ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍ കൊടുത്തേ തീരൂ: ഇ.പി.എഫ്.ഒ.യുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍ കൊടുത്തേ തീരൂ: ഇ.പി.എഫ്.ഒ.യുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികൾക്ക് യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പി.എഫ്. പെൻഷൻ ലഭിക്കാൻ വഴിതുറന്നു. പെൻഷൻ വിഹിതം കണക്കാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ പരിധി നിശ്ചയിച്ച വിജ്ഞാപനം റദ്ദാക്കി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി ശരിവെച്ചു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ.) അപ്പീൽ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെ നടപടി. ഇതോടെ, യഥാർഥശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് നൽകി ഉയർന്ന പെൻഷന് എല്ലാവർക്കും അർഹത നേടാം. സ്വന്തമായി പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നതും (എക്സംപ്റ്റഡ് ട്രസ്റ്റ്) അല്ലാത്തതുമായി സ്ഥാപനങ്ങളെ വേർതിരിച്ചുകാണാനുമാവില്ല. എല്ലാ വിഭാഗത്തിലുംപെട്ട പി.എഫ്. അംഗങ്ങൾക്ക് ഒരേപോലെ പെൻഷന് അർഹതയുണ്ടാകും. 2014-ന് ശേഷം പി.എഫിൽ ചേർന്ന് 15,000 രൂപയ്ക്ക് മേൽ ശമ്പളം വാങ്ങുന്നവർക്കും ഇനി പെൻഷന് തടസ്സമുണ്ടാകില്ല. പെൻഷൻ അർഹതയ്ക്ക് 15,000 രൂപ ശമ്പളപരിധി നിശ്ചയിച്ച 2014 ഓഗസ്റ്റ് 22-ലെ വിജ്ഞാപനം 2018 ഒക്ടോബർ 12-നാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്ന് ചൂണ്ടിക്കാട്ടി ഇ.പി.എഫ്.ഒ. ഉയർന്ന പെൻഷൻ നിഷേധിച്ചിരുന്നു. പരിഗണനയ്ക്കെടുത്ത ആദ്യദിവസംതന്നെയാണ് സുപ്രീംകോടതി അപ്പീൽ തള്ളിയത്. ഉയർന്ന പെൻഷൻ നിഷേധിച്ചതുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ നൽകിയ ഒട്ടേറെ ഹർജികൾ സുപ്രീംകോടതി മേയ് രണ്ടിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ചത്തെ വിധിയോടെ ഈ ഹർജികൾക്ക് പ്രസക്തി കുറഞ്ഞു. ജീവനക്കാർക്ക് അനുകൂലം ജീവനക്കാർക്ക് അവരുടെ യഥാർഥ ശമ്പളത്തിന്റെ (അടിസ്ഥാനശമ്പളവും ഡി.എ.യും കൂട്ടിയ തുക) അടിസ്ഥാനത്തിൽ പെൻഷൻവിഹിതം നൽകാനായി ഇനി ഓപ്ഷൻ കൊടുക്കാം. ശമ്പളം 15,000 രൂപയ്ക്ക് മുകളിലാണെങ്കിൽ ഓപ്ഷൻ നൽകുന്നവർ അഡ്മിനിസ്ട്രേറ്റീവ് ചാർജായി 1.16 ശതമാനം കൂടി നൽകണമെന്ന വ്യവസ്ഥയും ഇല്ലാതായി. പെൻഷന് ആധാരമാക്കേണ്ടത് വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പളമായിരുന്നത് 60 മാസമാക്കിയ നടപടിയും റദ്ദായി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇ.പി.എഫ്.ഒ. പുതിയ വിജ്ഞാപനം ഇറക്കിയാൽ മാത്രമേ, പുതിയ ഓപ്ഷൻ നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ. വിധി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, പുനഃപരിശോധനാ ഹർജിയെന്ന പരിമിതമായ സാധ്യത മാത്രമാണ് ഇ.പി.എഫ്.ഒ.യ്ക്ക് മുന്നിലുള്ളത്. എന്നാൽ, സുപ്രീംകോടതിയിൽ ശക്തമായ വാദം നടത്താൻ ഇ.പി.എഫ്.ഒ. തുനിയാഞ്ഞത് ജീവനക്കാർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. തിങ്കളാഴ്ച കേസെടുത്തപ്പോൾ തന്നെ, ഇ.പി.എഫ്.ഒ.യുടെ നിലപാടിനെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചോദ്യംചെയ്തു. ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാൻ കട്ട് ഓഫ് തീയതി നിശ്ചയിച്ചത് 2016-ൽ സുപ്രീംകോടതി റദ്ദാക്കിയ തന്റെതന്നെ വിധിയും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എതിർ കക്ഷികളായ കെ.എസ്.എഫ്.ഇ. ജീവനക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കൈലാസനാഥപിള്ളയും മലപ്പുറം സഹകരണബാങ്ക് ജീവനക്കാർക്ക് വേണ്ടി അഡ്വ. നിഷെ രാജൻ ശങ്കറും ഹാജരായി. വിധി ബാധിക്കുന്നത് ഇങ്ങനെ: * 2014 സെപ്റ്റംബർ ഒന്നിന് മുമ്പ് പി.എഫ്. വരിക്കാരായവർക്ക് ഉയർന്ന പെൻഷൻ വിഹിതം അടയ്ക്കാനായി ഓപ്ഷൻ നൽകാം. ജീവനക്കാരും തൊഴിലുടമയും ചേർന്ന് ഓപ്ഷൻ നൽകണം. * 2014 സെപ്റ്റംബർ ഒന്നിനുശേഷം പിരിഞ്ഞവർക്ക്, അവസാന 12 മാസത്തെ ശമ്പള ശരാശരിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ ലഭിക്കും. 60 മാസത്തെ ശരാശരിയെന്നത് റദ്ദായി. * പി.എഫിൽനിന്ന് പണം പിൻവലിച്ച വിരമിച്ച ജീവനക്കാർക്കും വാങ്ങിയിരുന്ന ശമ്പളത്തിന് ആനുപാതികമായ പെൻഷൻ വിഹിതം പലിശസഹിതം തിരിച്ചടച്ച് ഉയർന്ന പെൻഷൻ വാങ്ങാനാകും. * പെൻഷൻ ശമ്പളപരിധി 15,000 രൂപയാക്കി ഉയർത്തിയ വിജ്ഞാപനം റദ്ദായതോടെ, ജീവനക്കാർ ഉയർന്ന വിഹിതത്തിന് ഓപ്ഷൻ നൽകിയില്ലെങ്കിൽ പഴയ പരിധിയായ 6,500 രൂപയുടെ അടിസ്ഥാനത്തിൽ പെൻഷൻ നിശ്ചയിക്കും. അതായത്, വിധിയുടെ ആനുകൂല്യത്തിനായി ജീവനക്കാർ പുതിയ ഓപ്ഷൻ നൽകേണ്ടിവരും. ഇനി വിധിനടപ്പാക്കുക മാത്രം വഴി കെ. ബാലകൃഷ്ണൻ കണ്ണൂർ: കേന്ദ്ര തൊഴിൽവകുപ്പിന്റെ സ്പെഷ്യൽ ലീവ് പെറ്റിഷൻ സുപ്രീംകോടതി തള്ളിയതോടെ, കഴിഞ്ഞ ഒക്ടോബർ 12-ലെ കേരള ഹൈക്കോടതി വിധി പി.എഫ്. പെൻഷൻ കാര്യത്തിൽ അന്തിമമായി. അതിനനുസൃതമായ വിജ്ഞാപനം ഇ.പി.എഫ്. ഓർഗനൈസേഷൻ പുറപ്പെടുവിച്ചാൽ മതി. സുപ്രിംകോടതി വിധിയായതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ തടസ്സവുമില്ല. വിജ്ഞാപനമിറക്കാൻ തൊഴിൽവകുപ്പ് നിർദേശിക്കുകയും പി.എഫ്. ഓർഗനേസൈഷൻ നടപ്പാക്കുകയും ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യക്കേസുകൾ ഉറപ്പാണ്. നേരത്തേ, സുപ്രിംകോടതി വിധിയുണ്ടായപ്പോൾ കേസ് കൊടുത്തവരുടെ കാര്യത്തിൽമാത്രം അനുകൂലനിലപാടെടുത്ത രീതിയും ഇനി ആവർത്തിക്കാനാവില്ല. കാരണം കേരള ഹൈക്കോടതി അതെല്ലാം തള്ളിയതാണ്. ശമ്പളപരിധി 15,000 രൂപ, 60 മാസത്തെ ശരാശരി വേതനമനനുസരിച്ച് പെൻഷൻ, ഉയർന്ന വേതനത്തിനുസൃതമായി ഓപ്ഷൻ നൽകുന്നതിന് കാലപരിധി, പി.എഫ്. തുക ട്രസ്റ്റുകൾ കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങൾക്ക് ആനുകൂല്യം നിഷേധിക്കൽ എന്നിങ്ങനെയുള്ള എല്ലാ നിബന്ധനകളും അസാധുവായെന്നതാണ് സുപ്രിംകോടതിയുടെ അന്തിമവിധിയുടെ സത്ത. 2014 സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിലായ ഇ.പി.എഫ്. പെൻഷൻ പദ്ധതി ഭേദഗതിപ്രകാരം 15,000 രൂപയിൽ കൂടുതൽ ശമ്പളമുള്ളവർ പെൻഷൻ പദ്ധതിയിൽനിന്ന് പുറത്തായിരുന്നു. അതിലധികം വരുമാനമുള്ളവരാണെങ്കിൽ നേരത്തേ സർവീസിലുള്ളവർമാത്രമാണ് പദ്ധതിയിൽ തുടർന്നിരുന്നത്. വിധി വന്നതോടെ ശമ്പളപരിധിയില്ലാതെ എല്ലാവരും പെൻഷൻ പദ്ധതിയിലുൾപ്പെടും. 2014-ലെ ഭേദഗതി പല കമ്പനികളും തൊഴിലാളികളുടെ ആനുകൂല്യം പരിമിതപ്പെടുത്താൻ ഉപയോഗിച്ചു. പെൻഷന് ബാധകമായ ശമ്പളമായി സർക്കാർ പരിധിനിശ്ചയിച്ച തുകയ്ക്കനുസൃതമായ തുക മാത്രം പി.എഫ്. വിഹിതത്തിന് കണക്കാക്കി. ആദ്യം 6500 രൂപയുടെയും പിന്നീട് ഭേദഗതിക്കുശേഷം 15,000 രൂപയുടെയും അടിസ്ഥാനത്തിൽമാത്രം തൊഴിലുടമ വിഹിതം അടയ്ക്കുകയായിരുന്നു. 2014 സെപ്റ്റംബർ ഒന്നിന് നടപ്പായ ഭേദഗതി നിയമവിരുദ്ധമായി വിധിച്ചതോടെ മുഴുവൻ ശമ്പളത്തിനും ആനുപാതികമായി പി.എഫ്. വിഹിതം അടയ്ക്കാൻ ഉടമകൾ ബാധ്യസ്ഥരാകുമെന്ന് ഹൈക്കോടതിയിൽ പെൻഷൻകാർക്കുവേണ്ടി ഹാജരായ അഭിഭാഷകരിലൊരാളായ അഡ്വ. പി.എൻ. മോഹനൻ പറയുന്നു. ഇപ്പോൾ പി.എഫ്. പെൻഷൻ വാങ്ങുന്നവരെക്കാൾ നിലവിൽ കമ്പനികളിൽ ജോലിചെയ്യുന്ന കോടിക്കണക്കിനാളുകൾക്കാണ് വിധിയുടെ പ്രയോജനം ലഭിക്കുക. ട്രേഡ് യൂണിയനുകൾ വലിയ ശ്രദ്ധ പതിപ്പിക്കാത്ത വിഷയമായിട്ടും വിവിധ കമ്പനികളിലെ ജീവനക്കാർ ഒറ്റയ്ക്കും കൂട്ടായും കോടതികളെ സമീപിച്ച് ക്ഷമാപൂർവം കാത്തിരുന്നാണ് നീതി നേടിയെടുത്തത്. കേരള ഹൈക്കോടതിയുടെ സിംഗിൾബെഞ്ചാണ് ആദ്യമായി പി.എഫ്. പെൻഷൻ പ്രശ്നത്തിൽ കട്ട് ഓഫ് ഡേറ്റിനും ശമ്പള പരിധിക്കുമെതിരേ വിധിപറഞ്ഞത്. പിന്നീട് ഡിവിഷൻ ബെഞ്ചിന്റെ വിധിയും തൊഴിലാളികൾക്കനുകൂലമായി ഉണ്ടായി. ഹിമാചൽപ്രദേശ് ഹൈക്കോടതി സിംഗിൾ ബെഞ്ചും പി.എഫ്. ഓർഗനൈസഷന്റെ ഉത്തരവ് റദ്ദാക്കി. അതിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് അനുവദിച്ചതാണ് പി.എഫ്. ഓർഗനൈസേഷന് അനുകൂലമായി വന്ന ഏക വിധി. ആ വിധി നിരാകരിച്ചുകൊണ്ട് 2016 ഒക്ടോബർ നാലിന് സുപ്രീംകോടതി വിധിപറഞ്ഞു. പിന്നീട് 2014-ലെ ഭേദഗതിതന്നെ അസാധുവാക്കി കേരള ഹൈക്കോടതി 2018 ഒക്ടോബർ 12-ന് വിധി പറഞ്ഞു. തെലങ്കാന ഹൈക്കോടതിയും സമാന വിധിപറഞ്ഞു. ഒരാഴ്ച മുമ്പ് മദ്രാസ് ഹൈക്കോടതിയുടെയും വിധിവന്നു- പെൻഷൻ പദ്ധതിയിലെ അംഗങ്ങൾക്കനുകൂലവും എക്സംപറ്റഡ് കമ്പിനികളിലെ ജീവനക്കാരോട് വിവേചനമരുതെന്നുമായിരുന്നു ആ വിധി. Content Highlights:supreme court rejects epfo appeal and allows high pf pension


from mathrubhumi.latestnews.rssfeed https://ift.tt/2WDC2MD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages