ബോവിക്കാനം: മകന് ചായയുമായി തീവണ്ടിയിൽ കയറുന്നതിനിടെ പിതാവ് വീണുമരിച്ചു. മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ അംഗവും കരാറുകാരനുമായ മുണ്ടക്കൈയിലെ നെടുവോട്ട് മഹമൂദാ(63)ണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ഓടെ മംഗളൂരു റെയിൽവേ സ്റ്റേഷനിലാണ് അപകടം. എൻഡോസൾഫാൻ ദുരിതബാധിതനും ഭിന്നശേഷിക്കാരനുമായ മകൻ ഹാരിസിനെ ആസ്പത്രിയിൽ കാണിച്ച് കാസർകോട്ടേക്ക് മടങ്ങുകയായിരുന്നു. അപകടവിവരമറിയാതെ യാത്രതുടർന്ന ഹാരിസ് തീവണ്ടിയിൽ കാസർകോട്ടിറങ്ങി. പിതാവിനെ കാണാത്തതിനാൽ 13 കിലോമീറ്റർ നടന്ന് ഞായറാഴ്ച പുലർച്ചെ മൂന്നോടെ വീട്ടിലെത്തി. ശനിയാഴ്ച വൈകുന്നേരമാണ് ഇരുവരും മംഗളൂരുവിലെത്തിയത്. ഡോക്ടറെ കണ്ടശേഷം തിരികെ നാട്ടിലേക്ക് വരാൻ തീവണ്ടിയിൽ കയറി. മകനെ തീവണ്ടിയിലിരുത്തിയ മഹമൂദ് ചായ വാങ്ങാനിറങ്ങി. ഇരുകൈകളിലും ചായയുമായി വരുന്നതിനിടെ തീവണ്ടി നീങ്ങി. വണ്ടിയിൽ ചാടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീഴുകയും ഇരുകാലുകളും അറ്റുപോകുകയുമായിരുന്നു. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു വർഷമായി അർബുദബാധിതനായ മഹമൂദിന് സംസാരശേഷി കുറവായിരുന്നു. ഷർട്ടിന്റെ കീശയിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിലെ ഫോൺ നമ്പറിൽനിന്ന് ആസ്പത്രി അധികൃതർ രാത്രി 12-ഒാടെ വീട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു. ആസ്പത്രിയിലെത്തിയ വീട്ടുകാർ ഹാരിസിനെ തിരക്കുന്നതിനിടെ പുലർച്ചെ വീട്ടിലെത്തിയെന്ന് വിവരം കിട്ടി. മഹമൂദിന്റെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുണ്ടക്കൈ ജുമാമസ്ജിദ് കബർ സ്ഥാനിൽ കബറടക്കി. ഭാര്യ: ഉമ്മാലി. മറ്റു മക്കൾ: ഷെരീഫ്, സഫാന, നസ്റീന, സഹല. മരുമക്കൾ: യൂസുഫ് തളങ്കര, നൗഫല. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, അബ്ദുൽ ഖാദർ, അബ്ദുൽ റഹിമാൻ, ഷാഫി, ഇബ്രാഹിം, ആയിഷ, പരേതരായ ആസിയുമ്മ, ഖദീജ. content highlights:Bovikkanam,mahamood, railway, train,kasargod
from mathrubhumi.latestnews.rssfeed https://ift.tt/2Cir1cn
via
IFTTT
No comments:
Post a Comment