പിണറായിയുടെ ചിട്ടയും എല്‍ഡിഎഫിന്റെ പ്രചാരണവും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

പിണറായിയുടെ ചിട്ടയും എല്‍ഡിഎഫിന്റെ പ്രചാരണവും

ആവേശവും ആരവവും വാരിയണിയുന്ന നേതാവല്ല മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണിയുടെ താരപ്രചാരകനായ അദ്ദേഹം ഉള്ളിലുണ്ടെന്നതിന് പാലക്കാട്ടെ വൈദ്യുതി ബോർഡ് ബംഗ്ലാവിന് മുന്നിൽ ലക്ഷണങ്ങളൊന്നുമില്ല. മുഖം കാണിക്കാനാളില്ല. ഉത്സാഹിപ്പടയുമില്ല. തിരഞ്ഞെടുപ്പുകാലമായതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ പതിവിലും കുറവ്. പിന്നെ ഏതാനും പാർട്ടിക്കാരും. ചേർത്തലയിൽ നിന്ന് തലേന്ന് പാതിരയോടെ എത്തിയതാണ്. പ്രഭാതഭക്ഷണത്തിനുശേഷം മുറിയിൽ ചില കുറിപ്പുകളിൽ മുഴുകി പിണറായി. ആദ്യപ്രസംഗം കോങ്ങാട്ട്. ഒമ്പതരയോടെ വയർലസിൽ സന്ദേശമെത്തി. അവിടെ ആയിരത്തഞ്ഞൂറോളം പേർ ഇപ്പോൾത്തന്നെ കൂടിയിട്ടുണ്ടത്രേ. ആദ്യയോഗം രാവിലെ പത്തരയ്ക്ക്. പിന്നെ വിശ്രമം. അടുത്ത മൂന്നു യോഗങ്ങൾ വൈകുന്നേരം നാലു മുതൽ. ഇതാണ് പിണറായിയുടെ പ്രചാരണച്ചിട്ട. വാച്ചിനോട് വിട്ടുവീഴ്ചയില്ലാതെ മുഖ്യമന്ത്രി കോങ്ങാട് എത്തുമ്പോൾ മീനസൂര്യൻ പൊരിവെയിൽ ചൊരിയാൻ തുടങ്ങിയിരുന്നു. ചൂട് 37 ഡിഗ്രിയുണ്ടെന്ന് മൊബൈൽ സ്ക്രീനിൽക്കണ്ടു. ചുവപ്പ് മുണ്ടുടുത്ത ചെറുപ്പക്കാരുടെ മുഖത്ത് പിണറായിയുടെയും സ്ഥാനാർഥി എം.ബി. രാജേഷിന്റെയും പടങ്ങളുള്ള മുഖംമൂടികൾ. ചെങ്കൊടികളിൽ ചെഗുവേര. മുദ്രാവാക്യങ്ങളിൽ ആവേശം തിളച്ചു. പിണറായി പതിഞ്ഞ താളത്തിൽ പ്രസംഗം തുടങ്ങി. വാക്കുകൾക്കിടയിൽ ജിജ്ഞാസാഭരിതമായ നിശ്ശബ്ദത. ചതുരംഗക്കളിയിലെന്നപോലെ തികഞ്ഞ സൂക്ഷ്മതയോടെ വാക്കിന്റെ കരുക്കൾ അദ്ദേഹം നീക്കി. അപ്പോഴേക്കും മുഖംമൂടികൾ വിശറികളായി മാറിയിരുന്നു. എല്ലാരും വീശുന്നു, വിയർപ്പ് തുടയ്ക്കുന്നു. പിണറായി ഒഴികെ. സഹചാരികൾ കൊണ്ടുവന്ന ഫ്ളാസ്കിൽനിന്ന് പകർന്നവെള്ളവുമായി ഒരു ചുവപ്പ് ഭടൻ നേതാവിന് അടുത്തെത്തി. അതിലുമുണ്ട് ചിട്ട. പ്രസംഗത്തിന്റെ നിശ്ചിത ഇടവേളകളിൽ അദ്ദേഹം വെള്ളം കുടിച്ചിരിക്കും. അല്ല, എന്താണാവോപറയാനുള്ളത്? ചോദ്യം രാഹുൽ ഗാന്ധിയോടാണ്. സി.പി.എമ്മിനെപ്പറ്റി ഒന്നും പറയില്ലെന്ന് പ്രതിജ്ഞയെടുത്ത രാഹുലിനോട്. ''ഞങ്ങൾക്കാരുടെയും സൗജന്യം വേണ്ട. പറയാനുള്ളതെല്ലാം പറഞ്ഞോളൂ. അല്ല, എന്താണാവോ ഞങ്ങളെപ്പറ്റി പറയാനുള്ളത് ?'' ജനം കൈയടിച്ചു. യുവാക്കൾ ചൂളമടിച്ചു. രാഹുൽ ഞങ്ങൾക്ക് യു.ഡി.എഫിലെ 20 സ്ഥാനാർഥികളിലൊരാൾ മാത്രമാണ് എന്നുകൂടി പറഞ്ഞപ്പോൾ ആരവം ഉച്ചത്തിലായി. രാജ്യത്തിന്റെ നിലനിൽപ്പ് ചർച്ചയാവുന്ന തിരഞ്ഞെടുപ്പാണിതെന്ന ആമുഖത്തോടെയാണ് ഓരോ പ്രസംഗവും തുടങ്ങുന്നത്. ബി.ജെ.പി.യും കോൺഗ്രസും ഒരുപോലെ വെറുക്കപ്പെടേണ്ടവയാണെന്ന് വാദിക്കാൻ കഴിഞ്ഞ അഞ്ചുവർഷത്തെപ്പറ്റിയല്ല, 2004 മുതലുള്ള പത്തുവർഷത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. കോൺഗ്രസും ബി.ജെ.പി.യും ഭരിച്ച പത്തുവർഷം. രാജ്യത്തെ കർഷകരും പാവപ്പെട്ടവരും ദുരിതത്തിലായ പത്തുവർഷം. ഇവിടെയാണ് ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തിയെന്ന് അദ്ദേഹം വിശദീകരിക്കും. ഇടതുപക്ഷത്തിനുള്ളത് മൂന്നേമൂന്ന് ലക്ഷ്യങ്ങൾ . ഒന്ന്-ബി.ജെ.പി.യെ തോൽപ്പിക്കുക. രണ്ട് -ബദൽ നയത്തോടെ മതേതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുക. മൂന്ന്-പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ അംഗബലം വർധിപ്പിക്കുക. ഈ ബദലിന്റെ വിശദീകരണത്തിലേക്ക് കടക്കുമ്പോൾ ചില മാസ് ഡയലോഗുകൾ പുറത്തുവരും. യു.ഡി.എഫ്. ഭരിച്ചിരുന്നപ്പോൾ എവിടെ നിന്ന്, എപ്പോൾ എന്തുതരം ജീർണത വരുമെന്ന് പേടിച്ച് കേരളത്തിലെ വീടുകളിൽ ടി.വി. കണ്ടിരുന്നില്ലത്രേ. ഉദ്ദേശിക്കുന്ന ജീർണത എന്താണെന്ന് പിണറായി വിട്ടുപറയില്ല. പക്ഷേ, കേൾവിക്കാർക്കത് മനസ്സിലാവും. ആണും പെണ്ണും അടക്കിച്ചിരിക്കും. എൽ.ഡി.എഫ്. വന്നു. ജീർണതപോയി. എല്ലാവർക്കും ധൈര്യമായി ടി.വി. തുറക്കാം. അഴിമതിയിൽ കേരളം ഇപ്പോൾ ഏറ്റവും പിന്നിൽ. ഇതാണ് ബദൽ രാഷ്ട്രീയ സംസ്കാരം. ഇനി ഭരണതലത്തിലാണെങ്കിലോ, ഈ ബദലാണ് കേരളത്തിൽ ഗെയ്ൽ പൈപ്പ്ലൈനും ജലപാതയും കൂടങ്കുളം വൈദ്യുതി ലൈനുമെല്ലാം യാഥാർഥ്യമാക്കിയത്. കോങ്ങാട് യോഗാനന്തരം സമ്മാനദാനമുണ്ടായിരുന്നു. ചാനലുകളിലെ നൃത്തപ്രതിഭകളായ ഇരട്ട പെൺകുട്ടികളെ തന്റെ രണ്ടുവശത്തായി അദ്ദേഹം ചേർത്തുനിർത്തി. ബാലസംഘത്തിലെ ഒരു പെൺകുട്ടി താൻ വരച്ച പിണറായിയുടെ പടം സമർപ്പിച്ചു. സ്വന്തം ചിത്രം നോക്കി ആസ്വദിക്കാനൊന്നും അദ്ദേഹം നിന്നില്ല. ''ഇത് നീ വരച്ചതാ, കൊള്ളാം.'' അവളെ തോളിൽതട്ടി അഭിനന്ദിച്ചു. കോങ്ങാട്ടുനിന്ന് വീണ്ടും പാലക്കാട്ടേക്ക്. അവിടെ വിശ്രമം. ഉച്ചയൂണിന് ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടിയും ഉണ്ടായിരുന്നു. ജനീവയിൽ നടക്കുന്ന വേൾഡ് കൺസ്ട്രക്ഷൻ ഫോറത്തിൽ പിണറായി പങ്കെടുക്കുന്നുണ്ട്. അതിന്റെ ചർച്ചയ്ക്കാണ് തുമ്മാരുകുടി എത്തിയത്. എത്തിയെത്തിയെത്തി...ഇല്ലയില്ലയില്ല... അടുത്തയോഗം പി.കെ. ബിജു മത്സരിക്കുന്ന ആലത്തൂരിന്റെ ഭാഗമായ ചിറ്റൂരിൽ. അവിടെ സംഘാടകർ പിണറായിയുടെ കണിശതയുടെ ചൂടിലും അല്പനേരം വിയർത്തു. നാലുമണിക്കാണ് യോഗം നിശ്ചയിച്ചത്. നാലടുത്തിട്ടും ജനം എത്തുന്നില്ല. നേതാക്കൻമാരൊന്നും കൃത്യസമയത്ത് വന്ന ചരിത്രമില്ലാത്തതിനാൽ അണികൾ മന്ദമന്ദം പുറപ്പെട്ടിട്ടേയുള്ളൂ. മുഖ്യമന്ത്രിയോട് നാലേകാലിന് പാലക്കാട്ട് നിന്ന് പുറപ്പെട്ടാൽ മതിയെന്ന അഭ്യർഥിക്കാൻ സംഘാടകർ ശ്രമിച്ചു. നടന്നില്ല. അദ്ദേഹം അവിടെനിന്ന് പുറപ്പെട്ടിരുന്നു. കൃത്യം നാലിന് പിണറായി മൈക്കിനുമുന്നിലെത്തി. പന്തൽ പാതി ഒഴിഞ്ഞുകിടന്നു. മുന്നിലിരുന്ന കാരണോൻമാർ മുഖ്യമന്ത്രിയുടെ കൃത്യനിഷ്ഠയെ പുകഴ്ത്തി. സംഘാടകർക്ക് ആശ്വാസംപകർന്ന് നിമിഷങ്ങൾക്കകം അണികൾ ഒഴുകിയെത്തിത്തുടങ്ങി. പ്രസംഗം കഴിയുമ്പോഴും ആ പ്രവാഹം നിലച്ചിരുന്നില്ല. കോൺഗ്രസിൽനിന്ന് ബി.ജെ.പി.യിലേക്കുള്ള ചോർച്ചയാണ് പ്രസംഗങ്ങളിലെ മറ്റൊരു ഹൈലൈറ്റ്. ഗോവയിലും ഗുജറാത്തിലും വടക്കുകിഴക്കും മഹാരാഷ്ട്രയിലുമൊക്കെ കോൺഗ്രസ് നേതാക്കൾ കൂറുമാറിയത് സവിസ്തരം വിശദീകരിക്കും. ''ഞാനിത് പറയുമ്പോൾ നമ്മുടെ നാട്ടിലെ ചില കോൺഗ്രസ് നേതാക്കളുടെ പേര് നിങ്ങളുടെ നാവിൻതുമ്പിലുണ്ടെന്ന് എനിക്കറിയാം. ഞാനാരുടെയും പേര് പറയുന്നില്ല. അടുത്തിടെ ഒരു വാർത്തവന്നു. ഇതാ എത്തിയെത്തിയെത്തി. അദ്ദേഹം ബി.ജെ.പി.യിലെത്തി. പിന്നാലെ മറ്റൊരുവാർത്ത. ഇല്ലയില്ലയില്ല, അദ്ദേഹം തത്കാലം കോൺഗ്രസിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. എത്രകാലം നിൽക്കും?'' എന്തൊരു നാണംകെട്ട പാർട്ടിയാണിതെന്ന ചോദ്യം കൂടിയായപ്പോൾ അണികൾക്ക് ആർത്തുവിളിക്കാൻ ധാരാളം. ചിറ്റൂരിെല യോഗത്തിനിടെ പുസ്തകവിൽപ്പനയുണ്ടായിരുന്നു. കൂട്ടത്തിൽ പിണറായിയുടെ പ്രസംഗങ്ങളുടെ സമാഹാരമായ 'ശബരിമലയും നവോത്ഥാനവും' കണ്ടു. പലരും അതുവാങ്ങി. പക്ഷേ, വേദിയിലെ പ്രസംഗങ്ങളിലൊന്നും ശബരിമലയുണ്ടായിരുന്നില്ല. പ്രളയം,കണക്കുണ്ട് കൈയിൽ അടുത്തയോഗങ്ങൾ ആലത്തൂരിലെത്തന്നെ ചേലക്കരയിലും വടക്കാഞ്ചേരിയിലും. രണ്ടിടത്തും കൃത്യനിഷ്ഠ പാലിക്കാൻ ദൂരം അനുവദിച്ചില്ല. വൈകുന്നേരത്തെ ആ യോഗങ്ങളിൽ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. രാവിലെ മുതൽ പറഞ്ഞുതുടങ്ങിയ കാര്യങ്ങൾതന്നെ അവിടങ്ങളിലും. പ്രളയത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ കൈ മെല്ലെ പോക്കറ്റിലേക്ക് നീങ്ങും. ഒരു കടലാസ് തുണ്ട് പുറത്തെടുക്കും. പ്രളയത്തിന് കാരണമായി പുഴകളിലെത്തിയ വെള്ളത്തിന്റെയും അന്ന് പെയ്ത മഴയുടെയും കണക്കുകൾ ആ കടലാസിലുണ്ട്. പ്രളയം മനുഷ്യനിർമിതമാണെന്ന് വാദിക്കുന്നവർക്കുള്ള മറുപടിയാണ് ദേശീയ ജലകമ്മിഷന്റെ കണക്കുകൾ കുറിച്ചുവെച്ച ആ കടലാസ്. പ്രളയത്തിന് കാരണം സർക്കാരാണെന്ന് ഇനിയും വാദിക്കുന്നവർ നാടിന് കിട്ടിയ അഭിനന്ദനത്തിൽ വിഷമമുള്ള മാനസികാവസ്ഥയും അസുഖവും ഉള്ളവരാണെന്ന് അദ്ദേഹം ആവർത്തിച്ചു. വടക്കാഞ്ചേരിയിലെത്തിയപ്പോൾ പ്രസംഗത്തിന്റെ താളം മുറുകി. വാക്കുകൾ തീക്ഷ്ണമായി ചോദ്യങ്ങൾക്ക് വീറുകൂടി. ഗോമാതായുടെ പേരിൽ മുസ്ലിങ്ങളെ കൊന്നത്, രാമക്ഷേത്രനിർമാണം തങ്ങൾക്കുമാത്രമേ കഴിയൂവെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞത്, രാഹുലിനെ പൂണൂലിടാത്ത ബ്രാഹ്മണനെന്ന് അണികൾ വിശേഷിപ്പിക്കുന്നത്; എല്ലാം നിശിതമായി ചോദ്യം ചെയ്യപ്പെട്ടു. നിങ്ങൾ ഏത് കളത്തിലാണ്? കോൺഗ്രസിനോട് ഉച്ചത്തിലൊരു ചോദ്യം. നിങ്ങൾ ബി.ജെ.പി.യുടെ കളത്തിലാണ്; അതിലും ഉച്ചത്തിൽ മറുപടിയും. കരഘോഷത്തിന്റെ പടിയിറങ്ങുമ്പോൾ പാർട്ടിച്ചിഹ്നമുള്ള തൊപ്പിയണിഞ്ഞ രണ്ടു പെൺകുട്ടികൾ അടുത്തെത്തി. അവരോട് വാത്സല്യത്തോടെ കുശലം പറഞ്ഞു. യാത്ര പിന്നെ കോഴിക്കോട്ടേക്കായി. ഇടയ്ക്ക് സ്വകാര്യസംഭാഷണത്തിൽ പൊള്ളുന്ന ചൂട് ചർച്ചയായി. മഴ ഉടൻ പെയ്യുമെന്ന പ്രതീക്ഷയിലാണ് പിണറായിയും.


from mathrubhumi.latestnews.rssfeed http://bit.ly/2VE0qxN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages