തിരുവനന്തപുരം: കേന്ദ്രതീരുമാനം വൈകുന്നതിനാൽ പ്രളയാനന്തര പുനർനിർമാണത്തിന് പണം കണ്ടെത്താൻ കേരള സർക്കാർ കണ്ടെത്തിയ വഴികൾ അടയുന്നു. കൂടുതൽ കടമെടുക്കാൻ സംസ്ഥാനത്തെ അനുവദിക്കില്ലെന്ന് സംസ്ഥാന ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ കേന്ദ്രം അനൗദ്യോഗികമായി അറിയിച്ചു. ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്ന് ആവശ്യപ്പെട്ട 4790 കോടി രൂപയുടെ സഹായത്തെപ്പറ്റി രണ്ടുമാസമായിട്ടും തീരുമാനമെടുത്തിട്ടില്ല. ജി.എസ്.ടി.ക്കുമേൽ സെസ് ഏർപ്പെടുത്തണമെന്ന ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്ന് ഉറപ്പില്ല. പുനർനിർമാണത്തിന് 30,000 കോടിരൂപ വേണ്ടിവരുമെന്ന് ലോകബാങ്കും ഐക്യരാഷ്ട്രസഭയും കണക്കാക്കിയിട്ടുണ്ട്. വായ്പാപരിധി കൂട്ടുന്നതിലൂടെ 10,500 കോടിരൂപയുടെ വായ്പയും ജി.എസ്.ടി. സെസിലൂടെ 1000 കോടിരൂപയും കേന്ദ്ര ദുരിതാശ്വാസസഹായമായി 4700 കോടിയും സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ഇവയെല്ലാം ചേർന്ന് ഏകദേശം 16,000 കോടിരൂപ കണ്ടെത്താൻ കേന്ദ്രപിന്തുണ കൂടിയേതീരൂ. ഇതിനുള്ള സാധ്യത അനിശ്ചിതത്വത്തിലായത് കേരളത്തിന് തിരിച്ചടിയായി. രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്രം സംസ്ഥാനത്തെ ഞെരിക്കുകയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ആരോപിച്ചു. കേന്ദ്രത്തിന്റെ പണം ഉപയോഗിച്ചുള്ള വകുപ്പുതല പദ്ധതികൾക്ക് കൂടുതൽ പണം അനുവദിക്കാൻ ചർച്ചകൾ തുടരുന്നതും ലോകബാങ്ക് വായ്പയെടുക്കാൻ തത്ത്വത്തിൽ അനുവദിച്ചതുംമാത്രമാണ് കേന്ദ്രത്തിൽനിന്നുണ്ടായ അനുകൂല നടപടികൾ. ചോദിച്ചത് 4700 കോടി; എത്തിയത് 600 മാത്രം പ്രളയ ദുരിതാശ്വാസമായി കേരളത്തിന് ഇതുവരെ 600 കോടിരൂപ മാത്രമാണ് കേന്ദ്രം നൽകിയത്. പുതുക്കിയ നിവേദനം കൊടുത്താൽ കൂടുതൽ സഹായം നൽകുമെന്ന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ വാഗ്ദാനം നൽകിയിരുന്നു. സെപ്റ്റംബറിൽ 4796 കോടിരൂപ ആവശ്യപ്പെട്ട് വീണ്ടും നിവേദനംനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്രസംഘം കേരളത്തിന് 2600 കോടി രൂപയുടെ സഹായത്തിന് ശുപാർശ ചെയ്തതായി അറിയുന്നു. എന്നാൽ, രണ്ടുമാസമായിട്ടും തീരുമാനമായിട്ടില്ല. ലോകബാങ്കിൽനിന്ന് 7200 കോടി രൂപ വായ്പ പ്രതീക്ഷിച്ചെങ്കിലും 3800 കോടിരൂപയായിരുന്നു വാഗ്ദാനം. പദ്ധതികൾ ആകർഷകമാണെങ്കിൽ കൂടുതൽ വായ്പ നൽകാൻ ലോകബാങ്ക് തയ്യാറായേക്കാം. എന്നാൽ, കടമെടുക്കാനുള്ള പരിധി കൂട്ടാതിരുന്നാൽ ഈ വായ്പ സ്വീകരിക്കാൻ തടസ്സമുണ്ടാവുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മന്ത്രിമാർ വിദേശത്തുപോയി സംഭാവന സ്വീകരിക്കുന്നത് കേന്ദ്രം വിലക്കിയതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആ വഴിക്കുള്ള വരവിലും കുറവുണ്ടായി. നേട്ടം മുഖ്യമന്ത്രിയുടെ നിധിയിൽമാത്രം വിദേശത്തുനിന്ന് സഹായം സ്വീകരിക്കുന്നത് കേന്ദ്രം വിലക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതിനകം 2700 കോടിരൂപയെത്തിയത് സർക്കാരിന് ആശ്വാസമാണ്. 1500 കോടിരൂപയാണ് ഇതിൽ പരമാവധി പ്രതീക്ഷിച്ചിരുന്നത്. ക്രൗഡ് ഫണ്ടിങ്ങിൽ വരവില്ല കെ.പി.എം.ജി.യുടെ സഹായത്തോടെ സംസ്ഥാനസർക്കാർ തയ്യാറാക്കിയ ക്രൗഡ് ഫണ്ടിങ് പോർട്ടലിൽ നാമമാത്രമായ സംഭാവനയേ ലഭിച്ചിട്ടുള്ളൂ. വിവരശേഖരണം പൂർത്തിയാകാത്തതിനാലും പോർട്ടലിന് വേണ്ടത്ര പ്രചാരം നൽകാത്തതിനാലും ഇതുവഴി വന്ന സംഭാവന തീരെ കുറവാണ്. വകുപ്പുതല ചർച്ചകൾ തുടരുന്നു ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ 50 തൊഴിൽദിനങ്ങൾകൂടി അനുവദിച്ചിട്ടുണ്ട്. നബാർഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽനിന്ന് 2500 കോടിരൂപയും റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽനിന്ന് 400 കോടിരൂപയും ഹഡ്കോയിൽനിന്ന് 1300 കോടി രൂപയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, ഈ നിർദേശങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ ചർച്ചകൾ നടക്കുന്നതേയുള്ളൂ. ഗൗരവമുള്ള സാഹചര്യം കേരളത്തിന് മികച്ച സഹായം നൽകുമെന്നാണ് കേന്ദ്രം വാഗ്ദാനംചെയ്തത്. എന്നാൽ, കേന്ദ്രസഹായം ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് അറിയുന്നു. നേരത്തേ തന്ന 600 കോടിരൂപയിൽ നിൽക്കുകയാണിപ്പോഴും. ഗൗരവമുള്ള സാഹചര്യമാണിത്. -മുഖ്യമന്ത്രി പിണറായി വിജയൻ content highlights: kerala floods, central help, central assistance to flood affected kerala
from mathrubhumi.latestnews.rssfeed https://ift.tt/2Tyuyd6
via
IFTTT
No comments:
Post a Comment