ഗുവാഹാട്ടി: ഇന്ത്യൻ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വടക്കുകിഴക്കൻ പരീക്ഷണം. ഇടവേളയ്ക്കുശേഷം കേരള ടീം വെള്ളിയാഴ്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി 7.30-ന് ഗുവാഹാട്ടിയിലാണ് മത്സരം. പോയന്റ് ബ്ലാങ്ക് തുടരെ രണ്ടു മത്സരം തോറ്റതോടെ പോയന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് താഴോട്ടിറങ്ങി. ഏഴു കളിയിൽ ഒരു ജയവും നാലു സമനിലയും രണ്ടു തോൽവിയുമായി ഏഴു പോയന്റുള്ള ടീം ഏഴാം സ്ഥാനത്താണ്. അവസാനമത്സരങ്ങളിൽ എഫ്.സി. ഗോവ, ബെംഗളൂരു എഫ്.സി. എന്നിവർക്കെതിരേയാണ് ടീം തോറ്റത്. നോർത്ത് ഈസ്റ്റ് 11 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ മുംബൈ എഫ്.സി.യോട് മാത്രമാണ് അവർ തോറ്റത്. പോയന്റ് പട്ടികയിലെ സമ്മർദം ബ്ലാസ്റ്റേഴ്സിനാണെന്ന് സാരം. ബ്ലാസ്റ്റേഴ്സ് തന്ത്രങ്ങൾ കൃത്യമായ ആദ്യ ഇലവനില്ലാത്തതാണ് ബ്ലാസ്റ്റേഴ്സിനെ കുഴക്കുന്നത്. ഗോവ, ബെംഗളൂരു ടീമുകൾക്കെതിരേ പ്രതിരോധത്തിലും പ്രശ്നങ്ങൾ കണ്ടു. ഫൈനൽ തേർഡിൽ ക്ലിനിക്കൽ ഫിനിഷറുടെ കുറവ് ടീമിനുണ്ട്. പാസിങ് ഗെയിം കളിക്കുന്ന മധ്യനിരയേക്കാൾ ലോങ് ബോൾ ഗെയിമിനനുസരിച്ചുള്ള ടീമിനെയാകും ഇറക്കുന്നത്. 4-1-4-1 ശൈലി തുടരാനാണ് സാധ്യത. മികച്ച റിസർവ് സ്ട്രൈക്കർമാരില്ലാത്തതിനാൽ ടീമിലെ രണ്ടു വിദേശ സ്ട്രൈക്കർമാരെയും ആശ്രയിക്കാൻ പരിശീലകൻ ഡേവിഡ് ജെയിംസ് തയ്യാറായേക്കും. മധ്യനിരയിൽ സഹൽ അബ്ദുസമദ് ആദ്യ ഇലവനിൽ തിരിച്ചെത്തും. വിങ്ങുകളിലേക്ക് ഹോളിച്ചരൺ നർസാറി, സെമിലെൻ ദംഗൽ, സി.കെ. വിനീത്, കെ. പ്രശാന്ത് എന്നിവരിൽനിന്നായിരിക്കും തിരഞ്ഞെടുപ്പ്. ഡിഫൻസീവ് മിഡ്ഫിൽഡിൽ നിക്കോള ക്രമറെവിച്ചാകും. പ്രതിരോധത്തിൽ ഒരു വിദേശതാരത്തെ കളിപ്പിക്കും. പെസിച്ച് തിരിച്ചെത്താനാണ് സാധ്യത. ഒഗ്ബെച്ചെ എന്ന ശക്തി നോർത്ത് ഈസ്റ്റിന്റെ കുതിപ്പിനുപിന്നിൽ നൈജീരിയൻ സ്ട്രൈക്കർ ബർത്തലോമ്യു ഒഗ്ബെച്ചെയാണ്. ആറു കളിയിൽനിന്ന് ആറു ഗോൾ താരം നേടിക്കഴിഞ്ഞു. 4-4-2 ശൈലി പിന്തുടരുന്ന ടീം മുന്നേറ്റത്തിൽ യുറഗ്വായ് താരം യുവാൻ ക്രുസ് മാസിക്കയെയും ഇറക്കും. മധ്യനിരയിൽ മറ്റൊരു യുറഗ്വായ് താരം ഫെഡറിക്കോ ഗല്ലാഗോയും ഇന്ത്യൻ റൗളിൻ ബോർഗസുമാണ് പ്രധാനികൾ. സസ്പെൻഷൻ കഴിഞ്ഞ മലയാളി ഗോൾ കീപ്പർ ടി.പി. രഹ്നേഷ് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും. Content Highlights: Kerala Blasters vs NorthEast United ISL 2018 Preview
from mathrubhumi.latestnews.rssfeed https://ift.tt/2Af1mPH
via
IFTTT
No comments:
Post a Comment