു തുറക്കുന്നതായതിനാൽ താഴിട്ടു പൂട്ടിയിരുന്നു. ശരിക്കുമൊരു കെണി പോലെയായിരുന്നു ആ മൈതാനം അന്ന്. മരണദൂതൻ വരുന്നു വൈകുന്നേരം 4.30-ന് യോഗം ആരംഭിച്ചു. പ്രതിഷേധക്കാർക്കു പുറമേ വൈശാഖി പ്രമാണിച്ച് തൊട്ടടുത്തുള്ള സുവർണ ക്ഷേത്രത്തിൽ വന്നവരും കാറ്റു കൊള്ളാനിറങ്ങിയവരും കൗതുകത്തിനെത്തിയവരും ആ ജനസഞ്ചയത്തിലുണ്ടായിരുന്നു. വൈശാഖിക്കു സാധാരണയായി നടക്കാറുള്ള കാലിച്ചന്ത അധികാരികൾ ഉച്ചയ്ക്കു നിർത്താൻ ആവശ്യപ്പെട്ടതിനാൽ കാലിക്കച്ചവടക്കാരും കർഷകരും മറ്റും മൈതാനത്തിലേക്കിറങ്ങി. ഏകദേശം 15,000-നും 20,000-നും ഇടയിലുള്ള ആബാലവൃദ്ധം. വലിയ ബഹളങ്ങളൊന്നുമില്ലാതെ യോഗം തുടങ്ങി. പ്രാദേശിക നേതാക്കളായ ഹർദയാൽ റായ്, അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. കവി ബ്രജ് ഗോപിനാഥ് ഒരു കവിതയും ചൊല്ലി. ആഫ്സറേ ആലം നെ ഹം കോ ആജ് ഭി ഹെ ധംകിയ, യെ ബാജു കാട്ട് ദേംഗെ ഹം, പർ ഹർ കിസാൻ കെ ബാഡ്, മോസ്മെ ബാഹർ ലാജ്മി ഹെ. (നമ്മുടെ കൈൾ മുറിച്ചു കളയുമെന്ന് ഓഫീസർ പറഞ്ഞിരിക്കുകയാണ്. ചില്ലകൾ മുറിച്ചു കളഞ്ഞാൽ വീണ്ടുമത് തളിർത്തുവരുമെന്ന് അയാൾക്കറിയില്ല.) രണ്ടു പ്രമേയങ്ങൾ അവിടെ കൈയടിച്ചു പാസാക്കി. ഒന്ന് റൗലറ്റ് നിയമം പിൻവലിക്കാനുള്ളതും മറ്റൊന്ന് ഏപ്രിൽ 10-ന് അമൃത്സറിൽ നടത്തിയ വെടിവെപ്പിനെതിരേയുള്ളതും. അടിച്ചമർത്തൽ നയത്തിനെതിരേയുള്ള പ്രമേയം പുരോഗമിക്കവേ ആണ് ഡയർ അവിടെയെത്തുന്നത്. ഏകദേശം 5.15-ന്. അഞ്ചു പ്രസംഗങ്ങൾ അപ്പോഴേക്കും നടന്നിരുന്നു. 65 ഗൂർഖാ സൈനികരും 25 ബലൂചി സൈനികരും യന്ത്രത്തോക്കുകൾ വഹിച്ച രണ്ട് കവചിത വാഹനങ്ങളുമായി 55-കാരനായ ഡയർ മൈതാനത്തേക്ക് മാർച്ചു ചെയ്തുവരികയായിരുന്നു. അയാൾക്കൊപ്പം ബ്രിഗ്സ്, ആൻഡ് ഡേവ്സൻ എന്നീ യുവ ഓഫീസർമാരും. കൂട്ടം കൂടരുത് എന്ന തന്റെ ഉത്തരവ് നിഷേധിച്ചവരെ പാഠം പഠിപ്പിക്കാനുള്ള വ്യഗ്രതയും അമൃത്സറിൽ ഏപ്രിൽ 10-ന് ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടതിന്റെ അമർഷവും അയാളിലുണ്ടായിരുന്നിരിക്കണം. പട്ടാളക്കാരിൽ അമ്പതുപേർ ലീ എൻഫീൽഡ് ബോൾട്ട് ആക്ഷൻ റൈഫിളുകൾ ധരിച്ചിരുന്നു. മൈതാനേത്തക്കുള്ള ഇടുങ്ങിയ കവാടം കടക്കാൻ കവചിത വാഹനങ്ങൾ പ്രയാസപ്പെട്ടപ്പോൾ അതുപേക്ഷിച്ച ഡയറും പട്ടാളക്കാരും ബാഗിലേക്ക് ചുവടുകൾവെച്ചു. മുഖ്യ കവാടം മറച്ച് മുന്നിലുള്ള സാമാന്യം ഉയർന്ന തിട്ടയിൽ അയാൾ പട്ടാളക്കാരെ വിന്യസിച്ചു. മൈതാനത്തുള്ളവർ ഇതുകണ്ടു. പട്ടാളം ഒന്നുംചെയ്യില്ലെന്ന നേതാക്കൾ അവരോടു പറഞ്ഞു കൊണ്ടിരുന്നു. പ്രത്യേകിച്ചൊരു മെഗാഫോൺ വിളിച്ചുപറയലോ അകാശത്തേക്കുള്ള മുന്നറിയിപ്പു വെടിയോ ഡയർ നടത്തിയില്ല. പകരം ആയാൾ, മുരണ്ടു, ഫയർ. മുട്ടു കുത്തിയിരുന്നു പട്ടാളക്കാർ വെടിവെച്ചു. ആദ്യവെടി ശബ്ദം കേട്ടപ്പോൾ, പോഖിയാ പോഖിയാ (പോയ്വെടി..പോയവെടി) എന്ന വിളികളുയർന്നു. പക്ഷേ ജനം പരിഭ്രാന്തരായി ചിതറി യോടാൻ തുടങ്ങി. ഓടലുകൾ പിന്നെ രക്ഷപ്പെടാനുള്ള ഭ്രാന്തമായ പരക്കം പാച്ചിലുകളായി. ആളുകൾ കൂടുതൽ തിങ്ങിക്കൂടിയ ഇടത്തേക്കും പ്രാണരക്ഷാർഥം മതിലുപിടിച്ചു കയറാൻ ശ്രമിച്ചവർക്കും നേരെ വെടിവെക്കാൻ ഡയർ ഉത്തരവിട്ടു. തിരയൊഴിയുമ്പോൾ വേഗം കുറയാതെ വെടിവെക്കാൻ അയാൾ പറഞ്ഞു കൊണ്ടിരുന്നു. നരകമൈതാനം ആളുകൾ ഈയാംപാറ്റകളെപ്പോലെ വെടി കൊണ്ടു വീണു. മരണപ്പാച്ചിലിൽ ചിലർ നിലത്തുവീണു ചവിട്ടേറ്റു മരിച്ചു. ചിലർ മൈതാനത്തെ കിണറിലേക്കു ചാടി. മരങ്ങളിൽ പ്രാണരക്ഷാർഥം കയറിയവർ വെടിയേറ്റു വീണു. മതിലുകളിൽ അള്ളിപ്പിടിച്ചു കയറാൻ ശ്രമിച്ചവരെ വെടിയുണ്ടകൾ വീഴ്ത്തി. ആർത്തനാദങ്ങളും ചോരച്ചാലുകളും ആ സായാഹ്നത്തെ കരാളമാക്കി. ഏകദേശം 10 മിനിറ്റ് വെടിവെപ്പ് നീണ്ടു. .303 തിരകളുടെ 1650 റൗണ്ടുകൾ. വെടിയുണ്ടകൾ തീർന്നപ്പോൾ വെടിവെപ്പു നിന്നു. കവചിത വാഹനങ്ങൾക്ക് മൈതാനത്തേക്കു കയറാനാവുമായിരുന്നെങ്കിൽ യന്ത്രത്തോക്കുകൾ തീതുപ്പിയേനേ എന്നു ഡയർ ഹണ്ടർ കമ്മിഷനു മുമ്പാകെ പിന്നീട് വെളിപ്പെടുത്തി. വെടിവെപ്പു കഴിഞ്ഞ ഉടനെ ഡ്യൂട്ടി കൃത്യമായി നിർവഹിച്ച പട്ടാളക്കാരനെപ്പോലെ മനസ്സാക്ഷിക്കുത്തില്ലാതെ, പരിക്കേറ്റവരെ പരിഗണിക്കാതെ ഡയർ മാർച്ചുചെയ്തു തിരിച്ചുപോയി. പരിക്കേറ്റവർ തുണയില്ലാതെ, സഹായിക്കാനാരുമില്ലാതെ പിടഞ്ഞുമരിച്ചു. ചിലർ ഇഴഞ്ഞുനീങ്ങി കവാടം താണ്ടി തെരുവിൽ മരിച്ചു. പ്രാണജലത്തിനായി കേഴുന്നവരുടെ ശബ്ദം മൈതാനത്തുനിന്ന് ഉയരുന്നുണ്ടായിരുന്നുവെന്ന് കോൺഗ്രസ് കമ്മിറ്റിക്കു മുന്നിൽ വന്ന ചില ദൃക്സാക്ഷികൾ മൊഴി കൊടുത്തിരുന്നു. കുട്ടികൾ, ബാലന്മാർ, യുവാക്കൾ, വൃദ്ധർ, സ്ത്രീകൾ എന്നിവരുടെ ശവങ്ങൾ കൂനകളായി കിടന്നു. കിണറ്റിൽനിന്നുമാത്രം 120 പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. നഗരം ഭയത്തിലമർന്നതിനാൽ മൈതാനത്തെ പരിക്കേറ്റ ഹതഭാഗ്യരെ സഹായിക്കാനോ മൃതദേഹം നീക്കാനോ ആരും എത്തിയില്ല. രക്ഷപ്പെട്ടവർ വിറങ്ങലിച്ചുപോയിരുന്നു. ചിലർ പട്ടാളക്കാർ വീണ്ടും വരുമെന്നു ഭയന്ന് മരിച്ചതുപോലെ പുലർച്ചെയോളം കിടന്നു. ഉറ്റവരെ കാണാത്തവർ പീന്നീട് ധൈര്യം സംഭരിച്ചിറങ്ങി ശവക്കൂനകളിൽനിന്നും പ്രിയപ്പെട്ടവരുടെ പട്ടുപോയ ശരീരങ്ങൾ രാത്രി തിരഞ്ഞു. ഒപ്പം പോയ അച്ഛൻ, കൂടെ കൂട്ടിയ മകൻ, ഒരുമിച്ചു പോയ സുഹൃത്തുക്കൾ, കാറ്റു കൊള്ളാനെത്തിയ കുടുംബങ്ങൾ... നരാധമനായ ഡയറിന്റെ വെടിയുണ്ടകൾ അവരെ എന്നേക്കുമായി വേർപിരിച്ചു. കണക്കില്ലാതെ ഇന്നും 379 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്നു ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച ഹണ്ടർ കമ്മിഷൻ പിന്നീട് ഔദ്യോഗികമായി പുറത്തുവിട്ടു. 1200 ഓളം പേർക്കു പരിക്കേറ്റു. ഭയം മൂലം പലരും മൊഴികൊടുക്കാൻ എത്തിയിരുന്നില്ല. നരനായാട്ടിനെപ്പറ്റി സെൻട്രൽ ലജിസ്ലേറ്റീവ് കൗൺസിലിൽ ആഞ്ഞടിക്കാൻ ഉദ്ദേശിച്ച മദൻ മോഹൻ മാളവ്യ നേരിട്ടു സ്ഥലത്തെത്തി തെളിവെടുത്തപ്പോൾ മരണസംഖ്യ ആയിരത്തിനും മീതെയാണെന്നു കണ്ടെത്തി മരിച്ചവരിൽ 42 കുട്ടികളും ഏഴു മാസം പ്രായമായ ഒരു കുഞ്ഞുമുണ്ടായിരുന്നു എന്ന് അദ്ദേഹം കൗൺസിലിൽ വെളിപ്പെടുത്തി. ഹണ്ടർ കമ്മിഷൻ മരിച്ചവരിൽ 337 പുരുഷൻമാരും 41 കുട്ടികളും ആറാഴ്ച പ്രായമുള്ള കുഞ്ഞുമുണ്ടെന്നു രേഖപ്പെടുത്തി. പഞ്ചാബിലെ ഹിന്ദു സന്ന്യാസിയും സ്വാതന്ത്ര്യസമരനായകനുമായ സ്വാമി ശ്രദ്ധാനന്ദ ഏകദേശം 1500-ഓളം പേർ കൊല്ലപ്പെട്ടിരിക്കാമെന്ന് ഗാന്ധിജിക്കെഴുതി. അമൃത്സറിലെ സിവിൽ സർജൻ ഡോ.സ്മിത്ത്കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്ക് 1526 വരുമെന്ന് എഴുതി. ഹണ്ടർ കമ്മിഷന്റെ അന്വേഷണത്തിൽ സഹകരിക്കാതെമാറിനിന്ന കോൺഗ്രസ് സ്വന്തമായി അന്വേഷണ സമിതിയുണ്ടാക്കി. കോൺഗ്രസ് അന്വേഷണക്കമ്മിഷൻ ആയിരത്തിലധികം പേർ മരിച്ചതായും 500-ലേറേപ്പേർക്ക് പരിക്കേറ്റതായും രേഖപ്പെടുത്തി. പക്ഷേ, ജലിയൻവാലാബാഗിൽ മരിച്ചവർ എത്ര എന്ന് ഇന്നും ആർക്കും കൃത്യമായി അറിയില്ല. പഞ്ചാബ് ചീഫ് സെക്രട്ടറിയായിരുന്നു ജെ.പി. തോംസൺ ഏപ്രിൽ 14-ന് ഗവർണറുടെ ബംഗ്ലാവിൽ നടന്ന ഒരു പാർട്ടിയിൽ വെച്ച് അമൃത്സറിലെ ഖൽസ കോളേജ് പ്രിൻസിപ്പലായിരുന്ന വാറ്റ്കിൻസിനെ കണ്ടുമുട്ടിയ കാര്യം തന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടാളക്കാർ മനുഷ്യരെ മുയലുകളെപ്പോലെ വെടിവെച്ചിട്ടതായി വാറ്റ്കിൻസൻ ആവേശത്തോടെ പറഞ്ഞത്രെ. മൈതാനത്ത് പലേടത്തും മനുഷ്യക്കൂമ്പാരങ്ങളായിരുന്നു. പ്രായമാവരുടെയും കുട്ടികളുടെയും ശവങ്ങൾ കാണപ്പെട്ടു. സ്വന്തക്കാരാരെ അന്വേഷിക്കുന്നവർ ശവങ്ങൾ മറിച്ചും തിരിച്ചും നോക്കുകയായിരുന്നു. പുറത്തേക്കുള്ള ഇടുങ്ങിയ കവാടങ്ങൾക്കു സമീപം ശവങ്ങളുടെ എണ്ണം ഒരുപാടുണ്ടായിരുന്നു. മൈതാനം മുഴുവനും ശവങ്ങൾ, കൈകാലുകൾ, കണ്ണ്, മൂക്ക്, നെഞ്ച് തുടങ്ങിയ അവയവങ്ങൾ വെടിയേറ്റ് പറിഞ്ഞും ചിതറിയും കിടക്കുന്ന കാഴ്ച ബീഭത്സമായിരുന്നു. ഭയങ്കരമായ പൈശാചികദൃശ്യം. -ഗിർധരിലാൽ (ജലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ദൃക്സാക്ഷി. കോൺഗ്രസ് കമ്മീഷനുകൊടുത്ത മൊഴിയിൽ നിന്ന്) Content Highlights: 100 years of jalian wala bhag


from mathrubhumi.latestnews.rssfeed http://bit.ly/2G8Tn9Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages